Monday, November 29, 2010

കുട്ടാപ്പുവിന്റെ ചലനങ്ങള്‍

കുട്ടാപ്പുവിന്റെ ചലനങ്ങള്‍ കേമറക്കണ്ണുകളിലൂടെ.മക്കള്‍ക്ക് കുട്ടികളുണ്ടാകുമ്പോളാണ് ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നത്. പണ്ടൊക്കെ ചിന്തിക്കുമായിരുന്നു രോഗിയായ എന്നെ വേഗം കൊണ്ടോകണേ ഭഗവാനേ എന്ന്. പാരമ്പര്യമായി അറുപതിനോടടുക്കുമ്പോള്‍ എല്ലാരും പരലോകം പ്രാപിക്കുക്കുമായിരുന്നു.

എനിക്കെന്തോ എന്നറിയില്ല, എന്റെ ടിക്കറ്റ് ഇത് വരെയും കണ്‍ഫേം ആയില്ല.വാതം ഒരു രോഗമല്ല ചിലര്‍ക്ക്.കൂടെ മറ്റു രോഗങ്ങളും കൂടിയായാലോ. അപ്പോള്‍ വയസ്സന്മാര്‍ പറയുന്നത് കേള്‍ക്കാറില്ലേ. ഭഗവാനേ അധികം ബുദ്ധിമുട്ടിക്കാതെ എന്നെ അങ്ങോട്ട് വിളിക്കേണമേ എന്ന്. ഞാനും പണ്ടൊക്കെ അങ്ങിനെ ഭഗവാനോട് കേണപേക്ഷിക്കാറുണ്ട്.

ഇപ്പോള്‍ എന്റെ പേരക്കുട്ട്യോളെ പിരിഞ്ഞിരിക്കാനെനിക്കാവുന്നില്ല.ഇവന്‍ കുട്ടാപ്പു. ഒരു കുട്ടിമാളു കൂടി വന്നിട്ടുണ്ട്. ഒരു മാസം തികഞ്ഞിട്ടില്ല.

Thursday, November 11, 2010

ദേവൂട്ടി

ദേവൂട്ടി - കഥ

എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവരുടെ തിരുനടയില്‍ നിന്നാണ് എനിക്ക് ഈ നാട്ടുകാരായ പലരേയും സുഹൃത്തുക്കളായി ലഭിക്കുന്നത്. ഇവിടെ നിന്നും പടിഞ്ഞാറ് 30 കിലോമീറ്ററകലെയുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ്‍ ഞാന്‍ ഇവിടേക്ക് ചേക്കേറിയത്.

മറ്റൊന്നും കൊണ്ടല്ല… മലായാളം എഴുതാനറിയാത്ത എന്റെ മക്കളെ പഠിപ്പിക്കാന്‍ എനിക്ക് ഏറ്റവും അടുത്ത് തൃശ്ശൂര്‍ പട്ടണമായിരുന്നു എന്റെ കണ്മുന്നില്‍ തെളിഞ്ഞത്. അങ്ങിനെ ഇപ്പോള്‍ ഞാന്‍ തൃശ്ശൂര്‍ക്കാരനായി. ഇവിടുത്തെ നാട്ടുകാര്‍ എന്റെ പ്രിയസുഹൃത്തുക്കളും.

