Wednesday, August 25, 2010

നര്‍മ്മ സല്ലാപം

ഞങ്ങള്‍ ഉത്രാടത്തിന് ഗുരുവായൂര്‍ പോയി വരുമ്പോള്‍ പാവര്‍ട്ടി വഴിക്ക് പോകാമെന്ന് ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു അത് വളഞ്ഞ വഴിയാണെന്ന്. മേനോന്റെ വീട് അവിടെ ആണെന്ന് പറഞ്ഞപ്പോള്‍, ആ വഴിക്ക് പോകാമെന്നും ആയി. അപ്പോളേക്കും വാഹനം കൂനം മൂച്ചി കടന്ന് ചൂണ്ടല്‍ എത്താറായിരുന്നു.

ഞാന്‍ ചൂണ്ടല്‍ പാടത്ത് എത്തിയാ‍ലുടന്‍ അവിടുത്തെ റീഗല്‍ ഹോട്ടലില്‍ കയറി ഒരു ആപ്പ് ചായ കുടിക്കും. എനിക്ക് റീഗലിലെ ചായ ഇഷ്ടമാണ്. പണ്ട് എന്റെ പാറൂട്ടിയ്ക്ക് ഞാന്‍ കുന്നംകുളം ടൌണിലുള്ള റീഗല്‍ ഹോട്ടലില്‍ നിന്ന് പച്ച റൊട്ടിയും മട്ടണ്‍ ചോപ്പ്സും വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു.ചൂണ്ടല്‍ പാടത്തെ റീഗല്‍ ഹോട്ടലില്‍ വെജിറ്റേറിയന്‍ ഫുഡ് മാത്രമെ ഉള്ളൂ. അതിനാല്‍ എന്റെ പെണ്ണ് അവിടെ കയറിയില്ല. എന്റെ മരോള്‍ക്ക് ഞാന്‍ മസാല ദോശ വാങ്ങിക്കൊടുത്തു.
അവള്‍ക്ക് പള്ളേലുണ്ട്. എന്റെ രണ്ടാമത്തെ പേരക്കുട്ടി മൂന്ന് മാസത്തിന്നുള്ളില്‍ വരും. അതിനാല്‍ എനിക്കവളെ ബല്യ ഇഷ്ടമാ ഇപ്പോള്‍.

എന്റെ പെണ്ണിന് ഇനി പെറാന്‍ പറ്റില്ലാത്രേ. അല്ലെങ്കില്‍ ഓള്‍ക്കും പെറ്റൂടെ. മക്കള്‍ക്ക് എത്ര കുട്ടികളുണ്ടായിട്ട് എനിക്ക് നോക്കാന്‍ കിട്ടില്ലല്ലോ> ഇന്നാള്‍ അഞ്ചേരിച്ചിറയില്‍ ഇന്ദുലേഖയുടെ കല്യാണത്തിന് പോയപ്പോള്‍ രാക്കമ്മയുടെ ഫ്രണ്ട് രമ്യയുടെ അമ്മ റീജ പറഞ്ഞു…” ഞാന്‍ ഇപ്പോള്‍ മോള്ടെ കൂടേ കോഴിക്കോട്ടെക്ക് വന്നു.” മോള്‍ക്ക് ജോലിക്ക് പോകുകയും ചെയ്യാം. എനിക്ക് എന്റെ പേരക്കുട്ടിയെ കളിപ്പിച്ചോണ്ടും ഇരിക്കാം.

പക്ഷെ എനിക്കും എന്റെ പെമ്പറന്നോത്തിക്കും അങ്ങിനെ ബേബി സിറ്റിങ്ങിനൊന്നും പറ്റില്ല. എന്റെ മോന്റെ പെണ്ണിന്റെ പള്ളേല് രണ്ട് കുട്ടിയുണ്ടെങ്കില്‍ ഒന്നിനെ ഇവിടെ നിര്‍ത്തണം. അവര്‍ ഒന്നിനെ കൊണ്ടക്കോട്ടെ.കഴിഞ്ഞ ദിവസം എന്റെ മോള്‍ രാക്കമ്മയും അവളുടെ നായര് പ്രവീണും കൂടി നാട് തെണ്ടാന്‍ പോകുന്നതിന്നിടയില്‍ ഇക്കണ്ടവാരിയര്‍ റോഡിലെ മനോരമക്കടുത്ത ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ ഷോപ്പില്‍ നിന്ന് ടേക്ക് എവേ ഫുഡ് വാങ്ങാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഒരു പെണ്ണിനെ കണ്ടത്രെ. അവള്‍ക്ക് മൂന്ന് പെണ്‍കുട്ടികള്‍ ഒറ്റ പ്രസവത്തിന്.അവള്‍ക്ക് എന്റെ പേരക്കിടാവിനെ എടുത്ത് ഓമനിക്കാന്‍ ബല്ലാത്ത മോഹം. അങ്ങിനെ കുട്ടാപ്പുവിനെ അവളെടുത്ത് ഓമനിച്ചു. കാറിലിരിക്കുന്ന കണവനെ വലിച്ചിറക്കി കുട്ടാപ്പുവിനെ ഒക്കത്തിരുത്തി ഒരു ഫോട്ടോയും എടുത്തു.

ഞാന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഒരു പെണ്‍കുട്ടിയെ നോക്കാന്‍ തരുമോ എന്ന് ചോദിക്കുമായിരുന്നു?കൊറേ കുട്ട്യോളുള്ള വീ‍ട് ഒരു ഐശ്വര്യം തന്നെയാണ്. രാക്കമ്മയുടെ കൊച്ചിയിലെ വീട്ടില്‍ സംഗീതേച്ചിക്ക് രണ്ടും, അമ്പിളിക്ക് ഒന്നും, രാക്കമ്മക്ക് ഒന്നും ആയി നാല് കുട്ടികളുണ്ട്. രാക്കമ്മയുടെ അമ്മായി അമ്മക്ക് രാക്കമ്മയുടെ ചെറുക്കനുള്‍പ്പെടെ മൂന്ന് ആണ്‍പിള്ളേരാണ്. എല്ലാരും അവരുടെ കെട്ട്യോള്‍ത്തികളും കുട്ട്യോളും അഛനും അമ്മയുമായി ആ വീട്ടില്‍ 12 പേര്‍. ഇത്രയും സന്തുഷ്ടമായ ഒരു കൂട്ടുകുടുംബം ഈ പുതിയ തലമുറയില്‍ എവിടേയും കാണാനാവില്ല.

എന്റെ പെണ്ണിന്‍ പെറാന്‍ പറ്റില്ലെങ്കില്‍ വേണ്ട. കൊച്ചീല്‍ ഇപ്പോള്‍ നാല് കുട്ട്യോളല്ലേ ഉള്ളൂ. അവരുടെ രണ്ട് നില മാളികയില്‍ പത്തില്‍ കൂടുതല്‍ മുറികളും, വീട്ടില്‍ നാല് കാറുകളും ഉണ്ട്. അതിനാല്‍ ഇനിയും അവിടെ പത്ത് കുട്ടികളെങ്കിലും വേണം. സംഗീതേച്ചി മാത്രം പണിക്ക് പോകുന്നില്ല,. അവര്‍ക്ക് രണ്ട് ആണ്‍പിള്ളേര്‍ മാത്രമേ ഉള്ളൂ. അവര്‍ക്ക് രണ്ട് പെണ്‍കുട്ട്യോളും കൂടി ആകാം അല്ലേ?.

പണ്ട് എന്റെ തറവാട്ടില് ഞാനടക്കം 14 കുട്ടികളുണ്ടായിരുന്നു. എന്റെ അഛനും പാപ്പനും കൊളമ്പിലും സിംഗപ്പൂരും ആയതിനാല്‍ അവര്‍ക്ക് അധികം കുട്ട്യോളുണ്ടായിരുന്നില്ല. പാപ്പന് സിംഗപ്പൂരിലെ ചൈനക്കാരിത്തിയില്‍ കുട്ടികളുണ്ടായിരുന്നു. എന്റെ അഛന് അവിടെ സിംഗളത്തി ഗേള്‍ഫ്ര്ണ്ട് ഉണ്ടായിരുന്നു. കുട്ട്യോളുണ്ടായിരുന്നോ എന്ന് എനിക്കറിയില്ല.

