Monday, August 31, 2009

ഓണക്കാലം

എന്റെ ഗ്രാന്‍ഡ് കിഡ് ചിഞ്ചു [കീര്‍ത്തന] ഓണത്തിന് വേണ്ടി എഴുതിയ പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഓണത്തിന് ഞാനും അനിയത്തിയും കൂടി ഒരു പൂക്കളമിട്ടു. ഒരു അസൂയക്കാരി കുട്ടി അത കണ്ടു. അത് എല്ലാം ആ അസൂയക്കാരിക്കുട്ടി ചവിട്ടി ചീത്തയാക്കി. ഞങ്ങള്‍ തിരിച്ചു വന്നു നോക്കുമ്പോള്‍ പൂക്കളെല്ലാം നാശമാക്കിയിരിക്കുന്നു . ഞങ്ങള്‍ ആ കുട്ടിയുടെ വീട് കണ്ടുപിടിച്ച്‌ ആ കുട്ടിയെ നല്ല ശീലങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് ഞങ്ങള്‍ മൂവരും സന്തോഷമായി പൂക്കളമിട്ടു.
++
ഗുണപാഠം:
നല്ല ശീലങ്ങള്‍ നല്ലതെ വരുത്തൂ

Sunday, August 16, 2009

എന്റെ ബാല്യകാല സ്മരണകള്‍ - പാര്‍ട്ട് 2

ഒന്നാം ഭാഗം ഇവിടെ നോക്കാം >>>

http://jp-athumithumkarumuru.blogspot.com/2009/08/blog-post_15.html


ടോയലറ്റ് സൌകര്യം എല്ലാം കുറവായിരുന്നു അച്ചന്റെ വില്ലയില്‍. അതിനാല്‍ ഞാന്‍ വളര്‍ന്ന്അപ്പോള്‍ കുളിക്കാനും മറ്റും ഹോട്ടലിന്റെ മുകളിലെ നിലയിലേക്ക് പോകുമായിരുന്നു. ചിലപ്പോള്‍ ഫസൂല്‍ മാമന്റെ കൂടെ പുറത്ത് ഒരിടത്ത് കുളിക്കാന്‍ പോകും. ഹോട്ടലിന്റെ പിന്നില്‍ കൂടി ഒരു വഴിയില്‍ പോയാല്‍ ആളുകള്‍ക്ക് കുളിക്കാനുള്ള ഒരിടം ഉണ്ട്. അവിടെ ഒരു പാറയില്‍ കുഴിതാളി പോലെയുള്ള കുറേ കുഴികളുണ്ട്. അവിടെ എവിടേനിന്നോ വെള്ളം എത്തിക്കൊണ്ടിരിക്കും. അതില്‍ നിന്ന് വെള്ളം കൈപാട്ട കൊണ്ട് ഒഴിച്ച് കുളിക്കാം.
ചേച്ചിയും അച്ചനും താഴെ തന്നെ കുളിക്കും.

ഫസൂല്‍ മാമന്‍ ഹോട്ടലിലെ കണക്കുപിള്ളയായിരുന്നു. താമസം ഞങ്ങള്‍ താമസിക്കുന്ന വില്ലയുടെ അടുത്ത് തന്നെ. ഞാന്‍ മാമന്‍ പണിയില്ലാത്ത സമയത്ത് ചിലപ്പോള്‍ മാമന്റെ താമസ സ്ഥലത്ത് പോകാറുണ്ടായിരുന്നു. എന്നെ മാമന്‍ വലിയ ഇഷ്ടം ആയിരുന്നു. അച്ചനെ അവര്‍ ദ്വര എന്നാ വിളിക്കാറ്. ദ്വരയുടെ മകനെയും എല്ലാ ഹോട്ടല്‍ ജീവനക്കാര്‍ക്കും പ്രിയമായിരുന്നു.

ഫസൂല്‍ മാമന്‍ കറുത്ത നിറത്തിലുള്ള ഒരു സുമുഖന്‍ ആയിരുന്നു. മാമന്‍ വീട്ടില്‍ പാ‍വാട പൊലെയുള്ള ഒരു കള്ളിമുണ്ടായിരുന്നു ഉടുത്ത് കൊണ്ടിരുന്നത്. മൌലാന കമ്പനിക്കാരുടെ 80x80 എന്ന അളവിലുള്ളത്. അതിന്‍ അവര്‍ ചാരം എന്നാ പറഞ്ഞിരുന്നു. അച്ചനും വീട്ടില്‍ അത്തരം ചാരം ഉടുത്തിരുന്നു. അച്ചന്‍ ഉയരവും വണ്ണവും കൂടിയ ആളായ കാരണം 100x100 സൈസ് വേണ്ടിയിരുന്നു. അച്ചന്‍ ചിലപ്പോള്‍ പുള്ളികളുള്ള കൈലി മുണ്ട് ഉടുക്കാറുണ്ടായിരുന്നു.

ഞാന്‍ ഫസൂല്‍ മാമനോട് പറഞ്ഞു എനിക്കും ഒരു ചാരം വേണമെന്ന്. അപ്പോള്‍ മദിരാശിയില്‍ നിന്ന് എന്റെ സൈസില്‍ ഒന്ന് കൊണ്ട് വന്ന് തന്നിരുന്നു. ഞാന്‍ പലപ്പോഴും ഫസൂല്‍ മാമന്‍ ഡ്യൂട്ടിയിലുള്ള സമയത്ത് ഹോട്ടലില്‍ പോകാറുണ്ട്. ഹോട്ടലിന്‍ 2 നിലകളുണ്ടായിരുന്നു. മുകള്‍ നില ലക്ഷ്വറി ആയിരുന്നു. താഴെയുള്ള എല്ലാ സാധനങ്ങളും മുകളിലും ലഭിക്കുമെങ്കിലും മുകളില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. എല്ലാ തരം ഇറച്ചിയും മീനും വിഭവങ്ങള്‍ അവിടെ ലഭിക്കുമായിരുന്നു.

അച്ചനെ എല്ലാ ജീവനക്കാര്‍ക്കും പേടിയും ബഹുമാനവും ആയിരുന്നു. അച്ചന്റെ വില്ലയില്‍ നിന്ന് ഒരു സിമന്റ് പടി കയറി വേണം താഴത്തെ നിലയിലെത്താന്‍, അവിടെ നിന്ന് വലിയ മരത്തിന്റെ കോണി കയറി മുകള്‍ നിലയിലെത്തണം. അച്ചന്‍ ഹോട്ടലിന്റെ അടുക്കളയിലെത്തിയാല്‍ ഒരു പ്ലേറ്റ് മറ്റേ പ്ലേറ്റിന്മേല്‍ മുട്ടുന്ന ശബ്ദം പോലും കേള്‍ക്കില്ല. അത്ര നിശ്ശബ്ദം ആയിരിക്കും. താഴത്തെ നിലയില്‍ നിന്ന് മുകളിലെ നിലയിലേക്ക് അച്ചന്‍ കയറുമ്പോള്‍ ഉണ്ടാകുന്ന ബൂട്ടിന്റെ ശബ്ദം കേട്ടാല്‍ ജോലിക്കാര്‍ പറയും ദ്വര വര്‍ന്നുണ്ട് എന്ന്. പിന്നെ പിന്‍ ഡ്രോപ്പ് സൈലന്‍സ് ആയിരിക്കും.

എനിക്ക് കാലത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ വലിയ മടിയായിരുന്നു. പ്രത്യേകിച്ച് വെള്ളേപ്പം. കൂട്ടാനായിട്ട് ഉരുളക്കിഴങ്ങ് സ്റ്റൂ, പിന്നെ ചെറിയ ചുവന്നുള്ളി ചതച്ച് ഒരു ചമ്മന്തി പൊലെയുള്ള ഒന്നും ഉണ്ടാകും. ഞാന്‍ വെള്ളേപ്പത്തിന്റെ ചുറ്റുമുള്ള കരിഞ്ഞ ഭാഗം മാത്രം തിന്നും. പിന്നെ ഉള്ളിച്ചമ്മന്തിയും. ബാക്കിയുള്ളത് പരിചാരകര്‍ കാണാതെ പുറത്തേക്കെറിയും. ഒരു ദിവസം അച്ചന്‍ അത് കണ്ട് പിടിച്ചു. അതിന്‍ ആദ്യം അടി കൊണ്ടത് വെയിറ്റര്‍ക്കായിരുന്നു. എന്റെ തീറ്റ കഴിയുന്നത് വരെ വെയിറ്റര്‍മാര്‍ അവിടെ തന്നെ നില്‍ക്കണമെന്നാണ്‍ നിയമം. അതവര്‍ ലംഘിച്ചതിനായിരുന്നു അവര്‍ക്ക് അടി കിട്ടിയത്.

അന്ന് എനിക്ക് ഒരു പാട് തല്ലി കിട്ടി. ഭഷണം കഴിക്കാതെ നശിപ്പിച്ചതിന്‍. എന്നെ അന്ന് മുഴുവന്‍ പട്ടിണിക്കിട്ടു. ജീവിതത്തില്‍ അത് എനിക്കൊരു പാഠമായി. പിന്നീട് ഞാന്‍ ഒരിക്കലും ഭക്ഷണം നശിപ്പിക്കാറില്ല. പിന്നെ കാലത്ത വലിയ ഒരു ഗ്ലാസ്സ് നിറയെ ഹോര്‍ലിക്ക്സ് പാലില്‍ കലക്കിയത് കുടിപ്പിക്കും എന്നെക്കൊണ്ട്. എനിക്കാണെങ്കില്‍ അതിന്റെ മണം കേട്ടാല്‍ ഛര്‍ക്കാന്‍ വരും. ഞാന്‍ രണ്ട് വലി വലിച്ച് അത് നായക്ക് ഒഴിച്ച് കൊടുക്കും. അതും അച്ചന്‍ കണ്ട് പിടിച്ചു. പിന്നീട് നായയെ അടിക്കുന്ന ചൂരല്‍ എടുത്തിരിക്കും എന്റെ അടുത്ത് ഞാന്‍ അത് മുഴുവന്‍ കുടിക്കുന്ന വരെ.

[തുടരും]


Saturday, August 15, 2009

എന്റെ ബാല്യകാല സ്മരണകള്‍

എന്റെ കുട്ടിക്കാലം എന്ന് ഓര്‍മ്മ വരുമ്പോള്‍ എപ്പോഴും എന്റെ സ്മരണകള്‍ ഓടിയെത്തുന്നത്, ഞാന്‍ ജനിച്ച് വീണ മലബാറിലെ ഞമനെങ്ങാട് ദേശമാണ്. 1948 ഫെബ്രുവരി 2 ന് ഞാന്‍ വെട്ടിയാട്ടില്‍ കൃഷ്ണന്റെ പ്രഥമ സന്താനമായി പിറന്ന് വീണു.

