Sunday, July 26, 2009

കിച്ചുവിന്റെ ലോകം


കിച്ചു ഈസ് മൈ ഗ്രാന്‍ഡ് കിഡ്. അവളുടെ യഥാര്‍ത്ഥ നാമഥേയം ഈസ് കൃഷ്ണ. ഹരിശ്രീ വിദ്യാ നിഥി സ്കൂളില്‍ നാ‍ലാം ക്ലാസ്സില്‍ പഠിക്കുന്നു. അവളുടെ വീട് ചേറൂര്‍ ