Friday, November 13, 2009

മുറ്റമടിക്കുന്ന ചൂലെടുത്ത്... മുറ്റമടിയും കഴിച്ചു പെണ്ണ് >>

മുറ്റമടിക്കുന്ന ചൂലെടുത്ത് എന്ന് തുടങ്ങുന്ന വടക്കന്‍ പാട്ടിന്റെ ഈരടികള്‍ ഇന്ന് കാലത്ത് എന്റെ കാതുകളില്‍ മുഴങ്ങി....

വെളുപ്പാന്‍ കാലത്ത് ഗേറ്റ് തുറന്ന് പത്രം എടുക്കാന്‍ ചെന്നപ്പോള്‍ മുറ്റത്ത് ഇലകളും, അരിപ്പാകുടികളു, ഓലത്തുമ്പുകളുമായി പരന്ന് കിടക്കുന്നു. എനിക്ക് ഒരു കമ്പിച്ചൂലുണ്ട്. അതുമായി ഞാന്‍ ചില ദിവസങ്ങളില്‍ അവിടെ പെരുമാറാറുണ്ട്.

എനിക്കാണെങ്കില്‍ വയസ്സ് എഴുപതാകാറായി.ല്‍ വീട്ടില്‍ മുപ്പത് കഴിഞ്ഞ മോനും, ഇരുപത് കഴിഞ്ഞ മരുമകളും, പിന്നെ എന്റെ എടാകൂടമായ സഹധര്‍മ്മിണിയും ഉണ്ട്. സധക്ക് അറുപതേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും അവളുടെ സ്ഥിതി എണ്‍പത് കഴിഞ്ഞ പോലെയാണ്. എന്നും തണ്ടെല്ല് വേദനയും, കൈകാല്‍ തരിപ്പും, മറ്റുപല അസുഖങ്ങളും.....
ഞാന്‍ എന്റെ വെയര്‍ ഏന്‍ഡ് ടെയര്‍ അസുഖങ്ങളെ വകവെക്കാതെ എന്റെ കമ്പിച്ചൂലെടുത്ത് മുറ്റമടിക്കാന്‍ തുടങ്ങി. കാലത്ത് സാധാരണ കുളികഴിഞ്ഞാണ് മുറ്റമടിക്കാറ് ഞാന്‍. കുളികഴിഞ്ഞ് ഗുരുവായൂരപ്പന് നദ്യാര്‍വട്ടപ്പൂക്കള്‍ സമര്‍പ്പിക്കും, പിന്നെ ഡൈനിങ്ങ് റൂമിലുള്ള കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍ മുതലായ എന്റെ മറ്റു ദൈവങ്ങള്‍ക്ക് ചന്ദനത്തിരി പുകച്ച്, ഗണപതിയുടെ മുന്നില്‍ ഏത്തമിട്ട് നേരെ കിച്ചനില്‍ ചെന്ന് ഒരു സുലൈമാനി കഴിക്കും. എന്നിട്ടാണ് മുറ്റമടിയും പത്രം വായനയും മറ്റും.

പക്ഷെ ഇന്ന് മുറ്റം കിടക്കുന്നത് കണ്ടാല്‍ എന്റെ പ്രായത്തിലുള്ള ഒരു അപ്പൂപ്പനും ക്ഷമിക്കില്ല. ഇന്നെത്തെ കാലത്ത് വലിയ മുറ്റമടിക്കാനുള്ള പെണ്ണുങ്ങളെ ഒന്നും കിട്ടില്ല. എല്ലാം അഞ്ച് സെന്റില്‍ ഉള്ള വീടുകളാണല്ലോ ഇന്നത്തെ കാലത്ത്. അത്തരം വീടുകളില്‍ മുറ്റം എന്നൊരു പ്രതിഭാസം ഉണ്ടാകാറില്ല.

ഞാന്‍ പട്ടണത്തില്‍ വീട് വെക്കുന്നതിന് മുന്‍പ് വലിയ മുറ്റവും അല്പം കൃഷിക്കുള്ള സ്ഥലവും വേണമെന്ന ചിന്താഗതിക്കാരനായിരുന്നു. വാഴയും ചേനയും ഇഞ്ചിയു, മഞ്ഞളും എല്ലാം നടാനുള്ള ഉദ്ദേശത്തില്‍ ഇരുപത്തഞ്ച് സെന്റ് വാങ്ങി.