അച്ചനും അമ്മയും സ്നേഹിച്ച് കല്യാണം കഴിച്ചതിനാലാ
ണ്‍ എന്റെ ജനനം പിതൃഭവനത്തിലായത്. ഞങ്ങളുടെ തറവാട് കളിമണ്ണ് കോണ്ടുള്ള ചുമരുകളും, മരം കൊണ്ടുള്ള കിടപ്പുമുറി, അറ്, ഇടനാഴിക, മച്ച് തുടങ്ങിയ മുറികളും പിന്നെ ഓല മേഞ്ഞതുമായ കൂറ്റന്‍ രണ്ട് നില വീടായിരുന്നു.

തട്ടിന്റെ മുകളില്‍ ഒരു ഹോളും, ഒരു കിടപ്പുമുറിയും പി
ന്നെ കിടപ്പ് മുറിയുടെ മുകളില് മൂന്നാം നിലയില്‍ വേറെ ഒരു മുറിയും ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ ഞാന്‍ തട്ടിന്‍ പുറത്ത് ചേച്ചിയുടെ കൂടെയാണ്‍ കിടന്നിരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നത് വരെ പായയില്‍ പാത്തിയിരുന്നു. എന്ന് എന്റെ വളരെ അടുത്തറിയുന്ന കൂട്ടുകാര്‍ പായേപാത്തി എന്ന് വിളിക്കുമായിരുന്നു.

എനിക്ക് പാത്താനായിട്ട് തട്ടിന്‍ പുറത്തെ കിടപ്പുമുറിയുടെ പുറത്തുള്ള
ഹോളില്‍ ഒരു ഓവ് നിര്‍മ്മിച്ചു. എന്നെ ചേച്ചി ഉറങ്ങുന്നതിന്‍ മുന്‍പ് അതില്‍ കൊണ്ട് ഇരുത്തി പാത്തിപ്പിക്കും. കിടപ്പുമുറിയില്‍ വടക്കോട്ട് ഒരു ജനല്‍ ഉണ്ടായിരുന്നു. അതില്‍ കൂടി നോക്കിയാല്‍ ഞങ്ങളുടെ അടുക്കളയുടെ മുകള്‍ ഭാഗവും, അതിന്‍ പിന്നിലെ മുളംകൂടും പിന്നെ അപ്പുറത്തുള്ള വീടുകളും, പിന്നെ വട്ടമ്പാടത്തെ ഉസ്മാന്‍ മാപ്പിളയുടെ പീടികയും, പാറേട്ടന്റെ ചായപ്പിടികയും, ശേഖരേട്ടന്റെ തുന്നല്‍ കടയും കാണാം.

ചേച്ചിക്കും അച്ചനും കിടക്കാന്‍ നല്ല മെത്ത കിടക്ക ഉണ്ടായിരുന്നു. അതില്‍ എപ്പോഴും വെള്ള ബെഡ് ഷീറ്റായിരുന്നു വിരി
ക്കാറ്. വെള്ള അച്ചന്‍ വലിയ നിര്‍ബന്ധം ആയിരുന്നു. അഴുക്കായാല്‍ പെട്ടെന്ന് അറിയാനായിരുന്നത്രെ ഈ വെള്ള ഷീറ്റ്. ആ കിടക്കയില്‍ കിടക്കാന്‍ എന്തൊരു സുഖമായിരുന്നെന്നോ. ഞാന്‍ കിടന്നതും ഉറങ്ങും. കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ കട്ടിലിന്റെ ചോട്ടിലുള്ള പായയില്‍ കിടക്കുന്നത് കാണും.

കിടക്ക നനക്കുന്നതിനാല്‍ എന്നെ ഞാന്‍ ഉറക്കം പിടിച്ചാല്‍ ചേച്ചി താഴെ ഇറക്കി കിടത്തും. എന്റെ അച്ചന്‍ സിലോണില്‍ ഒരു ഹോ
ട്ടല്‍ തൊഴിലാളിയായിരുന്നു. കൊല്ലത്തില്‍ രണ്ട് തവണ വരും. കൊല്ലപ്പരിക്ഷ കഴിഞ്ഞാലും വരും, എന്നെയും ചേച്ചിയേയും കൊളമ്പിലേക്ക് കൂട്ടിക്കൊണ്ടോകും. പിന്നെ ചിലപ്പോള്‍ അച്ചന്‍ ഞങ്ങളെ രത്നമലാന വരെ തീവണ്ടിയില്‍ കൊണ്ട് വിടും. ഞാനും ചേച്ചിയും അവിടെ നിന്ന് രാമേശ്വരത്തേക്ക് കപ്പലില്‍ പോകും. അവിടെ നിന്ന് മണ്ഡപം കേമ്പില്‍ ഇമിഗ്രേഷന്‍ ഫോര്‍മാലിറ്റീസെല്ലാം കഴിഞ്ഞ് തീവണ്ടീല്‍ തൃശ്ശൂര്‍ക്കെത്തും.

അച്ചന്‍ സിലോണില്‍ വലിയ ഉദ്യോഗസ്ഥനായ കാരണം രാമേശ്വരത്ത് ഞങ്ങളെ വരവേല്‍ക്കാനായി അച്ചന്റെ കൂട്ടുകാരനായ പിള്ള മാമനും പരിവാരങ്ങളും ഉണ്ടായിരിക്കും. രാമേശ്വരത്ത് പോകുന്ന സമയത്തോ വരുന്ന സ
മയത്തോ ഞങ്ങള്‍ ഒന്നോ രണ്ടോ ദിവസം താമസിക്കും. അവിടെ ക്ഷേത്രത്തില്‍ പോകും, കടല്‍ കരയിലിരിക്കും. അന്ന് കപ്പലിറങ്ങുന്ന കരയില്‍ മുഴുവന്‍ വെള്ള മണലും, എവിടെ നോക്കിയാലും മുരിങ്ങ മരങ്ങളും ആയിരുന്നു.

പിള്ള മാമനും കുടുംബവും ആണ്‍ രാമേശ്വരത്തെ ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്കവിടെയുള്ള കാര്യങ്ങള്‍ ഒന്നും അറിയേണ്ട. പിള്ള മാമന്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. പേരൊന്നും ഓര്‍മയില്ല. പിള്ള മാമന്‍ കസ്റ്റംസിലായിരുന്നുവെന്ന് തോന്നുന്നു ജോലി. എന്റെ അച്ചന്‍ സിലോണിലെ കൊളംബോ നഗരത്തിലെ ഹോട്ടല്‍ ശൃംഗലയായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മേനേജരായിരുന്നു.

എന്റെ അച്ചനെന്ന വി. സി. കൃഷ്ണനെ അറിയാത്തവരാരും സിലോണിലുണ്ടായിരുന്നില്ല ആ കാലത്ത്. ഭാരതത്തില്‍ നിന്ന് ഏത് പ്രധാന വ്യക്ത്കള്‍ കൊളമ്പോ നഗരത്തില്‍ വന്നാലും എന്റെ അച്ചനറിയാമായിരുന്നു. അവരെ പോയി കാണുമായിരുന്നു. പിന്നെ മിക്കവര്‍ക്ക് അച്ചന്റെ ഹോട്ടലില്‍ വിഭവ സമൃദ്ധമായ വിരുന്നും നല്‍കിയിരുന്നു. പണ്ടൊരിക്കല്‍ താരാസിങ്ങ് എന്ന ഗുസ്തിക്കാരന്‍ കൊളംബോയില്‍ വന്നപ്പോ അച്ചന്‍ അദ്ദേഹത്തിന്‍ വിരുന്ന് നല്‍കിയത് എനിക്ക് ചെറിയ ഒരു ഓര്‍മ്മ വരുന്നുണ്ട്.

എന്നെ നാട്ടില്‍ സ്കൂളില്‍ ചേര്‍ക്കുന്നതിന്‍ മുന്‍പ് പലപ്പോഴും എന്റെ ബാല്യം സിലോണില്‍ തന്നെയായിരുന്നു. വളരെ മങ്ങിയ എന്റെ ചില ഓര്‍മ്മകല്‍ ഞാനിവിടെ കുത്തിക്കുറിക്കാം. അച്ചന്റെ പ്രധാന ഹോട്ടാല്‍ കോളംബോയിലെ മറദാന റെയില്‍ വേ സ്റ്റേഷന്‍ മുന്നിലായിരുന്നു. ഞങ്ങളുടെ താമസം മൌണ്ട് പ്ലസ
ന്റില്‍ ആയിരുന്നു. അവിടെ ഞാന്‍ ചെറിയ കുട്ടിയായതിനാല്‍ അച്ചന്റെ കൂട്ടുകാരന്റെ കൂടെയായിരുന്നു താമസം. അവിടെ ഒരു അങ്കിളും പിന്നെ കുറച്ച ആന്റിമാരും ഉണ്ടായിരുന്നു. എനിക്ക് നാല്‍ വയസ്സ് കാണുമപ്പോള്‍. ആ വീട്ടില്‍ ഞാന്‍ മാത്രമായിരുന്നു ഒരു കുട്ടി. അതിനാല്‍ എന്നെ വളരെ ലാളിച്ചായിരുന്നു എല്ലാവരും നോക്കിയിരുന്നത്.

അങ്കിള്‍ കാലത്ത ഓഫീസിലേക്കും അച്ചന്‍ ഹോട്ടലിലെക്കും പോകും. എനിക്ക് കളിക്കാന്‍ അച്ചന്‍ ഇംഗ്ലണ്ടില്‍ നിന്ന് മൂന്ന് ചക്രങ്ങളുള്ള സൈക്കിളും കളിപ്പാട്ടങ്ങളും കൊണ്ട് തന്നിരുന്നു. അങ്കിളിന്റെ ഓഫീസ് ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ അഞ്ചോ ആറോ വീടുകള്‍ കഴിഞ്ഞാ
യിരുന്നു. അങ്കിളിന്‍ കാലത്ത് പത്ത് മണിക്ക് ഓറഞ്ച് ജ്യൂസ് കൊണ്ട് പോയി കൊടുക്കും. ചിലപ്പോള്‍ ഞാന്‍ വാശി പിടിക്കും എന്റെ സൈക്കിളിന്റെ പുറകില്‍ അത് കെട്ടി വെച്ച് കൊണ്ടോണം എന്ന് പറഞ്ഞ്. ആന്റിമാര്‍ക്ക് അതെല്ലാം അനുസരിക്കേണ്ടി വരും. കാരണം ഞാന്‍ ആ വീട്ടിലെയും കൂടാതെ മൌണ്ട് പ്ലസന്റ് കോളനിയിലേയും ഒരു ഹീറോ ആയിരുന്നു.

