Thursday, September 9, 2010

കഴുത്തിലെ കടിഞ്ഞാണ്

എന്താ സരിഗേ വിശേഷങ്ങളൊക്കെ ?
“ഇങ്ങിനെ കഴിഞ്ഞ്പോകുന്നു സാറേ”

ഇങ്ങിനെ ഒരു ഡയലോഗ് കാണുമ്പോള്‍ എല്ലാരും വിചാരിക്കും ആരാണീ സരിഗ. വായിച്ച് വായിച്ച് അങ്ങിനെ ഇരിക്കുമ്പോള്‍ കഥാപാത്രത്തെ മനസ്സിലാക്കുകയാണല്ലോ പതിവ്.

അങ്ങിനെ മതിയെങ്കില്‍ അങ്ങിനെയാകാം അല്ലേ..?

സരിഗ ഒരു വലിയ പെണ്ണാണെങ്കിലും കാഴ്ചയില്‍ ഒരു ഏഴിലോ എട്ടിലോ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെപ്പോലെയേ തോന്നുകയുള്ളൂ….. ആദ്യ്മൊക്കെ ഞാന്‍ വിചാരിച്ചു ഈ കുട്ടീസ് ഒന്നും മിണ്ടുകയില്ലെന്ന്. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോളല്ലേ മനസ്സിലായത് ആളൊരു പുലിയാണെന്ന്.

പഠിപ്പെല്ലാം കഴിഞ്ഞ് മാസ്റ്റര്‍ ബിരുദവുമായി എന്റെ തട്ടകത്തില്‍ ഇന്റേണ്‍ഷിപ്പിനായി വന്നിരിക്കുന്ന ഒരു കൊച്ചു സുന്ദരിയാണ് ഈ സരിഗ. ആളുടെ വീട് അടുത്താണെന്ന് പറയാന്‍ വയ്യ. ഒരു മണീക്കൂര്‍ കൊണ്ട് ഇവിടെ എത്താം..

സാധാരണ എന്റെ ഓഫീസിലെ പെണ്‍കുട്ട്യോള്‍ വീട്ടില്‍ നിന്ന് ആഹാരം കൊണ്ട് വരും. ആണ്‍ കുട്ട്യോള്‍ ചിലര്‍ അടുത്തുള്ള ഹോട്ടലില്‍ പോയി സാപ്പിടും. സരിഗ ഭക്ഷണം കൊണ്ട് വരില്ല. ഒരു കുഞ്ഞ്യേ വയറാണ് സരിഗയുടേത്. അത് നിറയെ കാലത്ത് ചോറ് കൊണ്ട് നിറക്കും. പിന്നെ ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ പിന്നേയും നിറക്കും.

ഞാന്‍ ഒരു ദിവസം ചോദിച്ചു വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വന്നുകൂടെയെന്ന്. അപ്പോള്‍ പറഞ്ഞു, കോളേജില്‍ പഠിക്കുമ്പോളും ഇങ്ങിനെയാണെന്ന്.
ഞാന്‍ എന്താണ് അങ്ങിനെ ചോദിച്ചതെന്തെന്നാല്‍ സരിഗ ഭക്ഷണം കൊണ്ട് വരികയാണെങ്കില്‍ എനിക്കും കൂടി അതില്‍ നിന്ന് ഒരു ഓഹരി വാങ്ങിക്കഴിക്കാമല്ലോ എന്റെ പെമ്പറന്നോത്തി വക്കാണം കൂടി ചില ദിവസം എന്നെ ഉച്ചക്ക് പട്ടിണിയിടുമ്പോള്‍!

സമീപത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം ലഭിക്കാണ്ടല്ല. ഈ കുട്ട്യോളുടെ കൂടെ കഴിക്കാന്‍ ഒരു രസമാണല്ലോ എന്ന് കരുതിയാണ്. സരിഗയുടെ വീടിന്നരികില് ഒരു പുഴയുണ്ട്. അതിനാല്‍ പുഴമീനും, പിന്നെ കടല്‍ മീനും കിട്ടും. വീട്ടിലെ വിശേഷങ്ങളെല്ലാം പറയും.

