Monday, June 20, 2016

ഉള്ളിശ്ശേരി

please use Ctrl + for better view

memoir

എനിക്കും എന്റെ കുടുംബത്തിനും കഞ്ഞി കുടിക്കാനുള്ള വക നല്‍കിയ മഹാമനസ്കനാണ്‍ സുഹറയുടെ ഭര്‍ത്താവ് ഞാന്‍ കുഞ്ഞിപ്പയെന്ന് വിളിക്കുന്ന സൈനുദീന്‍. പണ്ട് പണ്ട് അതായത് 1973 ആരുമാരും എന്നെ സഹായിക്കാനില്ലാത്ത കാലത്ത് ഗള്‍ഫിലേക്ക് [മസ്കത്ത്] സൌജന്യ്മായി കൊണ്ട് പോയ വലിയ മനസ്സിനെ ഉടമയാണ്‍ ശ്രീമാന്‍ സൈനുദ്ദീന്‍.
ഞങ്ങള് നാട്ടുകാരും അയല്ക്കാരും ആണ്. ഞാന് കുറച്ച് കാലം മുന്പ് തൃശ്ശൂരിലേക്ക് താമസം മാറ്റി. എന്റെ പിള്ളേരുടെ വിദ്യാഭ്യാസം മസ്കത്തില് നിന്നും നാട്ടിലേക്ക് പറിച്ചുനട്ടപ്പോള് അവര്ക്ക് ഇണങ്ങിയ ഒരു ആംഗലേയ വിദ്യാലയം തൃശ്ശൂരില് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മകനെ എട്ടാം ക്ലാസ്സിലും മകളെ ആറിലും ചേര്ക്കുമ്പോള് അവര്ക്ക് മലയാളം എഴുതാന് അറിയുമായിരുന്നില്ല. വര്ത്തമാനം പറയാന് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.... അതിനാല് അവര്ക്ക് സ്പെഷല് ആംഗലേയം എടുത്ത് പഠിക്കാനായി തൃശ്ശൂരില്, അങ്ങിനെ ഞാന് ഇവിടെ ഒരു വീട് വെച്ചു, ഇപ്പോള് തൃശ്ശൂര്ക്കാരനായി.
എന്റെ നാടായ ചെറുവത്താനിയില് നിന്ന് ഞാന് ഏതാണ്ട് മുപ്പത് കിലോമീറ്റര് അകലേക്കാണ് പോയതെങ്കില് എന്റെ സുഹൃത്ത് സൈനുദ്ദീന് കേവലം ഒരു കിലോമീറ്റര് പടിഞ്ഞാറ് ഉള്ളിശ്ശേരിയിലേക്കാണ് പോയത്.
എന്റെ ജന്മനാടായ ഞമനേങ്ങാട്ട് നിന്ന് ഞാന്‍ വടുതല സ്കൂളിലേക്ക് നടന്നുവന്ന വഴിയാണ്‍ ഉള്ളിശ്ശേരി.. അന്ന് വഴിയില്‍ കൂടി ഒരു വാഹനവും ഓടാന്‍ പറ്റാത്ത തോടായിരുന്നു.. ഉള്ളിശ്ശേരി വരെ തോടും അതുകഴിഞ്ഞാല്‍ മുഹമ്മദ് സായ്‌വിനെ വീട് തൊട്ട് വടുതല സ്കൂള്‍ വരെ ഒരു വല്യവരമ്പും...
ഉള്ളിശ്ശേരിക്ക് എത്തുന്നതിന് മുന്‍പ് ചക്കിത്തറ പാലം, പാലം കഴിഞ്ഞാല്‍ സുകുമാരേട്ടന്റെ അച്ചന്‍ മാക്കുട്ടി ഏട്ടന്റെ പലചരക്കുകട...
പാലം എത്തുന്നതിന്‍ മുന്‍പ് ഒരു നസ്രാണ്യാപ്ലയുടെ എണ്ണ ആട്ടുന്ന ചക്ക് ഉണ്ടായിരുന്നു. ഞാന്‍ ചിലപ്പോള്‍ അവിടെ കുറച്ച് നിന്ന് ചക്കില്‍ നിന്നും പിണ്ണാക്ക് വാരി തിന്നും. ചൂടോടെ കിട്ടുന്ന തേങ്ങാപ്പിണ്ണാക്കിന്റെ രുചി ഇപ്പോഴും എന്റെ നാവിന്‍ തുമ്പത്ത് ഉള്ള പോലെ.
ഞമനേങ്ങാട്ടെ വട്ടം പാടത്തായിരുന്നു എന്റെ വീട്. അവിടെ അച്ചമ്മയും, കോച്ചു എളേമയും, പിന്നെ അമ്മായിയുടെ മക്കളായ ഹേമയും, ഉമയും, രാധാകൃഷ്ണനും ഉണ്ടായിരുന്നു. എന്റെ അമ്മായി ആണ് കോച്ചുവെന്ന ജാനകി. പക്ഷെ ഹേമയും ഉമയും എളേമ്മയെന്ന് വിളിച്ച് കേട്ടിട്ട് ഞാനും അങ്ങിനെ കോച്ചുളേമ എന്ന് വിളിച്ച് ശീലിച്ചു.