കുട്ടികാളാണെന്റെ ലോകം. എന്നെ ഒരു ഡോക്ടറാക്കി കുട്ടികളുടെ സ്പെഷലിസ്റ്റ് ആക്കാനായിരുന്നു എന്റെ മാതാവിന്റെ മോഹം. പക്ഷെ ഞാന്‍ കുറച്ച് നാളത്തെ പഠിപ്പിന്‍ ശേഷം കോളേജില്‍ നിന്ന് ഓടിപ്പോയി. എന്റെ മനസ്സിലെ ആഗ്രഹം മറ്റൊന്നായിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ പാടത്ത് പണിക്ക് പോകുന്ന ഒരു പെണ്ണിന്റെ കുട്ടിയെ ചിലപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നിര്‍ത്തുമായിരുന്നു. അവളുടെ അമ്മ കാലത്ത് വീട്ടുപണിക്ക് എന്റെ വീട്ടില്‍ വരുമായിരുന്നു. ആ അമ്മക്ക് ഈ മകളല്ലാതെ മറ്റാരും ഇല്ലാഞ്ഞതിനാല്‍ പോകുന്നിടത്തെല്ലാം ഈ കൊച്ചിനെ കൂട്ടിയിരുന്നു.

ഒന്ന് രണ്ട് ദിവസം ഞാന്‍ ഈ കുഞ്ഞിനെ എന്റെ വീട്ടില്‍ കാണാനിടയായി. ആ സമയം എന്റെ പിതാവ് സിലോണില്‍ നിന്ന് അവധിക്ക് വന്ന സമയമായിരുന്നു. അദ്ദേഹത്തിന്റെ അടുക്കലാകും ഈ പെണ്കുട്ടി മിക്കവാറും. എന്റെ മാതവ് അവള്‍ക്ക് ഉടുപ്പ് തുന്നിക്കൊടുക്കും. ആ വീട്ടിലെ ഒരു അംഗത്തെപ്പോലെ ഗായത്രി വളര്‍ന്നു. ഞാന്‍ അവളെ കുളിപ്പിക്കുകയും എന്റെ കൂടെ കിടത്തി ഉറക്കുകയും ഭക്ഷണം കൊടുക്കുകയും എല്ലാം ചെയ്യുമായിരുന്നു. അന്നവള്‍ക്ക് 3 വയസ്സേ ഉണ്ടായിരുന്നുള്ളൂ…

അവള്‍ ചിലപ്പോള്‍ അമ്മയെ വിളിച്ച് കരയും. ചിലപ്പോള്‍ വെറുതെ കരഞ്ഞും കൊണ്ടിരിക്കും. വെറുതെ കരയുമ്പോള്‍ ഞാന്‍ ഒരു ഈര്‍ക്കിളി എടുത്ത് അവളെ തല്ലും. അപ്പോള്‍ ആ വേദന കൊണ്ട് അവള്‍ വീണ്ടും കരയും. പക്ഷെ അടിയുടെ വേദന ശമിച്ചാല്‍ കരച്ചില്‍ നിര്‍ത്തുകയും ചെയ്യും. ഇനി അഥവാ അവള്‍ക്ക് ആ അടി കിട്ടിയില്ലെങ്കില്‍ ഒരു പക്ഷെ ദിവസം മുഴുവനും അവള്‍ കരഞ്ഞും കൊണ്ടിരിക്കും.

“ഈ ഈര്‍ക്കിളിപ്രയോഗം” പില്‍ക്കാലത്ത് എനിക്ക് രണ്ട് സന്താനങ്ങളുണ്ടായപ്പോള്‍ ഞാന്‍ പ്രയോഗിക്കാറുണ്ട്. ഒരു കാരണവുമില്ലാതെ ചില പിള്ളേര്‍ ചുമ്മാതങ്ങ് കരഞ്ഞും കൊണ്ടിരിക്കും. അപ്പോള്‍ ഈ ഈര്‍ക്കിളിപ്രയോഗത്തിലൂടെ അവര്‍ നല്ല്ല കുട്ടികളാകും.

എനിക്കും അവധിക്കാലമായതിനാല്‍ ഏതാണ്ട് ഒരു മാസം ഞാന്‍ ഗായത്രിയെ എന്റെ കുഞ്ഞിനെപ്പോലെ പരിചരിച്ചു. കാലത്ത് 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഗായത്രി എന്റെ കൂടെയാകും. വൈകിട്ട് അവളുടെ അമ്മ പാടത്ത് നിന്ന് വരുന്നതിന്‍ മുന്‍പ് ഞാന്‍ അവളെ കിണറ്റിന്‍ കരയില്‍ കൊണ്ടോയി നിര്‍ത്തി ടാങ്കില്‍ നിറഞ്ഞ് വെള്ളം കോരിയൊഴിച്ച് അവളും ഞാനും ഒരുമിച്ച് കുളിക്കും.

ചിലപ്പോള്‍ അവള്‍ തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയടിക്കുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എല്ലാരും പറയും ഉണ്ണി ഗായത്രിയെ വെറുതെ തല്ലുമെന്ന്. അത് ആളുകള്‍ കുശുമ്പിന് പറയുകയായിരുന്നു. ഈ ഗായത്രിയില്‍ കൂടിയാണ്‍ എനിക്ക് കുഞ്ഞുങ്ങളോട് ഇത്ര അടുപ്പമായത്.

അടുത്ത വീട്ടിലെ പിള്ളേരുടെ കല്യാണം കഴിയുമ്പോളൊക്കെ ഞാന്‍ വിചാരിക്കും “എന്താ എന്റെ കല്യാണം നടത്തിത്തരാത്തത് എന്റെ അമ്മയും അഛനും“ പ്രായമായി പുരനിറഞ്ഞ് നില്‍ക്കുന്ന ഒരു ചെക്കനുണ്ടല്ലോ എന്ന ഒരു വേവലാതിയും എന്റെ രക്ഷിതാക്കള്‍ക്കുണ്ടായിരുന്നില്ല.!!

ഇനി ഏതെങ്കിലും ഒരു പെണ്ണിനെ പിടിച്ചോണ്ട് വീട്ടിലേക്ക് കയറി വരാനുള്ള തന്റേടവും എനിക്കുണ്‍ടായിരുന്നില്ല. എന്റെ പിതാവ് കടുകട്ടിയുള്ള പട്ടാളച്ചിട്ടയേക്കള്‍ കാഠിന്യമുള്ള ഒരു പ്രകൃതക്കാരനായിരുന്നു. അദ്ദേഹം എന്റെ അമ്മയെ അമ്മയുടെ പിതാവിന്റെ സമ്മതമില്ലാതെ വീട്ടില്‍ പോയി താലികെട്ടി വിളിച്ചോണ്ട് വന്നയാളാണ്‍. പക്ഷെ അദ്ദേഹത്തിന്‍ അതിന്നുള്ള ചങ്കൂറ്റവും പടയാളിയായ പിതാവും നാട്ടുകാരും ഉയര്‍ന്ന വരുമാനമുള്ള ജോലിയും ഉണ്ടായിരുന്നു. ഈ എനിക്കോ ഒന്നുമില്ല. ജോലിയുമില്ല വരുമാനവും ഇല്ല. പിന്നെങ്ങിനെയാ വല്ല പെണ്ണുങ്ങളേയും വിളിച്ചോണ്ട് വരിക.

ഒരു പക്ഷെ ഒരു നേരത്തെ ഭക്ഷണവും അന്തിയുറങ്ങാനുള്ള സൌകര്യങ്ങളും പിതാവ് നല്‍കിയെന്ന് വരാം. അതിനാല്‍ ഞാന്‍ എന്റെ വിവാഹസ്വപ്നം മടക്കിക്കെട്ടി അയയില്‍ കെട്ടിത്തൂക്കി. വല്ലവരുടേയും മക്കളെ താലോലിക്കാനാകും എന്റെ വിധി. ആരുടെ മക്കളായാലും എനിക്ക് വേണ്ടില്ല. അവര്‍ എപ്പോഴും എന്നോട് കൂടിയുണ്ടാവണം എന്നൊരു അത്യാഗ്രഹമാ‍യിരുന്നു എന്റെ മനസ്സില്‍.