ഒരിക്കല്‍ സരിഗയുടെ വീട്ടില്‍ എനിക്കിഷ്ടപ്പെട്ട ഒരു പുഴമീന്‍ കറിവെച്ചെന്ന് പറഞ്ഞപ്പോള്‍ എന്റെ വായില്‍ വെള്ളമൂറി. ഞാനത് അവളെ ധരിപ്പിക്കയും ചെയ്യും. ഇനി അത്തരം മീന്‍ വെക്കുമ്പോള്‍ എനിക്ക് കുറച്ച് കൊണ്ട് വരാമോ എന്ന് ചോദിച്ച് അവള്‍ മറുപടി പറയുന്നതിന് മുന്‍പ് ഓഫീസിലെ നായര്‍ ജീ അത് മുടക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ>

“പ്രകാശേട്ടനിപ്പോള്‍ ആ കുട്ടി മീന്‍ കൂട്ടാന്‍ പാര്‍സല്‍ കൊണ്ട് വര്യല്ലേ. വേറെ പണിയൊന്നുമില്ലേ അവള്‍ക്ക്. പിന്നേയ് ഈ ഓഫീസ് സമയത്ത് അധികം കിന്നാരം വേണ്ട. മോളേ നീ പണിയില്‍ ശ്രദ്ധിക്ക്……….. “

ഈ ആരല്‍ പോലെയുള്ള ഒരു മീനുണ്‍ട്. അത് പുഴയിലാണ് ധാരാളം കാണുക. പണ്ട് ഞാന്‍ ആയുര്‍വ്വേദം പഠിക്കാന്‍ പോയപ്പോള്‍ ഷൊര്‍ണൂര്‍ പാലത്തിന്റെ അടിയില്‍ കുളിക്കാന്‍ പോകാറുണ്ടായിരുന്നു. അപ്പോള്‍ അവിടെ പിള്ളേര്‍ പാലത്തിന്റെ തൂണുകളുടെ ഇടയില്‍ ഒളിച്ചിരിക്കുന്ന ആരലുകളെ പിടിക്കുന്നത് കാണാമായിരുന്നു. പിന്നെ കുളക്കടവിലെ കല്ലുകളുടെ ഇടയിലും ഈ മീനുകളെ ധാരാളം കാണാം.

അന്ന് എനിക്ക് ഈ ആരലുകളെ കറിവെച്ച് തരാന്‍ ആ പുഴക്കരയില്‍ ഒരു ആളുണ്ടായിരുന്നു. ചാരുവും കുടുംബവും. ഞാന്‍ അവിടെ ഇടക്ക് എന്റെ ചേച്ചിയുടെ കൂടെ പോയി താമസിക്കാറുണ്ടായിരുന്നു. ചാരുവിന്റെ വീട്ടിലെ താമസവും ഭാരതപ്പുഴയിലെ കുളിയും പിന്നെ ചാരുവിന്റെ മൂത്ത സഹോദരനുമായുള്ള സൌഹൃദവും ഒക്കെ രസകരമായിരുന്നു.

ഞാന്‍ അന്ന് കോളേജ് ഹോസ്റ്റലില്‍ താമസിക്കാതെ പുറത്തായിരുന്നു താമസം. വൈകിട്ടുള്ള ഭക്ഷണം ഷൊര്‍ണൂര് അങ്ങാടിയിലെ ഒരു സാമിയുടെ ഹോട്ടലില്‍ നിന്നായിരുന്നു. അവിടെ നിന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യം “ഊത്തപ്പം” കഴിച്ചത്. അത്രയും രുചിയുള്ള ഊത്തപ്പം ഞാന്‍ പിന്നെ കഴിച്ചിട്ടില്ല. ഇന്നും അതിന്റെ രുചി എന്റെ നാവിന്‍ തുമ്പത്തുണ്ട്.

അന്നൊക്കെ ഭാരതപ്പുഴയില്‍ വേനക്കാലത്തും നീര്‍ച്ചാലുകളും കുളിക്കാന്‍ സമൃദ്ധിയായി വെള്ളവും ഉണ്ടാകും. വൈകിട്ടെത്തെ ഭാരതപ്പുഴയിലെ കുളി ഒരിക്കലും ഒഴിവാക്കുകയില്ല. അവിടെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരേ കടവിലാണ് കുളിക്കാറ്. ഞാന്‍ ഭാരതപ്പുഴയില്‍ നിന്നാണ് വെള്ളത്തില്‍ ഊളയിടാന്‍ പഠിച്ചത്. ഊളയിട്ടാണ് ചിലപ്പോള്‍ പിള്ളേരുടെ കൂടെ കല്ലുകളുടെ ഇടയില്‍ നിന്ന് മീനെ പിടിക്കുക.