രണ്ടായിരത്തി എഴുനൂറ് ചതുരശ്ര അടിയില്‍ ഒരു ഇരുനില മാ‍ളികയും, അഞ്ഞൂറ് ചതുരശ്ര അടിയില്‍ ഒരു ഔട്ട് ഹൌസും പണിതു. ബാക്കിയുള്ള സ്ഥലത്ത് എനിക്ക് ഉലാത്തുവാന്‍ വലിയ മുറ്റവും, ശേഷിച്ച സ്ഥലത്ത് വാഴ, ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍, ചിലയിടത്ത് മതിലില്‍ കൂടി കുരുമുളക്, വെറ്റില പിന്നെ മതിലിന്നരികില്‍ കവുങ്ങ്, കരയാമ്പൂ, കറുവപ്പട്ട, പപ്പയാ മുതലായവയും കൃഷിചെയ്തു.

സ്ഥലം വാങ്ങുമ്പോള്‍ തന്നെ അതില്‍ 12 തെങ്ങുകളുണ്ടായിരുന്നു. കൂടുതല്‍ തെങ്ങുകള്‍ വെച്ചു. മുന്‍സിപ്പാലിറ്റിയിലെ വെള്ളം ആവശ്യത്തിന്നനുസരിച്ച് കിട്ടില്ലാ എന്ന കണക്കുകൂട്ടലില്‍ ഒരു കിണര്‍ കുഴിച്ചു. മൂന്ന് കോല്‍ കിണറില്‍ എപ്പോഴും രണ്ട് കോല്‍ വെള്ളമുണ്ടാകും, മഴക്കാലത്ത് ഭൂമിനിരപ്പ് വരെയും.

അങ്ങിനെ എന്റെ സങ്കല്‍പ്പത്തിനൊത്ത ഒരു വീടും പരിസരവും എനിക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് എന്റെ സ്വപ്ന സാക്ഷാതകാരമായിരുന്നു.

അങ്ങിനെയുള്ള ഒരു വീട് അലങ്കോലമായിക്കിടക്കാന്‍ എന്റെ മനസ്സ് അനുവദിക്കില്ല. വയ്യായെങ്കിലും കമ്പിച്ചൂലെടുത്ത് കണ്ണടവെക്കാതെ കാഴ്ച ശരിയല്ലാതെ ഞാന്‍ മുറ്റമടിച്ച് തുടങ്ങി. സാമാന്യം വലിയ മുറ്റമായതിനാല്‍ പെട്ടെന്നൊന്നും അടിച്ച് കഴിയുകയില്ല. ഒരു വിധം ത്യാഗം സഹിച്ച് മുറ്റം മൊത്തം അടിച്ചു. ഉണങ്ങിയ ഇലകളെല്ലാം തീയിട്ടു. ഓലത്തുറുമ്പുകളും അരിപ്പാക്കുടിയും എല്ലാം കൂട്ടി തെങ്ങിന്റെ ചുവട്ടിലിട്ട് മൂടി.
എല്ലാം കഴിഞ്ഞപ്പോളെക്കും ഞാന്‍ അവശനായിരുന്നു. കാലത്തെ സുലൈമാനിയും, കുളിയും തേവാരമൊന്നും കഴിക്കാതെയായിരുന്നു ഇന്നത്തെ മുറ്റമടി.

പണ്ടത്തെക്കാലത്ത് കാലത്ത് എണീറ്റുകഴിഞ്ഞാല്‍ വീട്ടിലെ പെണ്ണുങ്ങള്‍ ആദ്യം ചെയ്യുന്നത് മുറ്റമടിച്ച് ചാണകം തെളിക്കും. എന്നിട്ട് കിണ്ടി കോളാമ്പി മുതല് കഴുകി യഥാസ്ഥാനത്ത് വെക്കും. എന്റെ വീട്ടിലാണെങ്കില്‍ രണ്ട് കെട്ട് വെറ്റില പൊട്ടിച്ച് മുറുക്കാന്‍ ചെല്ലപ്പെട്ടിയില്‍ വെക്കും. മുറുക്കാനുള്ള അടക്കയും പുകയിലയുമൊക്കെ തയ്യാറാക്കും. പൂമുഖത്ത് തുപ്പാനുള്ള കോളാമ്പിയും വെക്കും.
വീട്ടില്‍ വരുന്നവര്‍ക്ക് ആദ്യം ഞങ്ങള്‍ മുറുക്കാനാണ് കൊടുക്കാറ്.