+ദേവൂട്ടിയുടെ കഥ പറയുന്നതിനും മുന്‍പേ തന്നെ ഞാന്‍ കഥയില്‍ നിന്നെങ്ങോ പോയി. എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന് എന്നെ എപ്പോഴും ശാസിക്കും ഇങ്ങനെ കഥയെഴുതുമ്പോള്‍ കഥയില്‍ നിന്ന് എങ്ങോട്ടെങ്കിലും ഓടിയാല്‍. പക്ഷെ ശീലിച്ചതല്ലെ പാലിക്കൂ എന്ന് പറയുന്ന പോലെ എന്റെ സ്വാഭാവം ഇനി മാറുമെന്ന് തോന്നുന്നില്ല. ഞാന്‍ എഴുതാന് തുടങ്ങിയത് എന്റെ അറുപതാം വയസ്സിലാണ്.

ആദ്യകാലങ്ങളില്‍ ഞാന് ഇത്രയും എഴുതുമായിരുന്നില്ല. ഇപ്പോള്‍ എനിക്ക് എപ്പോഴും വേദനായാണ്‍. പിന്നെ കുറേശ്ശെ മറവിയും. ഇന്ന് കാലത്ത് എണീറ്റുതുടങ്ങിയപ്പോള്‍ തുടങ്ങിയതാണ്‍ വേദന.

കാലിന്റെ വിരലുകളില്‍ കൂടി എന്തോ കയറിപ്പോകുന്ന പൊലെ, അല്ലെങ്കില്‍ കാല്‍ പാദത്തിന്നടിയില്‍ സെന്‍സിവിറ്റി കുറഞ്ഞപോലെ. പലമരുന്നും കഴിഞ്ഞ് ഇപ്പോള്‍ ആയുര്‍വ്വേദത്തിനെ ശരണം പ്രാപിച്ചിരിക്കയാണ്‍. ഇനി ഇതും കൊണ്ട് രക്ഷപ്പെടില്ലെങ്കില്‍ പിന്നെ ഈശ്വരനാമം ജപിച്ച് ഏതെങ്കിലും ക്ഷേത്രനടയില്‍ ഭജനമിരിക്കണം. എന്നെ ചികിസ്തിക്കുന്ന ഡോക്ടര്‍മാര്‍ക്കൊന്നും എന്റെ അസുഖം എന്താണെന്ന് മനസ്സിലായിക്കാണില്ല. എല്ലാരും പറയുന്നു വാതമാണെന്ന്. അലോപ്പതി ചികിത്സയിലൊക്കെ വേദനസംഹാരികളാണ്‍. അത് കഴിച്ചാല്‍ പിന്നെ അസുഖമുണ്ടെന്ന് തോന്നില്ല. രണ്ട് ദിവസം കഴിച്ചില്ലെങ്കില്‍ പിന്നെ എണീറ്റ് നടക്കാന്‍ പറ്റില്ല. 8 മാസം തുടര്‍ന്ന് ന്യൂറോ ഫിസിഷ്യന്‍ എന്നെ ചികിസ്തിച്ച് ഭേദമാകാതെ ഞാന്‍ അയാളെ കയ്യൊഴിഞ്ഞു. ഹോമിയോപ്പതിയും ഫലിച്ചില്ല.

കാലത്ത് കഷായം കുടിച്ച് കഴിഞ്ഞാല്‍ തൈലം തേച്ച് അരമണിക്കൂറ് ഇരിക്കണം. പിന്നീട് ചുടുവെള്ളത്തില്‍ കുളി. അത് കഴിഞ്ഞേ പ്രാതല്‍ പാടുള്ളൂ.

ഈ വയ്യാത്ത എനിക്ക് എന്റെ പെണ്ണിനേയും കൂടി നോക്കണം ഇപ്പോള്‍. അവളുടെ രണ്ട് കൈകളും സര്‍ജറി കഴിഞ്ഞ് ഇരിക്കുകയാണ്‍. അവള്‍ക്ക് ഭക്ഷണം കോരിക്കൊടുക്കണം. കുളിപ്പിക്കണം. ഒരു കൊച്ചുകുട്ടിയെ പരിചരിക്കുന്നപോലെ എല്ലാം ചെയ്തുകൊടുക്കണം.