ഞാന്‍ പിന്നീട് പെണ്ണുങ്ങള്‍ കുളിക്കുന്ന പടവില്‍ കുളിക്കാറില്ല. ആ കടവില്‍ കൂടി നീന്തി അക്കരയെത്തി അവിടെ നിന്നാണ് എന്റെ മീന്‍ പിടുത്തവും കുളിയുമെല്ലാം. അങ്ങിനെ നീരാടല്‍ കഴിഞ്ഞ് കണ്ണുകളെല്ലാം കലങ്ങി ചോപ്പുനിറമായാലേ പുഴയില്‍ നിന്ന് കയറൂ……….

ഓ……… അതൊക്കെ ഒരു സുന്ദരകാലം!!!

സരിഗയുടെ വീട്ടിലെ പുഴമത്സ്യക്കറിയുടെ കാര്യം പറഞ്ഞ് ഞാനെങ്ങോട്ടോ പോയി. എന്നോട് എന്റെ സഹപ്രവര്‍ത്തകന് നായര്‍ ജീ പലപ്പോഴും പറയും എഴുതുമ്പോള്‍ ആ വിഷയത്തില്‍ നിന്ന് മാറിപ്പോകരുതെന്ന്. എനിക്കങ്ങിനെ ചെയ്യാന്‍ ആവുന്നില്ല. പിന്നെ ഞാനതിന് ഒരു എഴുത്തുകാരനും അല്ലല്ലോ. എനിക്ക് തോന്നുന്നത് ഞാനെഴുതുന്നു അത്രമാത്രം.

അങ്ങിനെ സരിഗയുടെ ചോറ്റും പാത്രത്തില്‍ നിന്ന് ഒരു പിടി ചോറുണ്ണാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ല എന്ന് പറഞ്ഞാ പോരേ. ഞാന്‍ വീട്ടിലേക്ക് ചെന്നാല്‍ മീന്‍ കൂട്ടാനും ചോറുമെല്ലാം തരാമെന്ന് പറഞ്ഞിട്ടുണ്ട് സരിഗ.

ഒരു ദിവസം പോകണം സരിഗയുടെ വീട്ടിലേക്ക്. “എവിടേയാ നിന്റെ വീട്
സരിഗക്കുട്ടീ………?
++
വീടൊക്കെ പറഞ്ഞ് തരാം സാറെ. പക്ഷെ പെട്ടൊന്നൊന്നും കയറിവന്നാല്‍ ആ പറഞ്ഞ മീന്‍ കറിയൊന്നും കിട്ടീന്ന് വരില്ല. ഒരു ദിവസം മുന്‍പെങ്കിലും പറയണം.

“എന്നാല്‍ പറയൂ………..ഏത് വഴിയിലൂടെയാണ് അവിടെ എത്തുക……….?”
ഞാന്‍ ഇന്നാള്‍ പറഞ്ഞില്ലേ ഒരു ബസ്സ് സ്റ്റോപ്പ് അവിടെ ഇറങ്ങി അല്പം മുന്നോട്ട് നടന്നാല്‍ ഒരു സ്കൂളുണ്ട്. അതിന്റെ മുന്നില്‍ കൂടി നടന്നാല്‍ എന്റെ വീടായി.

ശരി ഞാനൊരു ദിവസം ആ റൂട്ടില്‍ പോകുമ്പോള്‍ വരാം. മുന്‍ കൂറായി പറയാനൊന്നും പറ്റില്ല. അവിടെ എന്താ ഉള്ളതെങ്കില്‍ തന്നാല്‍ മതി ഭക്ഷണ സമയമാണെങ്കില്‍. വിശദമായ ഭക്ഷണത്തിന് പിന്നീട് വരാം. ഞാന്‍ സാധാരണ ആരോടും പറഞ്ഞിട്ട് എവിടേയും പോകാറില്ല. കാരണം ഞാന്‍ ചിലപ്പോള്‍ ഒരു കാരണവും കൂടാതെ എന്റെ പരിപാടികള്‍ മാറ്റാറുണ്ട്.

“സരിഗയുടെ കഴുത്തിലെന്താ ഒരു സൂത്രം തൂങ്ങിക്കിടക്കുന്നത്….”
അത് ഒരു ഏലസ്സല്ലേ..?!

“എന്താ അതിന്നുള്ളില്‍ ഉള്ളത്.“
എനിക്കറിയില്ല. അമ്മ ഇടാന്‍ പറഞ്ഞ് തന്നതാണ്. ഞാന്‍ അത് ധരിച്ചു അത്രമാത്രം.