പാപ്പന്‍ സിംഗപ്പൂര്‍ ഉപേക്ഷിച്ച് വരുമ്പോള്‍ ഒരു ചൈനീസ് പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ട് വന്നിരുന്നു. പക്ഷെ അത് അകാലത്തില്‍ ചരമമടഞ്ഞു. എന്റെ പാപ്പനും അഛനും, അവരുടെ പെങ്ങന്മാരും ആവശ്യത്തില്‍ അധികം സൌന്ദര്യമുള്ളവരായിരുന്നു. അതിനാലാവണം ഈ പുറം നാട്ടുകാരികള്‍ അവരെ പ്രേമിക്കാനെത്തിയത്.

എന്നെ പണ്ട് ദുബായില്‍ വെച്ച് ഒരു പെണ്ണ് പ്രേമിച്ചിരുന്നു. പക്ഷെ ഓളെ എനിക്ക് കെട്ടാനായില്ല. എന്റെ അനിയന്‍ ഒരു പെണ്ണുമായി പ്രേമമുണ്ടായിരുന്നു. അവന്‍ അവളെ കെട്ടുകയും ചെയ്തു. എന്റെ വീട്ടില്‍ ഞാനൊഴിച്ച് എല്ലാരും അവരവരുടെ പെണ്ണുങ്ങളെ കണ്ടെത്തുകയായിരുന്നു. എനിക്കെന്തോ അതിന്നുള്ള അവസരം ഉണ്ടായില്ല. ഞാനപ്പോളെക്കും നാട്ടില്‍ നിന്ന് പോയി.

ഞാനിന്നാള്‍ തൃശ്ശൂരിലെ ചെമ്പൂക്കാവ് ടൌണ്‍ഹാള്‍ പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അന്വേഷിച്ച് ഇങ്ങനെ നോക്കി നടക്കുമ്പോള്‍ എനിക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരു യുവതി സ്ഥലം തന്നു. അവളുടെ കാറ് അല്പം അഡ്ജസ്റ്റ് ചെയ്ത് എന്റെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടം തന്നു.

ഞാന്‍ വാഹനം അവിടെ നിര്‍ത്തിയിട്ട് രാമനിലയത്തിലേക്ക് നടന്ന് നീങ്ങുന്നതിന്നിടയില്‍ എന്നോട് ചോദിച്ചു….“ഞാന്‍ ഇത്രയും ത്യാഗം സഹിച്ച് വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം തന്നിട്ട് ഒരു തേങ്ക്സ് പോലും പറയാതെ പോകയാണല്ലേ..?” ഹോ…….. ഐയാം സോറി…….. “തേങ്ക് യു സോ മച്ച്” വരുന്നോ രാമനിലയത്തിലേക്ക്. എന്റെ സഹോദരന്‍ അവിടെയുണ്ട്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്ത്കരായ സിനിമാ സ്റ്റാഫും ഉണ്ട് അവിടെ.

“ഞാനില്ല. ഞാനെങ്ങിനെ ഒരു അപരിചതന്റെ കൂടെ വരും” ശരി എന്നാല്‍ വേണ്ട ഞാന്‍ പോകട്ടെ….. എനിക്ക് തിരക്കുണ്ട്. രാമനിലയത്തിലെ പരിപാടി കഴിഞ്ഞാല്‍ എനിക്ക് ലളിത കലാ അക്കാദമിയിലെ കളമെഴുത്ത് കാണണം. കുറച്ച് പടങ്ങ ള്‍ എടുക്കണം. അതിന്‍ മുന്‍പ് റീജിയണല്‍ തിയേറ്ററിന്നടുത്ത ബീയര്‍ പാര്‍ലറില്‍ നിന്ന് രണ്ട് കുപ്പി ബീയര്‍ കുടിക്കണം.തന്നെയുമല്ല നല്ലങ്കരയില്‍ ഇപ്പോള്‍ താമസമാക്കിയിരിക്കുന്ന എന്റെ ഒരു ബ്ലോഗ് ഫ്ര്ണ്ട്ര് സുരേഷിന്റെ കുട്ട്യോളെ കാണണം. അങ്ങിനെ പണി കുറച്ചുണ്ട്. എന്നെ വിട് ഞാന്‍ പോട്ടേ.