അക്കാലത്ത എന്റെ
ഓര്‍മ്മയില്‍ അച്ചന്‍ ഒരു പ്ലിമത്ത് കാറുണ്ടായിരുന്നു. അതിന്‍ മ്യൂസിക്ക് ഹോണുണ്ടായിരുന്നു. അച്ചന്‍ ഞങ്ങളെ സവാരിക്ക് കൊണ്ട് പോകുമ്പോള്‍ ഞാന്‍ ആ ഹോണ്‍ ഇടക്ക് അടിക്കുമായിരുന്നു. പക്ഷെ എനിക്ക് ആ കാറിനേക്കാളും ഇഷ്ടം അച്ചന്റെ ഓസ്റ്റിന്‍ കാറായിരുന്നു. അതിന്റെ ഉള്ളില്‍ അച്ചന്റെ “റെക്സ്’ എന്ന ആത്സേഷ്യന്‍ നായയെ നിര്‍ത്താനുള്ള ഇടം ഉണ്ടായിരുന്നു. മുന്നില്‍ അച്ചനെ കൂടാതെ എനിക്കും ചേച്ചിക്കും ഇരിക്കാനുള്ള നല്ല സീറ്റും ഉണ്ട്.

അച്ചന്‍ ഞങ്ങളെ ബുദ്ധക്ഷേത്രങ്ങളില്‍ കൊണ്ട് പോകുമായിരുന്നു. അച്ചന്‍ ചില ദിവസങ്ങളില്‍ കൊളംബോയിലെ ഒരു വലിയ കൃസ്ത്യന്‍ പള്ളിയില്‍ കൊണ്ട് പോകുമായിരുന്നു. പള്ളിയില്‍ പോകുന്ന സമയം എനിക്ക് പള്ളിയിലെ കവാടത്തിലുണ്ടായിരുന്ന ചെറിയ ഷോപ്പില്‍ നിന്ന് കരകൌശല വസ്തുക്കള്‍ വാങ്ങാനായിരുന്നു. എനിക്ക് ചെറുപ്പത്തില്‍ വളരെ അധികം കളിപ്പാട്ടങ്ങളുണ്ടായിരുന്നു. മരം കൊണ്ടുള്ള ചായമടിച്ച അടുക്കള സാധനങ്ങളുടെ മാതൃകയിലുള്ള സാധനങ്ങള്‍ ഒരു വട്ടിയില്‍ കിട്ടും. പിന്നെ മരം കൊണ്ടുള്ള പല നിറത്തി
ലെ ബൊമ്മകളും. അത്തരം കളിപ്പാട്ടങ്ങളോടായിരുന്നു എനിക്ക് കൂടുതലും ഇഷ്ടം.
രാമേശ്വരത്ത് നിന്നും, മദിരാശിയിലെ മൂര്‍മാര്‍ക്കറ്റില്‍ നിന്നും അത്തരം കളിപ്പാട്ടങ്ങള്‍ എനിക്ക് അച്ചന്‍ വാങ്ങിത്തരുമായിരുന്നു.

ഞാന്‍ കുറച്ച വലുതായപ്പോള്‍ അച്ചന്‍ ഞങ്ങളെ കൊളംബോയിലുള്ള ബുഹാരി ഹോട്ടലിന്റെ പുറക് വശത്തുള്ള വില്ലയിലേക്ക് താമസം മാറ്റി. അപ്പോളെക്കും എന്റെ അനുജന്‍ ശ്രീരാമന്‍ ജനിച്ചിരുന്നു. അത് അച്ചന് മാത്രം താമസിക്കാനുള്ള തരത്തിലുള്ളതായിരുന്നു. ഒരു മുറിയും ടോയ് ലറ്റും, വരാന്തയും ലോണുമടങ്ങുന്നതായിരുന്നു. ഉമ്മറം തൊട്ട് ലോണിന്റെ ഒരു സൈഡ് വരെ മുല്ലപ്പൂ പന്തലുണ്ടായിരുന്നു. ഞാന്‍ കാലത്ത് മുല്ലപ്പൂ പറിക്കും.

അതിന്‍ മുന്‍പ് അച്ചന്‍ വാനില്‍ റെക്സ് എന്ന നായയെയും കൊണ്ട് ഗോള്‍ ഫെയ്സില്‍ ജോഗ്ഗിന്‍ പോകും. മനോഹരമായ ബീച്ചുകളുണ്ടായിരുന്നു അവിടെ. വലിയ ഗ്രീന്‍ ലോണുകളുള്ള ഗോള്‍ ഫെയിസ് ഹോട്ടലിന്റെ അടുത്തുള്ള ബീച്ചിലായിരുന്നു അച്ചന്‍ ജോഗ് ചെയ്തിരുന്നത്. ചിലപ്പോള്‍ എന്നെയും കൊണ്ട് പോകും. അവിടെ എത്തിയാല്‍ നായയുടെ ചങ്ങല അഴിച്ചിടും. എന്നിട്ട് നായയും അച്ചന്റെ കൂടെ ഓടിക്കൊണ്ടിരിക്കും. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഹോട്ടലില്‍ തിരിച്ചെത്തും.

നായയുടെ മേലിലുള്ള ചെള്ളിനെ അരിച്ച് പെറുക്കി ചെറിയ ഒരു ഉപകരണം കൊണ്ട് എടുത്ത് ഒരു ലോഷനില്‍ ഇടും. പിന്നീട് അതിനെ കുളിപ്പിച്ച് ബ്രഷ് ചെയ്ത് പാലും മുട്ടയും ബ്രെഡും കൊടുക്കും. എന്നി
ട്ടേ അച്ചന്‍ കുളിക്കൂ.

എന്റെ അച്ചന്‍ സുന്ദരനായിരുന്നു. കുളിച്ച് ഡ്രസ്സ് ചെയ്ത് ടൈ കെട്ടി പോകുന്നത് കണ്ടാല്‍ ആരും ഒന്ന് നോക്കും. ഈവനിങ്ങിലും പാര്‍ട്ടിക്ക് പോകുമ്പോഴും സൂട്ട് ധരിക്കും. വസ്ത്രങ്ങളെല്ലാം ഇംഗ്ലണ്ടില്‍ നിന്നായിരിക്കും വാങ്ങുക. അന്ന് അച്ചന്‍ നൂറ് സൂട്ടെങ്കിലും ഉണ്ടായിരുന്നു. അച്ചന്റെ കര്‍ച്ചീഫ് മുതല്‍ എല്ലാ വസ്തങ്ങളിലും vck എന്ന് മുദ്രണം ചെയ്തിരിക്കും. വളരെ പേര്‍സണലൈസ്ഡ് പ്രോഡക്റ്റ്സ് ആയിരിക്കും. ബെല്‍ട്ടിന്റെ ബക്കിശ്സിലും, കണ്ണടയുടെ ഫ്രയിമിലും ഒക്കെ കാണാം ഈ അടയാളം
.

[തുടരും]

Tuesday, August 11, 2009

ഇതാ വരുന്നൂ എന്റെ ചപ്പാത്തി മെയ്ക്കര്‍ !!!

അങ്ങിനെ കാലം ശ്ശി ആയി ഒരു ചപ്പാത്തി മെയ്ക്കറെ അന്വേഷിച്ചിറങ്ങിയിട്ട്. ഇപ്പോളിതാ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ, ഒരു ദൈവനിയോഗം പോലെ ഒരു ചപ്പാത്തി മെയ്ക്കര്‍ എന്നെത്തേടിയെത്തുന്നു ഈ മാസം ഇരുപത്തിയൊന്‍പതിന്.

[ശേഷം വരികള്‍ ഇപ്പോള്‍ തന്നെ തുടരാം. കഷായം കുടിച്ചിട്ട് വരാമേ]

ഞാന്‍ എല്ലാ മലയാളി മനുഷ്യരെപ്പൊലെയും പോലെ ചോറ് തിന്നെയാണ്‍ തിന്നിരുന്നത്. എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മ [ ഞാന്‍ അമ്മ എന്ന് വിളിക്കുന്നത് എന്റെ അമ്മയുടെ അമ്മയെയാണ് ] കാലത്തും കൂടി എനിക്ക് ചോറാണ് തരിക. കൂട്ടാനായിട്ട് തലേദിവസത്തെ മീങ്കറിയുടെ മാങ്ങാപ്പുളിയും ചാറും.
ഹാ എന്തൊരു രസമായിരുന്നു. ഇപ്പോഴും നാവിന്‍ തുമ്പത്ത് ആ രസം വരുന്നു.

ഇന്നെത്തെ പോലെ പലതരം കറികളും ഒന്നുമില്ല. മൂന്ന് നേരവും ചോറ് തന്നെ. ഉച്ചക്ക് ചിലപ്പോല്‍ മെഴുക്കുപുരട്ടിയോ, മീന്‍ വറുത്തതോ ഉണ്ടാകും. മോരും തൈരും സമൃദ്ധം. മീന്‍ എന്നും ഉണ്ടാകും. കാലത്ത് പെണ്ണുങ്ങള്‍ അങ്ങോട്ട് മിങ്ങോട്ടും ചോദിക്കും.

എട്യേ എന്താ മീന്‍ കിട്ടീ ഇന്ന് വെക്കാന്‍.?
ഇതാണ്‍ കാലത്തും വൈകുന്നേരവും പെണ്ണുങ്ങളുടെ ചോദ്യം.

എന്റെ കുട്ടിക്കാലം ഞമനേങ്ങാട്ടും ചെറുവത്താനിയിലും ആയിരുന്നു. അധികവും ചെറുവത്താനിയില്‍ തന്നെ. എന്റെ ചേച്ചി [ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്] ക്ക് സൌകര്യം ചെറുവത്താനിയില്‍ ചേച്ചിയുടെ തറവാട്ടില്‍ നില്‍ക്കാനായിരുന്നു.

ചേച്ചിക്ക് 4 സഹോദരംന്മാരാണുടായിരുന്നത്. വിജയരാഘവന്‍, വേലായുധന്‍, ശേഖരന്‍, മുത്തു എന്ന് വിളിക്കുന്ന വിജയരാഘവന്‍. മൂത്ത സഹോദരന്‍ ആ നാട്ടിലെ ആദ്യത്തെ എഞ്ചിനീയര്‍ ആയിരുന്നു. അകാലത്തില്‍ ചരമമടഞ്ഞു. ആ പേരാണ്‍ ഇളയ സഹോദരനായ മുത്തുവിന്‍ ഇട്ടത്. ചേച്ചി അവര്‍ക്ക് ഒറ്റ പെങ്ങള്‍ ആയിരുന്നു.