“എന്നാലും അതിന്റെ പുറകില്‍ എന്തെങ്കിലും ഒരു സങ്കല്‍പ്പം ഉണ്ടാകണമല്ലോ>>?”
ആ ശരിയാണ്. എനിക്ക് പണ്ട് എന്നും എന്തെങ്കിലും ഒരു കുഴപ്പം വന്നുകൂടാറുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളില്ലാത്ത ദിവസങ്ങള്‍ ഉണ്ടാകാറില്ല. അങ്ങിനെയിരിക്കെ അമ്മ അതിനൊരു തടയായി ഇട്ടുതന്നതാണ് ഈ ഏലസ്സ്. അത് ധരിച്ചതില്‍ പിന്നെ എനിക്ക് ഇന്ന് വരെ അത്തരം ഒരു പ്രശ്നങ്ങളും വന്നിട്ടില്ല.

വെരി ഗുഡ്.. അപ്പോള്‍ ദൈവസാന്നിദ്ധ്യം ഉള്ളതാണല്ലേ ആ കടിഞ്ഞാണ്. പണ്ട് എനിക്കും എന്റെ ഒരു സുഹൃത്ത് ഇത്തരം ഒരു ഏലസ്സ് ധരിക്കാന്‍ തന്നിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്റെ നല്ല സമയത്തിനും അതിനൊരു നിമിത്തമായി ഞാന്‍ ആയതും കൂടാതെ എനിക്ക് ചില സ്വപ്ന സാക്ഷാത്കാരത്തിനും ആ ഏലസ്സ് വഴിയൊരുക്കിയത് ഞാന്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.

ഞാന്‍ ആ ഏലസ്സ് അധിക കാലം ധരിച്ചില്ല. സരിഗയുടെ കഴുത്തില്‍ കിടന്നോട്ടെ. അതിട്ട് കാണാന്‍ ഒരു ഐശ്വര്യം ഉണ്‍ട്. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍. “നമുക്ക് എന്നും ഇങ്ങിനെ ഒരു ട്രെയിനി ആയിക്കൂടിയാല്‍ മതിയോ>>?” ഗള്‍ഫിലേക്ക് ഒന്ന് ചേക്കേറേണ്ടെ?”

“ഏയ് എനിക്ക് ഗള്‍ഫിലേക്ക് പോകണമെന്നൊന്നും ഇല്ല “. ഒരു നല്ല ജോലി ഈ കൊച്ചുകേരളത്തില്‍ തന്നെ കിട്ടിയാല്‍ മതി. വലിയ മോഹങ്ങളൊന്നും ഇല്ല.

ഇവിടെ നൂണ്‍ ഷിഫ്റ്റിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നില്ലേ? സലോണീ.. ഞാനതിന്റെ ഫോണ്‍ നമ്പറും മെയില്‍ ഐഡിയെല്ലാം ചോദിക്കാന്‍ മറന്നു. അതിന് പണി ദുബായിലല്ലേ. അവളുടെ ട്രയിങ്ങ് കഴിഞ്ഞല്ലോ> അടുത്ത ദിവസം പോകയും ചെയ്യും.

അവളില്‍ കൂടി സരിഗക്ക് ദുബായിലേക്ക് പറന്നുകൂടെ?
“അതൊന്നും ശരിയാവില്ല സാറെ..?”

എനിക്കങ്ങിനെ ചോദിക്കാനൊന്നും പറ്റില്ല.
“അതൊക്കെ ശരിയാക്കിയെടുക്കണം എന്റെ കുട്ടീ………. ഇന്നത്തെ കാലത്ത് നല്ല ഫ്രണ്ട് ആണ് നമുക്കുള്ള കരുത്ത്..”

ഞാന്‍ പണ്ട് പേര്‍ഷ്യയിലെത്തിയത് ഒരു സുഹൃത്ത് വഴിയാണ്. അത് ഒരു വലിയ കഥയാണ്. ചുരുക്കം വാക്കില്‍ ഇവിടെ പറയാന്‍ പറ്റില്ല. പിന്നീടെഴുതാം. ഏതായാലും ഞാന്‍ പോയ പോലെ സുഹൃത്തുക്കള്‍ വഴി നമുക്ക് നമ്മുടെ സ്വപ്ന സാക്ഷാത്കാരം നേടാമെന്നാണ് എന്റെ വിശ്വാസം.

“എന്നാ സാറ് പറയൂ… ഞാനെന്താണ് ചെയ്യേണ്ടതെന്ന്?.
[ശേഷം ഭാഗങ്ങള്‍ പിന്നീട്]

SPELLING MISTAKES SHALL BE CORRECTED SHORTLY
++