അവളുടെ കാലത്തെ ദിനചര്യകളെല്ലാം നടത്തിക്കൊടുക്കുന്നതിന്നിടയില്‍ ഞാന്‍ തൈലം തേക്കാന്‍ മറന്നു. കുളിക്കുകയും ചെയ്തു. ഇനി തൈലം രാത്രി മാത്രമെ തേക്കാന്‍ പറ്റൂ.
വാതരോഗിയായ ഞാന്‍ എഴുത്തില്‍ കൂടി എന്റെ വേദനകള്‍ മറക്കുന്നു. ഞാന്‍ വേദനസംഹാരി ഗുളികകള്‍ സ്വയം നിര്‍ത്തലാക്കി. ഇപ്പോള്‍ ഞാന്‍ ഉറങ്ങും എഴുതുകയോ വരക്കുകയോ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയോ ചെയ്തുകൊണ്ടിരിക്കും.

കഴിഞ്ഞ കുറച്ച് നാളുകളായി ഞാന്‍ ദേവൂട്ടിയെ ശ്രദ്ധിക്കുന്നു. പക്ഷെ അവള്‍ എന്നെ എപ്പോ കണ്ടാലും ഓടിയൊളിക്കും. ഒരു ദിവസം ഞാന്‍ അവളെ ഓടിച്ചിട്ട് പിടിച്ചു, പക്ഷെ നിമിഷത്തിന്നകം അവള്‍ കുതറി മാറി എങ്ങോ പോയി മറഞ്ഞു.

ഞാന്‍ പലപ്പോഴും ശ്രദ്ധിക്കുമായിരുന്നു ഇവളെ. ഇവളെക്കൂടെ ഇവളുടെ മാതാ‍വിനെ ഒരിക്കലും അല്ലെങ്കില്‍ കൂടെ മറ്റേതെങ്കിലും സ്ത്രീകളെയോ കാണാറില്ല. എന്റെ ഒരു സുഹൃത്തിനെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങളായിരിക്കും ഇവളുടെ. ഇവളെ കണ്ടാല്‍ എടുത്ത് ഓമനിക്കാന്‍ തോന്നും അത്രയും സുന്ദരിയാണ്‍ ദേവൂട്ടി. കഴുത്തിലൊരു ചരടും അതിലൊരു ഏലസ്സും ഉണ്ട് ദേവൂട്ടിക്ക്.
എന്റെ കൈവിരലുകള്‍ തരിച്ച് തുടങ്ങി മരവിപ്പും. ഇനി അടുത്ത മരുന്ന ആഹാരശേഷം മാത്രം. അതിന്‍ ഇനിയും 4 മണിക്കൂറ് കാത്തിരിക്കണം. ഞാന്‍ പോയി അല്പം വിശ്രമിക്കട്ടെ. ദേവൂട്ടിയുടെ കഥ അടുത്ത ഡോസ് മരുന്ന് കഴിച്ച് തുടരാം.

ദശമൂലബലാരിഷ്ടത്തില്‍ യോഗരാജഗുല്‍ഗുലു ഗുളിക ചേര്‍ത്ത് കഴിക്കണം. കാലത്ത് മഹാരാസ്നാദി കഷായം കുടിച്ച് കൊട്ടന്‍ ചുക്കാദി തൈലം തേച്ചാണ്‍ കുളിക്കേണ്ടിയിരുന്നത്. അത് ഇന്ന് മറന്നു, അതിനാലായിരിക്കണം ഈ വേദന.

കുറിപ്പ് = അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ പരിഹരിക്കാം.

[തുടരും]
+