നാട്ടിലെ ധനികനായ ഷാപ്പില്‍ മാക്കുണ്ണിയുടെ പുന്നാര മകള്‍. കല്ലായില്‍ മാക്കുണ്ണി എങ്ങിനെ ഷാപ്പില്‍ മാക്കുണ്ണിയായി എന്നത് മറ്റൊരു കഥ. ചെറിയ തോതില്‍ പറയാം ഇവിടെ.

അന്നത്തെ കാലത്ത് കള്ള് ഷോപ്പ് വലിയ തോതില്‍ നടത്തിയിരുന്ന പണക്കാരനായിരുന്നു മാക്കുണ്ണി. ഷോപ്പും വീടും എല്ലാം ഒരിടത്ത് തന്നെയായിരുന്നുവെന്നാണ്‍ എന്റെ ഓര്‍മ്മ. ആ നാട്ടിലെ ഏക ഷോപ്പും അത് തന്നെ. അങ്ങിനെ കള്ള് കച്ചവടം കൊണ്ടും, പാരമ്പര്യമായി സിദ്ധിച്ച ധനം കൊണ്ടും അദ്ദേഹം ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി . കാലാന്തരത്തില്‍ കല്ലായില്‍ മാക്കുണ്ണിയെ “ഷാപ്പിലെ” മാക്കുണ്ണീ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു.

“കുട്ടികളും നാട്ടുകാരും ഇങ്ങിനെ പറയും.
ഷാപ്പിക്കാരോടിക്ക് പൂവാ“

അങ്ങിനെ ഷാ‍പ്പിലെ മാക്കുണ്ണിയുടെ പേരക്കിടാവായി ഞാന്‍ വിരാജിക്കുന്ന കാലം. മാക്കുണ്ണിക്കുണ്ടായ ആദ്യത്തെ പേരക്കുട്ടി. എന്നെ പൊന്നിന്‍ കുടമായാണവര്‍ വളര്‍ത്തിയിരുന്നത്. എന്റെ പിതാവ് സിലോണിലെ കൊളംബോ നഗരത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഗലയായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മാനെജരായിരുന്നു. മൂന്ന് മാസത്തിലൊരിക്കല് നാട്ടില്‍ വരും. എന്നെയും എന്റെ ചേച്ചിയേയും സ്കൂള്‍ പൂട്ടിയാല്‍ അവിടേക്ക് കൊണ്ട് പോകും. പിന്നെ സ്കൂള്‍ തുറക്കുമ്പോള്‍ അച്ചന്‍ തിരിച്ച് കൊണ്ട് വിടും.

സംഗതി ഇങ്ങിനെയൊക്കെ ആയിരുന്നെങ്കിലും എന്റെ അമ്മയുടെ അഛന്‍ എന്റെ പിതാവിനോട് മിണ്ടിയിരുന്നില്ല. അതെന്താണ്‍ വെച്ചാല്‍ അതൊരു വലിയ വലിയ കഥയാ. ഞാന്‍ അതും വളരെ വളരെ ചുരുക്കി പറയാം.

എന്റെ ചേച്ചിയും എന്റെ പിതാവും പ്രണയത്തിലായിരുന്നു. വെറും സാധാരണ കുടുംബത്തില്‍ പെട്ട എന്റെ പിതാവും, സ്ഥലത്തെ പ്രമാണിയും ധനികനും ആയ മാക്കുണ്ണിയേട്ടന്റെ മകളുമായ ഈ ബന്ധം മാക്കുണ്ണ്യേട്ടന്‍ നഖശികാന്തം എതിര്ത്തു. അതിന് വേണ്ടി എന്ത് കയ്യാങ്കളിക്കും എന്റെ മാതൃപിതാവ് ഒരുക്കമായിരുന്നത്രെ.

പക്ഷെ എന്റെ ചേച്ചി അതിലൊന്നും ഭയപ്പെട്ടില്ല. പരിശുദ്ധമായ പ്രണയത്തില്‍ തന്നെ നില കൊണ്ടു. അങ്ങിനെയുള്ള അവസരത്തില്‍ ചേച്ചിയെ വേറേ ആര്‍ക്കോ കെട്ടിച്ചു കൊടുക്കുവാന്‍ ഉള്ള ഏര്‍പ്പാടുകളൊക്കെ അണിയറയില്‍ നടന്നിരുന്നു.

ചേച്ചി ഈ വിവരം എന്റെ പിതാവിന്റെ വീട്ടുകാരെ അറിയിച്ചുകാണും. എന്റെ പിതാവിന്റെ വീട്ടുകാര്‍ക്ക് ധനത്തില്‍ മാത്രമേ കുറവുണ്ടാ‍യിരുന്നുള്ളൂ. അവര്‍ തറവാടികളും, പിതാവിന്റെ അച്ചന്‍ തണ്ടാന്‍ സ്ഥാനം ഉള്ളയാളും, പടയാളിയും ആയിരുന്നു. പണ്ട് കാലത്ത് കടത്തനാട്ടില്‍ നിന്ന് ഞമനേങ്ങാട്ട് കൊണ്ട് വന്ന് വാഴിച്ചതായിരുന്നു എന്റെ അച്ചാച്ചനെ. കൊല്ലിനും കൊലക്കും തീര്‍പ്പ് കല്പിക്കുന്ന ആ ദേശത്തെ തണ്ടാനായിരുന്നു അദ്ദേഹം.

ചേച്ചിയുടെ നിസ്സഹായതാവസ്ഥ എന്റെ അച്ചാച്ചന്‍ അറിഞ്ഞ ദിവസം അദ്ദേഹത്തിന്‍ കലിയിളകി. പൂര്‍വീകമായി സിദ്ധിച്ച ചുരിക അരയില്‍ തിരുകി, ഉറുമി ചുറ്റി അദ്ദേഹത്തിന്റെ അനുചരന്മാരുമായി അങ്കത്തിന്‍ പുറപ്പെട്ടു.

അവര്‍ എന്റ് അമ്മ വീട്ടിലെത്തി പെണ്ണ് ചോദിച്ചു. തരില്ലാ എന്ന് പറഞ്ഞ് വാതിലടച്ചു. എന്റെ പിതാവ് മാതൃപിതാവിനോടോതി ഞങ്ങള്‍ അടുത്ത ആഴ്ച വരും. നിങ്ങളുടെ മകള്‍ എന്റെ കൂടെ വരികയാണെങ്കില്‍ ഞാന്‍ കെട്ടിക്കൊണ്ട് പോകും.

അതും പറഞ്ഞ് അവര്‍ പിരിഞ്ഞു.

പറഞ്ഞ പൊലെ അച്ചന്റെ വീട്ടുകാര്‍ കല്യാ‍ണ ദിവസം എന്റെ അമ്മയുടെ തറവാട്ടിലെത്തി. അവിടെ അവര്‍ക്ക് കല്യാണ വീടിന്റെ ഒരു അന്ത:രീക്ഷം കാണാനായില്ല.

എന്റെ പിതാവ് എന്റെ അമ്മയെ പേര്‍ ചൊല്ലി വിളിച്ചു.
‘നിനക്ക് താല്പര്യമുണ്ടെങ്കില്‍ എന്റ് കൂടെ വരാം”

എന്റെ അമ്മ ഇറങ്ങിവന്നു. അഛന്റെ വിട്ടുകാര്‍ അമ്മയെ മുറ്റത്ത് നിര്‍ത്തി താലി കെട്ടി കൊണ്ട് വന്നു. അമ്മയുടെ വീട്ടുകാര്‍ക്ക് അങ്കം വെട്ടിയോ ആയുധാഭ്യാസമോ ഇല്ലാത്തിനാല്‍ അവര്‍ പേടിച്ചു.

അങ്ങിനെയാണ്‍ എന്റെ അമ്മയുടെ കല്യാണം നടന്നത്. അതില്‍ പിന്നെ എന്റെ അമ്മയെ വീട്ടില്‍ കയറ്റിയിരുന്നില്ല.

ചേച്ചിയെ അഛന്റെ വീട്ടുകാര്‍ വളരെ നന്നായി നോക്കി. വേണ്ട വിധം പരിചരിച്ചു. ചേച്ചി ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു. രാജകീയമായി വാണിരുന്ന ചേച്ചിക്ക് പലവിധ യാതനകളും അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കിലും അച്ചന്റെ വീട്ടുകാര്‍ വളരെ നല്ല രീതിയില്‍ ചേച്ചിയെ സ്നേഹിച്ചു. ആ സ്നേഹമാണ്‍ ചേച്ചിക്ക് തണലായതും ജീവിതത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞതും.

എന്റ പിതാവിന്‍ സിലോണിലെ കൊളംബോ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ ജോലി കിട്ടി. അതുമൂലം പിതാവിന്റെ വീട്ടുകാരുടെ ധനസ്ഥിതി മെച്ചപ്പെട്ടു. എന്റെ അച്ചന്‍ ഓര്ത്തിരിക്കും പണക്കാരനല്ലാത്തതിനാലാണല്ലോ അവര്‍ മാന്യമായി കല്യാണം കഴിച്ച് എന്റെ ചേച്ചിയെ അയക്കാഞ്ഞെ. ആ തിരിച്ചറിവ് എന്റെ പിതാവിന്‍ കൂടുതല്‍ ധനം ആര്‍ജ്ജിക്കാന്‍ ഉള്ള കരുത്ത് പകര്‍ന്നു.

എന്റെ അച്ചനും ധനികനായി. എന്റെ ചേച്ചി ഗര്‍ഭിണിയായി. സ്വന്തം വീട്ടില്‍ പ്രസവത്തിന്‍ ചെല്ലണമെന്നും പെറ്റമ്മയെ കാണണമെന്നും അറിയിച്ചിട്ടും മാതൃപിതാവ് അവിടെ കയറ്റിയില്ല. അങ്ങിനെ ആചാരങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും എതിരായി എന്റെ ചേച്ചി അച്ചന്റെ തറവാട്ടില്‍ എന്നെ പ്രസിവിച്ചു.

ചുരുണ്ട തലമുടിയുള്ള ഒരു സുന്ദരക്കുട്ടനായിരുന്നത്രെ ഞാന്‍. എന്റെ മാതാപിതാക്കള്‍ വളരെ സൌന്ദര്യമുള്ളവരായിരുന്നു. കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നു……….