“ഞാനെന്തിനാ ഈ വഴീ കാണുന്ന പെണ്ണുങ്ങളോടോക്കെ കിന്നാരം പറഞ്ഞ് നമ്മുടെ പ്ലാനുകളൊക്കെ തെറ്റിക്കുന്നത്…” പണ്ടാരോ പറഞ്ഞ പോലെ ഞാനൊരു സുന്ദര വിഡ്ഡി തന്നെ.ഞാന്‍ വലിഞ്ഞു നടന്നു റോഡിന്നപ്പുറം ചാടുന്നതിന്നിടയില്‍ പിന്നില്‍ നിന്നൊരു ശബ്ദം…. “ഉണ്ണ്യേട്ടാ………….. “ ആ വിളി കേട്ട് ഞാന്‍ ഞെട്ടി. ഈ തൃശ്ശൂരില്‍ നിന്ന് ആരാ എന്നെ ഉണ്ണ്യേട്ടാ എന്ന് വിളിക്കുന്നത്…?“തിരിഞ്ഞ് നോക്കിയപ്പോള്‍ എനിക്ക് വണ്‍ടി പാറ്ക്ക് ചെയ്യാന്‍ സ്ഥലം തന്ന പെണ്ണ്…”എനിക്കൊന്നും മനസ്സിലായില്ല.

ബീയര്‍ പാര്‍ലറില്‍ നിന്നാണ് ഇറങ്ങിവന്നിരുന്നതെങ്കില്‍ വീലായിട്ടാണെന്ന് വിചാരിക്കാം.“അവള്‍ ഓടി വന്ന് റോഡ് ചാടിക്കടന്ന് എന്റെ കയ്യില്‍ പിടിച്ചു. നടു റോട്ടില്‍ വെച്ച് എന്നെ കെട്ടിപ്പിടിച്ചു. “എന്നെ ചുംബിക്കുമോ എന്ന് ഞാന്‍ ഭയന്നു…”

എനിക്കൊന്നും മനസ്സിലായില്ല!“ഉണ്ണ്യേട്ടനെന്നെ ഓര്‍മ്മയില്ലേ…….. ഞാന്‍ നിര്‍മ്മല. ദുബായില്‍ നമ്മളൊരുമിച്ച്…………..!!!!!!!!

“ഓഹ്……….. നീ പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാന്‍ നിന്നെ ഇപ്പോ ഓര്‍ത്തതേ ഉള്ളൂ….. ഉണ്ണ്യേട്ടന്‍ ഞാന് ഇത്രയും ബുദ്ധിമുട്ടി വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം തന്നത് ആളെ അറിയാഞ്ഞിട്ടല്ല. “വണ്ടിയില്‍ നിന്നിറങ്ങിയാല്‍ എന്നെ വന്ന് കെട്ടിപ്പിടിച്ച് ചുംബിക്കുമെന്ന് ഞാന്‍ ധരിച്ചു.“എനിക്കൊരു മാറ്റവും ഇല്ലല്ലോ> ഉണ്ണ്യേട്ടന് ആകെ കഷണ്ടി കയറിയിരിക്കുന്നു. താടി വെച്ചിരിക്കുന്നു. എന്തെല്ലാം മാറ്റം. എന്നിട്ടും ഞാന്‍ കണ്ട് പിടിച്ചല്ലോ ആളെ.

“എനിക്ക് സംസാരിച്ച് നില്‍ക്കാന്‍ നേരമില്ല. എന്റെ മകള്‍ ടൌണ്‍ ഹാളില്‍ ഒരു പരിപാടിയില്‍ ഉണ്ട്. നമുക്ക് പിന്നെ കാണാം. ഞാന്‍ പാലസ്സ് റോഡിലുള്ള ഒരു ഫ്ലാറ്റിലാണ് താമസം. “ഇതാ എന്റെ കാര്‍ഡ്. വിളിക്കണം. പറ്റുമെങ്കില്‍ നാളെ വന്ന് എന്നെ കാണണം.”“ഹോ….”

വല്ലാത്തൊരു അപ:ശ്ശകുനമായല്ലോ. എല്ലാം അവതാളത്തിലായി. രാമനിലയത്തിലെ പരിപാടിയും, ലളിത കലാ അക്കാദമിയും, നല്ലങ്കരയിലെ സുരേഷിന്റെ വീടും എന്തിന് പറേണ് ഇന്നത്തെ എല്ലാ പരിപാടിയും വെള്ളത്തിലായി. ഏതായാലും ബീയറ് പാറ്ലറില്‍ പോയി രണ്ട് കുപ്പി ചില്‍ഡ് ഫോസ്റ്റേറ്സ് അകത്താക്കാം ഒരു വെളിപാട് വരുന്നത് വരെ !!!!!!!!!!!!!!