ഇപ്പോള്‍ സൈനുദ്ദീനും സുഹറയും താമസിക്കുന്നത് ഉള്ളിശ്ശേരിയിലാണ്‍.. ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്‍ പഴയ ഉള്ളിശ്ശേരിയിലെ തോട്. മഴക്കാലത്ത് മുട്ടറ്റം വെള്ളമുള്ള തോടിന്റെ ഓരം പിടിച്ച് വേണം നടക്കാന്‍..
വഴിയിലൂടെ പണ്ട് ഞാന്‍ എന്റെ ചേച്ചിയുടെ കൂടെ സ്കൂളിലേക്ക് പോകുന്ന കഥമാതൃഭൂമിയില്‍ എഴുതിയിരുന്നു....
ഓര്‍ക്കാന്‍ ഇനിയും ഉണ്ട് - ഉള്ളിശ്ശേരി എന്ന കൊച്ചു ഗ്രാമത്തെ പറ്റി.. ചെറുവത്താനിക്ക് പടിഞ്ഞാറ് ആണ്‍ വടുതല, അതിന്‍ പടിഞ്ഞാറ് ഉള്ളിശ്ശേരി, പിന്നെ ചക്കിത്തറ - അങ്ങിനെ പോകുന്നു ഞമനേങ്ങട്ടേക്കുള്ള വഴിയിലെ പുരാണം.
ഞാനും സൈനുദ്ദീനും പഠിച്ചിരുന്നത് വടുതല സ്കൂളില്‍ തന്നെ. അന്ന് സൈനുദ്ദിന്റെ തറവാടും എന്റെ അമ്മയുടെ വീടും അടുത്തായിരുന്നു. ഞാന്‍ ചില ദിവസങ്ങളില്‍ നടക്കാന്‍ പറ്റില്ലായെന്ന് പറഞ്ഞ് സമരം ചെയ്താല്‍ അമ്മ വീട്ടില്‍ തങ്ങും. ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയെ ആണ്‍.. അമ്മ വടുതല സ്കൂളിലെ ടീച്ചറ് ആയിരുന്നു.
സ്കൂള്‍ തുറക്കുമ്പോല്‍ സ്കൂള്‍ പറമ്പിലെ പൂമരം പൂത്തുലഞ്ഞ് നില്‍ക്കുന്നത് കാണാന്‍ രസമാണ്‍.. സ്കൂള്‍ പടിക്കലെ നാരായണേട്ടന്‍ മിഠായി വില്‍ക്കാന്‍ വരും. വടി പോലെ മഞ്ഞ നിറത്തിലുള്ള ശര്‍ക്കര മിഠായിയും, പിന്നെ ഒരു ചുവന്ന വടി മിഠായിയും. ശര്‍ക്കര മിഠായി ടാറുപോലെ കാഠിന്യമേറിയതാണ്‍, പെട്ടെന്ന് കടിച്ച് തിന്നാന്‍ പറ്റില്ല. പക്ഷെ ചുവപ്പു മിഠായി വേഗം അലിയും, നാവ് കുറച്ച് നേരത്തേക്ക് ചുവന്നിരിക്കും. പിന്നെ കപ്പലണ്ടിയും കടലയും ഉണ്ടാകും.
സ്കൂളിന്റെ മുന്നിലൊരു ചായപ്പീടികയും പലചരക്കുകടയും ഉണ്ടായിരുന്നു. ചായപ്പീടികയില്‍ നിന്ന് ടീച്ചര്‍മാര്‍ക്ക് ചായ വരും. ചിലപ്പോല്‍ എനിക്കും കിട്ടും ഒരു മൃക്ക് ഞാന്‍ വഴിക്കെങ്ങാനും പോയാല്‍.
ചേച്ചിക്ക് വീട്ടില്‍ നിന്ന് ചൂടുചോറും മീന്‍ കൂട്ടാനും പപ്പടവും ചമ്മന്തിയും ഒക്കെ വരും ഉച്ചയൂണിന്‍. ചേച്ചി എല്ലാ ടീച്ചര്‍മാര്‍ക്കും കൊടുക്കും.
ഞാന്‍ എന്റെ കളിക്കൂട്ടുകാരിയായ പ്രേമിയുമായി ഫോണില്‍ സംസാരിച്ചു ഇന്നെലെ.. എന്നെക്കാളും നാലഞ്ച് മാസം ഇളയതായിരുന്നു പ്രേമി എന്ന പ്രേമലത. ഞാനും പ്രേമിയും അവസാനമായി കണ്ടത് ഞങ്ങള്‍ക്ക് പതിമൂന്ന് വയസ്സുപ്രായത്തില്‍.
കഥകളും ബാക്കി ഉള്ളിശ്ശേരി വിശേഷവും താമസിയാതെ എഴുതാം.