ചേച്ചിയുടെ അമ്മക്ക് പേരക്കുട്ടിയെ കാണാണമെന്ന കലശലായ മോഹം ഉണ്ടായിരുന്നു. അവിടെയെങ്കിലും പോയി കുട്ടിയെ കണ്ടാല്‍ പിന്നെ ഇവിടെ കയറ്റില്ല എന്ന ദൃഠപ്രതിഞ്ജയുമായി നിലകൊണ്ടു മാതൃപിതാവ്. അങ്ങിനെ ആ മാതൃഹൃദയം തേങ്ങി..
പിന്നിട് ചേച്ചിയുടെ അച്ചനും പേരക്കുട്ടിയെ കണ്ടാല്‍ കൊള്ളാമെന്ന് തോന്നി. അതിന്നിടയില്‍ ചേച്ചിക്ക് വീട്ടിന്നടുത്ത സ്കൂളില്‍ അദ്ധ്യാപികയായി ജോലിയും കിട്ടിയിരുന്നു. സ്കൂള്‍ ചേച്ചിയുടെ വീട്ടിന്നടുത്തായതിനാല്‍ കുട്ടിയെയും കൊണ്ട് അവിടെ നില്‍ക്കുന്നതിന് ചേച്ചി കൂടുതല്‍ താല്പര്യം കാണിച്ചത്. ചേച്ചിയുടെ അമ്മ ഒന്നിനും എതിരു നിന്നില്ല. പക്ഷെ അവര്‍ ഹെല്പ്ലെസ്സ് ആയിരുന്നു.

എന്റെ ചേച്ചിക്ക് പിറന്ന വീട്ടില്‍ കയറാമെന്നായി. അതാ എല്ലാരും പറയണ്‍ മക്കള്‍ക്ക് കുട്ടികള്‍ പിറന്നാല്‍ എല്ലാം മറക്കും എല്ലാ അച്ചനമ്മമാരും. പിന്നെ അവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന സന്താനങ്ങളെ കാണാനുള്ള തിടുക്കം തനിയെ വരും.
എന്റെ ചേച്ചിയോട് പിതാവ് മിണ്ടിയില്ലെങ്കിലും എന്നെ എടുത്ത് ലാളിക്കുമായിരുന്നത്രെ. അങ്ങിനെ ഞാന്‍ അവരുടെ ലോകത്തിലെ ഒരു മുഖ്യ കണ്ണിയായി. എന്നെ നോക്കാനും മറ്റും പരിവാരങ്ങളായി അവിടെ.

എനിക്ക് ഒരു വയസ്സായപ്പോള്‍ പിറന്നാളിന് ചോറു കൊടുക്കാന്‍ ഒരു പുല്ലായ വിരിക്കാന്‍ സ്ഥലമുണ്ടായിരുന്നില്ലത്രെ. ഏറ്റവും കൂടുതല്‍ നെല്ല് കൊയ്യാനുള്ള തറവാടായിരുന്നു എറ്റ്നെ ചേച്ചിയുടേത്. എവിടെ നോക്കിയാലും നെല്ലും വൈക്കോലും തന്നെ. വീടുമുഴുവന്‍ നെല്ല് കൂമ്പാരങ്ങള്‍ തന്നെ.

അവസാനം ഒരു വലിയ നെല്ല് കൂമ്പാരത്തിന്‍ മുകളില്‍ പരപ്പുണ്ടാക്കി അതില്‍ ഇരുത്തിയിട്ടാണത്രെ എനിക്ക് ആദ്യ പിറന്നാള്‍ ഊട്ടിയത്.

നമ്മള്‍ ചപ്പാത്തി മെയ്ക്കറുടെ കാര്യം പറഞ്ഞ് എവിടേക്കോ പോയി. വഴിയില്‍ വരുന്ന വിഷയങ്ങള്‍ ചുരുക്കി പറയേണ്ടത് കഥയുടെ പോക്കിന്‍ അനിവാര്യമാണല്ലോ>

++++

അങ്ങിനെ എല്ലാരുടേയും പുന്നാരമുത്തായ ഞാന്‍ ഉണ്ണി എന്ന ഓമന പേരില്‍ അറിയപ്പെട്ടു. നാട്ടിലെല്ലാവരും ഉണ്ണിയെ കാണാന്‍ വരും.. ഉണ്ണിയുടെ ചേച്ചി സ്കൂളില്‍ പോയാല്‍ വരുന്നത് വരെ അമ്മയും അച്ചനും കൂടി നോക്കും. [ചേച്ചിയുടെ അമ്മയെ ഞാന്‍ അമ്മയെന്നും അച്ചനെ അച്ചനെന്നും വിളിച്ചുപോന്നു]. ചിലപ്പോല്‍ എന്റെ കരച്ചില്‍ നിര്‍താനാകാതെ വരുമ്പോള്‍ എന്റെ അമ്മ എന്നെ തോളിലിട്ട് സ്കൂളില്‍ കൊണ്ട് പോയി മുല കൊടുത്ത് കൊണ്ട് വരുമത്രെ.

ഞാന്‍ വളര്‍ന്ന് എനിക്ക് അഞ്ച് വയസ്സായപ്പോളാണ് എന്റെ പിറന്നാല്‍ ദിവസം എനിക്കൊരു അനുജന്‍ പിറന്നത്. എന്നെ ചേച്ചി പഠിപ്പിക്കുന്ന വടുതല്‍ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. ഞാന്‍ പഠിക്കാന്‍ മണ്ടനായിരുന്നത്രെ. എപ്പോഴും കളിയാണ്‍. പിന്നെ വീട്ടിലെ അമിത ലാളനയും.

ചേച്ചിയുടെ കയ്യില്‍ നിന്ന് അടി കിട്ടും മിക്കപ്പോഴും. ചേച്ചി അടിക്കാന്‍ ഓടിയെത്തുമ്പോള്‍ ഞാന്‍ പോയി അച്ചന്റെ അടുത്ത് പൂമുഖത്ത് പോയി ഒളിക്കും. അച്ചനുനുണ്ടെങ്കില്‍ പിന്നെ ചേച്ചിക്ക് പൂമുഖത്തില്‍ പ്രവേശനം ഇല്ലാ.

ജീവിത ചക്രത്തില്‍ ഞാന്‍ നാലര ക്ലാസ്സ് വരെ വീടിനടുത്തുള്ള വടുതല സ്കൊളിലും പിന്നെ എന്റെ വികൃതി രക്ഷിതാക്കള്‍ക്ക് സഹിക്കാനാവാതെ എന്നെ ഏതാണ്ട് ജയിലെന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തി.

അങ്ങിനെ പോയി പോയി എന്റെ തുടര്‍ വിദ്യാഭാസം മെഡിക്കല്‍ കോളേജിലും, പിന്നീട് മദിരാശിയിലും, ഹൈദരാബാദിലും ഒക്കെയായി.

കഥ ചുരുക്കിപ്പറയാം.

ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്ന കാലം. എന്റെ താമസം ചന്ദ്രേട്ടന്റെ കൂടെയായിരുന്നു. ചന്ദ്രേട്ടന്‍ റേഡിയോ കോര്‍പ്പറേഷന്‍ ഓഫ് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്ന ഓഫീസറായിരുന്നു അന്ത കാലത്ത്.

അന്നത്തെ കാലത്ത് സൈക്കിളിലായിരുന്നു കോളേജിലേക്കുള്ള യാത്ര. ബസ്സിലാണെങ്കില്‍ തിക്കും തിരക്കുമായതിനാലാണ്‍ ഞാന്‍ സൈക്കിള്‍ സവാരി തുടങ്ങിയത്. ഞങ്ങളുടെ താമസം സെക്കന്തരാബാദിലുള്ള ബന്‍സിലാല്‍ പേട്ടയുടെ അടുത്തുള്ള ഗാന്ധിനഗറില് ആയിരുന്നു.

സെക്കന്തരാബാദിലെ എന്റെ ജീവിത കഥ ഇവിടെ നിരത്തണമെങ്കില്‍ ഒരു നൂറ് പേജെങ്കിലും ചുരുങ്ങിയത് എഴുതണം. അതിനാല്‍ എല്ലാ ചെറിയ തൊതിലെഴുതാം.

ഞാന്‍ പഠിക്കാന്‍ എക്കാലത്തും മടിയനായിരുന്നു. എന്റെ ഇഷ്ടം മറ്റുചില മേഖലകളിലായിരുന്നു. അതൊന്നും ഇവിടെ എഴുതുന്നില്ലാ..

ഞാന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉഴപ്പും. അന്ന് എനിക്ക് സിനിമ കാണാനും, സിഗരറ്റ് വലിക്കാനും, വല്ലപ്പോഴും ഗോല്‍ കോണ്ട ബ്രാന്ഡി കുടിക്കാനും ഒക്കെ വലിയ ആനന്ദമായിരുന്നു. എനിക്ക് വന്ന ഉടനെ ഭാഷാ സ്വാധീനം കുറവായിരുന്നു.

ഞാന്‍ കാലത്ത് സെക്കന്തരാബാദിലെ വീട്ടില്‍ നിന്നിറങ്ങി കല്പന തിയേറ്റര്‍ വഴി കൊക്കോക്കോളാ വഴി ഹുസൈന്‍ സാഗര്‍ [ടേങ്ക് ബണ്ട്] കൂടി ഹൈദരാബാദിലെത്തും. പോകുന്ന വഴിക്ക് ഞാന്‍ മിക്കപ്പോഴും കോളീഫ്ലവര്‍ തോട്ടത്തിലും, ഹുസൈന്‍ സാഗറിന്റെ താഴെയുള്ള റോഡിലെ ജെ ബി മംഗാറാം ബിസ്കറ്റ് ഫാക്ടറിയിലും ഒക്കെ ചുറ്റിയടിക്കും. പിന്നെ ടേങ്ക് ബണ്ടിന്റെ വേറെ ഒരു ഭാഗത്തുള്ള ഡോബികളുടെ അടുത്തും പോകാന്‍ മറക്കാറില്ല. അവരുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും.
ചില ദിവസങ്ങളില്‍ എന്റെ സന്ദര്‍ശനങ്നളൊക്കെ കഴിഞ്ഞ് ഹുസൈന്‍ സാഗര്‍ പരിസരത്തെത്തുമ്പോള്‍ തന്നെ ഉച്ച കഴിഞ്ഞിരിക്കും. അപ്പോ അവിടെയെവിടെയെങ്കിലും ഇരുന്ന് വീട്ടില്‍ നിന്ന് തന്നയച്ചിട്ടുള്ള ഉച്ച ഭക്ഷണം കഴിച്ച്, ഹൈദരാ‍ബാദിലെ ലൈറ്റ് ഹൌസ് തിയേറ്ററില്‍ ഒരു സിനിമയും കണ്ട് , അതിനു ശേഷം തൊട്ടടുത്തുള്ള ഇറാനി ഹോട്ടലില്‍ നിന്ന് നല്ല സമൂസയും ഇറാനി ചായയും കഴിക്കുമ്പോളെകും നാല്‍ മണി കഴിഞ്ഞിരിക്കും. പിന്നെ തിരികെ വീട്ടിലെത്തും. അങ്ങിനെയായിരുന്നു എന്റെ എഞ്ചിനീയറിങ്ങ് പഠിപ്പ് കാലം.