മുറുക്കിക്കഴിഞ്ഞ് അല്പം വിസായമെല്ലാം പറഞ്ഞതിന് ശേഷമാണ് കുടിക്കാനെന്താ വേണമെന്ന് ചോദിക്കൂ. ഒരു പ്രഭാതം വിരിയുന്നത് അങ്ങിനെയാണ്.

ഞാന്‍ മുറ്റമടിച്ച് വീട്ടിന്നകത്തേക്ക് പ്രവേശിച്ചു. സമയം ഏഴുമണി കഴിഞ്ഞിരുന്നു. എന്റെ മരുമകള്‍ എഴുന്നേറ്റിട്ട് പോലും ഉണ്ടായിരുന്നില്ല. അവള്‍ക്കാണെങ്കില്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കലല്ലാതെ വേറെ ജോലിയോ മറ്റോ ഒന്നും ഇല്ല.

[തുടരും]

ഒരു പുതിയ പോസ്റ്റ് ഇവിടെ ജനിക്കുന്നു. കാത്തിരിക്കുക.

Monday, November 2, 2009

ഈ നഗരം

എന്റെ പ്രിയ സുഹൃത്ത് ശ്രീമതി. മിനി കുരിയാക്കോസ് എഴുതിയ കവിത അവരുടെ സമ്മതത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. മിനിക്ക് ആശംസകള്‍ നേരുന്നു.
++++++++++++++++++++++++++++++++

എന്നെ കാണാന് കണ്ണില്ലാത്ത-
ആത്മാവില്‍ വലനെയ്ത
അസഹിഷ്ണമായ ബിംബങ്ങള്‍
മൂളിനടക്കുന്ന നഗരം

മാന്യത നടിച്ചുറങ്ങുന്ന പകലും
ഇരതേടി ഉണരുന്ന രാവും
സൂര്യനസ്തമിക്കാന്‍ അനുവാദ-
മില്ലാത്ത ഗല്ലികളും.

ഇവിടെ ഞാന് സ്വപ്ങ്ങളുടെ
തേരോട്ടം കണ്ടു.
പുതുപെണ്ണിന്റെ കണ്ണീരണിഞ്ഞ
വരികളുറക്കെ വായിച്ച്
നെടുവീര്‍പ്പിടുന്ന ക്യാമ്പുകള്‍കണ്ടു.

ആര്‍ദ്രതവറ്റിയ കണ്ണുകളില്‍
വില്‍പ്പനാതന്ത്രങ്ങളുമായി
പാതിമറഞ്ഞ നഗ്നത.

വിപ്ലവം തോല്‍പ്പിച്ചു കളഞ്ഞ
റഷ്യന്സുന്ദരികളുടെ റൂഷിന്റെവശ്യതയില്‍
കമ്മ്യുണിസംത്തിന് വിലാപം.

അബ്ര കടക്കുമ്പോള്‍ തുഴവീഴാത്ത
ഓളങ്ങളുടെ നെഗളിപ്പില്‍
അറബിപൊന്ന് പൂക്കുന്ന കോണ്‍ക്രീറ്റ്കാടുകള്‍
ഇടയലേഖനം വീഞ്ഞില്‍മുക്കി
കഴിക്കുന്ന വിശ്വാസിയേയും
നിന്റെ വിശ്വാസം നിന്നെ പിഴപ്പിക്കും
എന്നുറക്കെ കരയുന്ന ക്രൂശിതനേയും
ഞാനിവിടെ കണ്ടു.

അതിര്‍ത്തിക്കിരുവശവും തോക്കുകള്‍
ഉന്നംതീര്‍ക്കുമ്പോള്‍
തര്‍ക്കമില്ലാത്ത ഭൂമിയില്‍
ഭാരതീയന്റെ മനസ്സിലേക്ക്
നൂല്‍പ്പാലമിട്ടിറങ്ങിചെല്ലുന്ന പാക്കിസ്താനി...

കാല്‍പ്പനികത നീന്താന് ഉരുപണിയുന്ന-
അറബിക്ക് സലാം മടക്കുന്ന
ഹിന്ദുവും ക്രിസ്ത്യനും,
മടങ്ങാം നേരിന്റെ നേര്‍ക്കാഴ്ചയില്‍നിന്നും
അഞ്ജം സുന്ദരം നഗരം
കാണാന് കണ്ണില്ലാത്തവര്‍ക്ക്!