ഞാന്‍ കോളേജ് തലത്തുമ്പോളെക്കും ചേച്ചിക്ക് എന്നെ ഡോക്ടറാക്കണം. പിതാവിന്‍ എഞ്ചിനീയറും. അങ്ങിനെ ഈ പാവം മടിയനായ എന്നെ മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ചേര്‍ത്തപ്പെട്ടു. പക്ഷെ എനിക്കാണെങ്കിലോ ഇവയിലൊന്നിലും തന്നെയുമല്ലാ പഠിക്കാന്‍ തന്നെയും താല്പര്യമുണ്ടായിരുന്നില്ല.

എന്റെ ഈ ഉഴപ്പല്‍ എന്റെ ഏട്ടന്റെ ചെവിയിലെത്തി. അങ്ങിനെ ഞാന്‍ വലിയ പ്രശ്നമില്ലാതെ ക്ലാസ്സിലെത്തിത്തുടങ്ങി. ഞാന്‍ നാട്ടില്‍ നിന്ന് നേരെ ഹൈദരാബാദിലേക്കാണല്ലോ ചേക്കേറിയത്. ഈ ഭാഷ വലിയൊരു പ്രശ്നം തന്നെയായിരുന്നു. ആംഗലേയം എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ഹൈദരാബാദില്‍ ഉറുദുവും, തെലുങ്കുമാണ്‍ ഭാഷ. അധികവും ഉറുദു.

ഞാനങ്ങിനെ ഉറുദു, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകല്‍ സ്വായത്തമാക്കി പിന്നീട് വലിയ ഉഴപ്പായിത്തുടങ്ങിയിരുന്നു. എനിക്ക് കോളേജില്‍ കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല. കാരണം പ്രധാന വില്ലന്‍ ഭാഷ തന്നെ. ക്ലാസ്സിലെ ലെക്ച്ചര്‍ പലതും എനിക്ക് മനസ്സിലാകാറില്ല. പിന്നെ എന്റെ വേഷവിധാനത്തിലും മട്ടിലുമൊക്കെ തനി ഒരു പാവം മലബാരിയുടെ പരിവേഷമായിരുന്നു.

എനിക്ക് ആകെ മൂന്ന് പേന്റ്സും ഷറ്ട്ടുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ കളര്‍ മേച്ചിങ്ങിനനുസരിച്ച് ധരിക്കാനും എനിക്കറിയുമായിരുന്നില്ല. ഞാന്‍ നീല ട്രൌസറിന്‍ മഞ്ഞ ഷറ്ട്ടും മറ്റും ഒട്ടും മേച്ചിങ്ങ അല്ലാത്ത വിധമൊക്കെ ഇടുമായിരുന്നു. അതിനാല്‍ എന്നെ എല്ലാവരും അകറ്റി നിര്‍ത്തി. പിന്നെ തല മുഴുവന്‍ എണ്ണ തേച്ച് കഴുകിക്കളയാതെ വരും ഞാന്‍. അതൊന്നും സഹപാഠികള്‍ക്ക് ദഹിക്കുമായിരുന്നില്ല.

കൂട്ടുകാരുകളില്ലാത്ത കാരണം എന്റെ കാമ്പസ്സ് ജീവിതം ഒരു സുഖവും തന്നില്ല. ഒരു പാട് സിനിമാ തിയേറ്ററുകളുള്ള പട്ടണമായതിനാല്‍ ഞാന്‍ മിക്ക ദിവസവും സിനിമ കാണാന്‍ പോകും. പിന്നെ ഏട്ടറ്റ്നെ വക സിനിമ വേറേയും.അന്ന് വന്ന ചില ഇഷ്ടപ്പെട്ട എന്റെ സിനിമകളായിരുന്നു “മിലന്‍, ബഹൂ ബീഗം, ഹമ്രാസ്” മുതലായവ. മിക്ക പുതിയ തിയേറ്ററുകളിലും ആര്‍ സി എ പ്രൊജക്റ്റര്‍ ആയിരുന്നു. ഏട്ടന്‍ ആ കമ്പനിയുടെ മേധാവി ആയതിനാല്‍ ഏട്ടന്‍ കുറേ ഫ്രീ പാസ്സ് കിട്ടാറുണ്ടായിരുന്നു. കൂട്ടത്തില്‍ എനിക്കും കിട്ടും പാസ്സ്.

ഞാന്‍ ഏട്ടന്റ് ലാമ്പ്രട്ടാ സ്കൂട്ടറും, ഫിയറ്റ് കാറും കാണാതെ എടുത്ത് ഓടിക്കുമായിരുന്നു. ഓട്ടമെല്ലാം പാതിരക്കായിരിക്കും. ഏട്ടന്‍ പലപ്പോഴും എന്നെ ചീത്ത പറയാറുണ്ട്. ഒരിക്കലും തല്ലില്ല. ഏട്ടന്‍ സിഗരറ്റ് വലിക്കില്ല. വേറെ ഒരു ദു:ശ്ശീലങ്ങളൊന്നും ഇല്ല. അപ്പോ എനിക്ക് എന്തെങ്കിലും ഇല്ലെങ്കില്‍ മോശമല്ലെ എന്ന് ഞാന്‍ ഏട്ടത്തിയോട് ചോദിക്കും.

ഏട്ടത്തി പറയും ഉണ്ണി വലിയ കുറുമ്പനാണെന്ന്. എന്നാലും ഏട്ടത്തിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഏട്ടത്തിയാ. ഏട്ടത്തി വെളുത്ത് തടിച്ച് ഒരു സുന്ദരിയായിരുന്നു. എനിക്ക് പെങ്ങളുമാരുണ്ടായിരുന്നില്ല. ഏട്ടത്തിക്ക് ആങ്ങിളമാരും. അതിനാല്‍ ഞങ്ങള്‍ രണ്ട് പേരും എപ്പോളും നല്ല സ്നേഹത്തിലായിരുന്നു. ഞാന്‍ കുറേ കുറുമ്പ് കാണിക്കാറുണ്ടായിരുന്നു. ഏട്ടന്‍ മിക്കപ്പോളും ടൂറിലായിരിക്കും. ഏട്ടന്‍ വന്നാല്‍ പറഞ്ഞ് കൊടുക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. പക്ഷെ ഒരിക്കലും ഏട്ടത്തി എന്നെ സങ്കടപ്പെടുത്തില്ലാ.

++

കോളേജിലെ ഒറ്റപ്പെട്ട ജീവിതം എന്നെ നിരാശനാക്കി. അപ്പോള്‍ ഞാന്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടിയലഞ്ഞു. കോട്ടിയിലും ചാര്‍മിനാര്‍ ചൌരാസ്തയിലും ഒക്കെ ചുറ്റിക്കറങ്ങും. പിന്നെ ഇറാനി റെസ്റ്റൊറണ്ടില്‍ കയറി ഇറാനി ചായ കുടിക്കലും, അവിടുത്തെ ജൂക്ക് ബോക്സില്‍ നാ‍ണയമിട്ട് പാട്ട് കേള്‍ക്കും. പിന്നെ ജെ ബി മംഗാറാമിലെ അപ്പൂപ്പന്‍ ഫ്രണ്ടിന്റെ അടുത്ത് പോയി നല്ല ചൂടുള്ള ബിസ്കറ്റ് വാങ്ങിത്തിന്നും.

എന്റെ ക്ലാസ്സിലും കോളേജിലും ആരും എന്നോട് മിണ്ടില്ല.. പ്രധാന കാര്യം അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവില്ല. അത് തന്നെ കാര്യം.. എറ്റ്നെ ക്ലാസ്സില്‍ 18 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവിടെ അദ്ധ്യാപകര്‍ മിക്കതും ഹൈദരാബാദുകാര്‍ തന്നെ. അപ്ലൈഡ് സയന്‍സ് പഠിപ്പിക്കുന്ന ഒരു പെണ്ണ് ടീച്ചറുണ്ടായിരുന്നു. അതിനെന്നോട് പ്രിയമായിരുന്നു. അത് പറയും ഉറുദു സംസാരിക്കാന്‍ പഠിക്കണമെന്ന്. പക്ഷെ എന്നെ ആര്‍ പഠിപ്പിക്കും. ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ ടീച്ചറെ ബോദ്ധ്യപ്പെടുത്തി.

ടീച്ചറെന്നോട് ചോദിച്ചു…
“നിനക്ക് ഇവിടെ വല്ല പെണ്‍കുട്ടികളോടും പ്രേമമുണ്ടോ …?
“ഇല്ല ടീച്ചറ്”
എന്നാ ആരെയെങ്കിലും ലൈന്‍ അടിക്കണം.
അങ്ങിനെ ഞാന്‍ എന്റെ സഹപാഠിയായ ചേതനയെന്ന ഗുജറാത്തി പെണ്‍കുട്ടിയെ ലൈന്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് എനിക്കും മനസ്സിലാവില്ല.

അവള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് ഒരിക്കലും വരില്ല. പക്ഷെ ഉറുദു, തെലുങ്ക്, ഗുജറാത്തി എന്നിവ നന്നായറിയാം. അങ്ങിനെ അവള്‍ക്ക് എന്നോട് പാവം തോന്നി. എന്നെ അവള്‍ക്കിഷ്ടമായിത്തുടങ്ങി.

ഒരു ദിവസം എന്നോട് ഓതി.
“തും ക്യാ ആദ്മീ ഹൈ…?
കപ്ടാ പഹനേക്കൂ നഹി ആത്താ ഹൈ ബരാബര്‍. ക്യോം ഇത് നാ തേല്‍ ഡാലാ ഹൈ ബാള്‍ പറ്. റോട്ടീ നഹി ഖാത്താ ഹൈ.
[നിനക്ക് ശരിയായും ഭംഗിയായും വസ്ത്രം ധരിക്കാനറിയില്ല, മുടിയില്‍ ഉള്ള എണ്ണ മുഴുവനും തേച്ചിട്ട് വരും കഴുകിക്കളയാതെ, പിന്നെ ചപ്പാത്തി തിന്നില്ല. അങ്ങിനെ പലതും]
എനിക്ക് വിഷമമായി. ഞാന്‍ അവള്‍ പറഞ്ഞതെല്ല്ലാം അതേപടി ഏട്ടത്തിയോട് പറഞ്ഞു. ഏട്ടത്തി നാട്ടില്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റാ. അതിനാല്‍ കോളേജ് ലൈഫെല്ലാം നന്നായി അറിയുന്ന ആളായിരുന്നു. ഏട്ടത്തി എനിക്ക് പ്രചോദനം തന്നു. എങ്ങിനെയെങ്കിലും ഭാഷ പഠിച്ചെടുക്കാന്‍.

എന്റെ ജീവിതം അങ്ങിനെ പോയിക്കൊണ്ടിരുന്നു.

ഒരു ദിവസം ഞാന്‍ ചോറ്റും പാത്രം തുറന്ന് മാവിന്റെ തണലില്‍ ഇരിക്കയായിരുന്നു. അപ്പോല്‍ ചേതന എന്നെ അവള്‍ ഇരിക്കുന്നിടത്തേക്ക് വിളിച്ചു. ഞാന്‍ അങ്ങോട്ട് പോയി. അവളെന്നോട് ചോദിച്ചു.
“തും റോട്ടി ഖാത്താ ഹൈ ക്യാ”
[നിനക്ക് ചപ്പാത്തി തിന്നാമോ എന്ന്]
ഞാന്‍ പറഞ്ഞു, എനിക്ക് ചോറ് തന്നെ വേണം. അപ്പോള്‍ അവള്‍ പറഞ്ഞു ഇന്ന് നമ്മള്‍ രണ്ട് പേരും നമ്മുടെ രണ്ടാളുടേയും ടിഫിന്‍ മിക്സ് ചെയ്ത് കഴിക്കാമെന്ന്. എനിക്കവളുടെ ചപ്പാത്തി വലിയ ഇഷ്ടമായി. അന്നാണ്‍ ഞാന്‍ ജീവിതത്തില്‍ ആദ്യം ചപ്പാത്തി കഴിക്കണത്.

പിറ്റേ ദിവസം അവല്‍ കൂടുതല്‍ ചപ്പാത്തി കൊണ്ട് വന്നിരുന്നു. എന്റെ ചോറ് കുറച്ച് മാത്രം ഉപയോഗിച്ച് ബാക്കിയുള്ളത് അവള്‍ കുരങ്ങന്മാര്‍ക്ക് കൊടുത്തു. അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു എന്നോട് ഇനി ടിഫിന്‍ കൊണ്ട് വരേണ്ട എന്ന്. എനിക്കുള്ള ഭക്ഷണം അവള്‍ കൊണ്ട് വരാന്‍ തുടങ്ങി.

എനിക്കവളോട് സ്നേഹവും ബഹുമാനവും തോന്നി. എന്നെ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാനും, ഫേഷനബിള്‍ ആയി മുടി ഒതുക്കാനും, അങ്ങിനെ പല മേനേഴ്സും അവളെന്നെ പഠിപ്പിച്ചു. കൂടാതെ അവളോട് പേശി പേശി ഞാന്‍ നന്നായി ഉറുദു, ഹിന്ദി മുതലായവ പറയാന്‍ പഠിച്ചു. ഞാനറിയാതെ അവള്‍ എന്നെ പ്രണയിച്ചു.

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു. ഒരു ദിവസം അവളെന്റെ വീട്ടിലേക്ക് വരട്ടേ എന്ന്. ഞാന്‍ ആകെ പേടിച്ചു. ഏട്ടനങ്ങാനും അറിഞ്ഞാല്‍ രായ്കു രാമാനം എന്നെ നാട്ടിലേക്ക് വണ്‍ടി കയറ്റി വിടും. ഞാനന്ന് അവളോട് ഒന്നും മിണ്ടാതെ നേരത്തെ തന്നെ വീട്ടിലെത്തി. എനിക്കാകെ എന്തൊ സംഭവിച്ച പോലെ തോന്നി. വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി. എനിക്ക് സങ്കടവും പരിഭ്രമവും എല്ലാം ഉണ്ടായി.

“ഉണ്ണ്യേ നീയെന്താ ഇന്ന് പതിവിലും നേരത്തെ വീട്ടിലെത്തിയത് ?
നിന്നെ ഞാന്‍ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു. നിന്നില്‍ പല മാറ്റങ്ങളും വന്നിരിക്കുന്നു. സിഗരറ്റ് വലിക്കുന്നതും, തെണ്ടി നടക്കുന്നതും ഒക്കെ ഞാന്‍ ക്ഷമിക്കാറുണ്ട്. ഇതെന്താ ഇപ്പോ ഇങ്ങനെ. നിനക്കെന്താ പറ്റിയേ ചെക്കാ. എന്നെ വിഷമിപ്പിക്കല്ലേ. ഏട്ടനാണെങ്കില്‍ കാക്കിനടയിലെ ടൂര്‍ കഴിഞ്ഞ്, മൈസുര്‍ പോയെ വരികയുള്ളൂ. എനിക്കാകെ ഒരു അന്തിത്തുണയുള്ളതാ നീ…

ഉണ്ണി ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ഏട്ടത്തിയോട് പറഞ്ഞു.
“മണ്ടന്‍………….”
ഏട്ടത്തി എന്നെ കളിയാക്കി….. ഇതിനാണൊ എന്റെ ചെക്കാ നീ പിണങ്ങി പോന്നെ. നീ നാളെ അവളെയും കൂട്ടി ഇങ്ങോട്ട് വാ……….
“എനിക്ക് പേടിയാ ഏട്ടത്തീ…………”
‘ഇതിലെന്താ പേടിയുടെ ഒരു വിഷയം…?”

എനിക്ക് ഏട്ടത്തി ധൈര്യം പകര്‍ന്നു. ഞാന്‍ പിറ്റേ ദിവസം കോളേജില്‍ നേരത്തെ എത്തിയിരുന്നു. പക്ഷെ എത്ര നോക്കിയിട്ടും ചേതനയെ കണ്ടില്ല. കാമ്പസ്സ് മുഴുവനും അരിച്ചു പെറുക്കി.എനിക്കാകെ വിഷമ മായി.

ഞാന്‍ ഞങ്ങളെന്നും ഭക്ഷണം കഴിക്കാനിരിക്കുന്ന മാവിന്‍ ചുവട്ടില്‍ പോയിരുന്നു. ഞാന്‍ ചിന്താമഗ്നനായി. ഭാഷ പഠിക്കാനായി എനിക്ക് ചേതനയാല്‍. പക്ഷെ എന്റെ കൂട്ടുകാരിയെ കാണാനില്ലല്ലോ ഭഗവാനേ?

കുരങ്ങമ്നാരുടെ കൂട്ടത്തിലിരിക്കുന്ന ചേതനയെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല്ല. ഞാന്‍ അങ്ങോട്ട് നീങ്ങി. ഇതാ അവളിരുന്ന് കരയുന്നു.

“തും കൂ ക്യാ ഹോഗയാ ചേതനാ”
“തും ക്യോം രോത്താ ഹൈ ? മുജേ ബോലോ…”

ചേതന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കാകെ പരിഭ്രമമായി. ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി.+++++Monday, August 10, 2009

എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ?

എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ? എങ്ങിനെയുണ്ട് ദുബായിലെ റിസഷന്‍.

ഇവിടുത്തെ സ്ഥിതിഗതികള്‍ പരിതാപകരമാണ്. വരുമാനത്തിലുള്ള കമ്മി. ചിലവാണെങ്കില്‍ കൂടുതലും. സാധനങ്ങളുടെ

വിലയില്‍ കുതിച്ചുകയറ്റവും. ഇവിടെ ജീവിച്ചു പോകാന്‍ വലിയ ബുദ്ധിമുട്ട് തന്നെ. ഇപ്പോ പെട്രോളില്‍ പച്ചവെള്ളം ഒഴിച്ച് വണ്ടി ഓടിക്കാമെന്ന് വായിച്ചു. ഇങ്ങിനെപോയാല്‍ ഇനി പച്ചവെള്ളത്തിനും റേഷന്‍ വരാം.


ഇവിടെ കുട്ടന്‍ മേനോന് മദിരാശിയില്‍ പോയി വന്ന ഉടനെ ഛര്‍ദ്ദിയും, പനിയുമായിരിക്കയാ‍ണ്. കുടുംബത്തിലെല്ലാവര്‍ക്കു അസുഖമാണത്രെ. പലരും ആശുപത്രീലും.

എനിക്കാണെങ്കില്‍ രക്തവാതം പിടിച്ച് കാലില്‍ തരിപ്പും, കോച്ചലും ആയി വൈദ്യരത്നത്തിലെ ചികിത്സയാണ്. കിഴിയും മറ്റുമായി. പുറത്തിറങ്ങാ‍ന്‍ വയ്യാത്ത അവസ്ഥയിലും. എന്റെ ഫോസ്റ്ററ് കുട്ട്യോള് ഫ്രിഡ്ജില്‍ ഇരുന്ന് കരയുന്നു. അവരെ ഞാന്‍ അകത്താക്കിയാലല്ലേ അവര്‍ക്ക് ശാപമോക്ഷം കിട്ടൂ.
ഞാന്‍ വെറുതെ ഇരുന്നിരുന്ന് തോറ്റു. ഇത്രക്കും കഷ്ടപാടാണെന്ന് നിരീച്ചില്ലാ ഈ കിഴി പരിപാടി. ഞാന്‍ വിചാരിച്ചു ഒരാള്‍ വന്ന് കാലില്‍ കിഴികുത്തി പോകുമെന്ന്. കുത്താന്‍ വന്നപ്പോഴല്ലേ മനസ്സിലാകുന്നത്, മനുഷ്യന്റെ ശരീരം മുഴുവനും കുത്തി കുത്തി ഒരു വകയാക്കുന്നു. ആദ്യത്തെ ഒരാഴ്ച വെറും കുത്തലായിരുന്നു. ധാന്യക്കിഴി. ഒരാഴ്ച കഴിഞ്ഞപ്പോളാ ഇലക്കിഴി വരുന്നത്. അതും ചൂട് തൈലത്തില്‍ മുക്കിയുള്ള കിഴിയും പിന്നെ മസ്സാജും. എല്ലാം കഴിഞ്ഞ് ഒരു മണിക്കൂര്‍ കിടന്ന് വിശ്രമിക്കണം. അതാണ് ഏറ്റവും വലിയ ശിക്ഷ. പിന്നെ ചുട് വെള്ളത്തില്‍ ഒരു കുളി.


കുളി കഴിഞ്ഞാല്‍ ഒരു പരിവമാകും. പിന്നെ വിശപ്പ് തുടങ്ങും. വിശപ്പടക്കിയാല്‍ അപ്പോഴെക്കും ഉറക്കം വരും. പന്ത്രണ്ട് മണി വരെ കീബോര്‍ഡില്‍ ഇടിച്ച് കൊണ്ടിരുന്ന എന്നെ എവിടെപോയി എന്നന്വേഷിക്കയാണ് എന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ കുട്ട്യോള്.
എനിക്കെപ്പോഴും ഉറക്കം തൂങ്ങലാ ഇപ്പോള്‍. പകലുറക്കം പാടില്ലത്രെ. ഞാന്‍ എന്നാലും ചിലപ്പോള്‍ ഉറങ്ങും.


നല്ല ദാഹവും. ഇപ്പോള്‍ വെള്ളം കുടിക്കാന്‍ പോയപ്പോള്‍ ഫോസ്റ്ററ് കുട്ട്യോള് വീണ്ടും ചോദിച്ചു.

“ഞങ്ങളെയെല്ലാം വേണ്ടായി അല്ലേ....?

പാവം കുട്ട്യോള്....
അവരെ സാന്ത്വനിപ്പിക്കാന്‍ കുട്ടന്‍ മേനോനും ഇല്ലാ.... കുറുമാന്‍ ചേട്ടനും ഇല്ല.

ഓരോരുത്തര്‍ക്ക് ഓരോ ഗതികേട്. അല്ലാതെന്തു പറയാനാ.


ഞാന്‍ അല്പനേരം മയങ്ങട്ടെ. കിഴി വെക്കുന്ന വൈദ്യര്‍ നാല് മണിയാകുമ്പോഴെക്കും എത്തും. അവിടുത്തെ രണ്ട് ചിടുങ്ങുകളോട് ഈ അപ്പൂപ്പന്റെ അന്വേഷണം പറയണമേ?


സ്നേഹത്തോടെ

പ്രകാശേട്ടന്‍

Thursday, August 6, 2009

ബാലന്‍ കൂലന്‍ >>>>>>>>>>

“ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി...............“

ഞാന്‍ ചിലപ്പോള്‍ എന്റെ ബാല്യത്തിലേക്ക് മടങ്ങാറുണ്ട്. അതായത് നമുക്ക് എത്രത്തോളം പുറകിലേക്ക് നോക്കാം പറ്റും. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മയില്ല. ശാരദ ടീച്ചറാണെന്ന് തോന്നുന്നു എന്റെ അദ്ധ്യാപിക. രണ്ടാം ക്ലാസ്സില്‍ ചുണ്ടന്‍ മാഷാണോ? മൂന്നാം ക്ലാസ്സില്‍ എളച്ചാര്‍ ടിച്ചറോണോ? അതോ എന്റെ ചേച്ചിയോ? ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മ വരുന്നു.

എന്നെ എല്ലാ കുട്ട്യോളും മാത്തടിയനെന്നാ വിളിച്ചിരുന്നത്. എനിക്ക് തടി കൂടുതലായിരുന്നത്രെ. എനിക്ക് രണ്ട് നല്ല ചങ്ങാതിമാരുണ്ടായിരുന്നു ആ കാലത്ത്. രണ്ട് ബാലന്മാര്‍. എന്നെ മാത്തടിയാ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ അവരെ ഇങ്ങിനെ വിളിക്കും.

“ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി....“

അങ്ങിനെ കാലങ്ങള്‍ പിന്നിട്ടു. ഏഴു വയസ്സിലെ ഓര്‍മ്മകള്‍ അറുപത്തിരണ്ട് വയസ്സിലെത്തി. ഞാന്‍ അങ്ങിനെ ലോകം മുഴുവന്‍ കറങ്ങി അവസാനം എന്റെ ഗ്രാമത്തില്‍ നിന്ന് തൃശ്ശിവപേരൂരിലേക്ക് ചേക്കേറി.

ഞാന്‍ എന്താ ഈ തൃശ്ശിവപേരൂരിനെ മാത്രം ഇത്രയും സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ അതിന്റെ പിന്നിലും കുറേ പറയാനുണ്ട്.

അത് പിന്നെ പറയാം.

ഞാനിപ്പോള്‍ താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ബാലേട്ടന്‍ ഉണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എന്റെ ഒരു സുഹൃത്ത്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാന്‍ ഒരു കാരണമുണ്ട്. അതും പിന്നെ പറയാം.

എല്ലാം കൂടി പറഞ്ഞാല്‍ ഇത് എഴുതിത്തീരില്ല. ഞാന്‍ ബാലേട്ടന്റെ ഇടക്ക് കാണാന്‍ പോകാറുണ്ട്. എപ്പോഴും ചിരിച്ചും കൊണ്ടിരിക്കുന്ന മുഖം. ഒരിക്കലും ദ്വേഷ്യം വരില്ലാ ബാലേട്ടന്.

ഞാന്‍ ഒരു ദിവസം ബാലേട്ടന്റെ വ്യാപാരശൃംഗലകളിലൊന്നില്‍ പോയി. എന്നിട്ട് ബാലേട്ടനെ ദ്വേഷ്യം പിടിപ്പിക്കാന്‍ ആവുന്നത് നോക്കി.

" പക്ഷെ അദ്ദേഹത്തിന് ദ്വേഷ്യം വരുന്നേ ഇല്ല."

രണ്ട് ദിവസമായി എന്റെ ഉള്ളില്‍ മേല്‍ പറഞ്ഞ പാട്ട് തേട്ടി തേട്ടിവരുന്നു. അത് ആരോടെങ്കിലും ഒന്ന് പാടി തിമിര്‍ക്കേണ്ടേ? അതിന് “ബാലന്മാരെ” തന്നെ കിട്ടണമല്ലോ...

" ഇയാള്‍ക്ക് എന്ത് ചെയ്തിട്ടും ഒരു പരിഭവവും ഇല്ല..."

അങ്ങിനെ ഇരിക്കുമ്പോള്‍ ബാലേട്ടന്റെ മോള് കയറി വന്നു. അവളെ ഞാന്‍ പച്ചക്കുതിര എന്ന് വിളിച്ചു. ആ പെണ്‍കുട്ടി എപ്പോഴും പച്ചക്കുപ്പായമാ ഇടുക. അപ്പോള്‍ ഈ പേര് കുഴപ്പമില്ലല്ലോ.

ഞാന്‍ അവളെ അങ്ങിനെവിളിച്ചപ്പോള്‍ അച്ചനും മോളും പുഞ്ചിരിച്ചു.

" ഞാന്‍ പിന്നീട് ആ കടമുഴുവന്‍ കറങ്ങി ഒരു കുപ്പി ചോക്കളേറ്റ് എടുത്തു താഴെക്കിട്ടു."

അപ്പോ ബാലേട്ടന്‍..........

“കുട്ട്യോളെ....... ജെ പി സാറിന്റെ കയ്യില്‍ നിന്ന് കുപ്പി താഴെ വീണു. സാറിന്റെ കയ്യില്‍ പൊട്ടലോ മറ്റോ ഉണ്ടെങ്കില്‍ ഡെറ്റോള്‍ ഒഴിച്ച് തുടച്ചുകൊടുക്കൂ...........”.

എന്തൊരു കഷ്ടമാണേ എന്ന് നോക്കണേ ഈ ആള്‍ക്കെന്താ ദ്വേഷ്യം വരാത്തേ. എനിക്ക് പാട്ട് പാടാണ്ട് ധൃതിയായി. എങ്ങിനെയാ ആളെ ഒന്ന് ബുദ്ധിമുട്ടിക്ക്യാ എന്ന് പലവിധത്തില്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ല...

“എന്താ ബാലേട്ടാ ടാജ് മഹള്‍ ടീ ബേഗൊന്നും ഇല്ലാത്തേ...? പിന്നെന്താ ഞാന്‍ മിനിഞ്ഞാന്ന് ചോദിച്ച സാധനമൊന്നും വരുത്താത്തെ....."

"ജെ പി സാറ് അമ്പലത്തില്‍ പോയി വരുമ്പോഴെക്കും ആ രണ്ട് സാധനങ്ങളും വീട്ടിലേക്ക് കൊടുത്തയക്കുന്നതായിരിക്കും...."

"അപ്പോ ഈ ബാലേട്ടനെന്താ അവിടെയുള്ള കണ്ണന്‍ ദേവനും മറ്റു ബ്രാന്‍ഡുകളൊക്കെ എന്നൊക്കൊണ്ട് വാങ്ങിപ്പിച്ച് എന്നെ ദ്വേഷ്യം പിടിപ്പിക്കാഞ്ഞേ. എന്നാലെങ്കിലും എനിക്കാ പാട്ടൊന്ന് പാടാമായിരുന്നു."

ഒരു രക്ഷയുമില്ലാതെ ഞാന്‍ ആ കടയില്‍ നിന്നിറങ്ങി എന്റെ വീട്ടിലേക്ക് നടന്ന് വരുന്ന വഴിയില്‍ കൂടി പോകുമ്പോള്‍ പാടി ഉറക്കെ....

ബാലന്‍ കൂലന്‍ -- -- -- -- -- -- -- -- -- --

അപ്പോ പിന്നില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം.

"കഷ്ടമുണ്ടു പ്രകാശേട്ടാ........ എന്താ ഇങ്ങിനെയൊക്കെ പാടണേ...?"

 അവര്‍ വിചാരിച്ചു ഞാന്‍ തെങ്ങ് കയറുന്ന ബാലനെ പറ്റിയാണ് പാടിയെന്ന്.....

"ആ ബാലനൊന്നും ഇപ്പോള്‍ കാലങ്ങളായി ഇവിടെ വരാറില്ല..."

ഞാന്‍ പിന്നേയും പാടി.......

"ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി കിഴക്കോട്ടോടി......... ഹി ഹി ഹ്ഹി ഹ്ഹി..............”

"എനിക്ക് വട്ടുപിടിച്ചൂന്നാ തോന്നണേ.......? ഹി ഹി ഹ്ഹി ഹ്ഹീ........................”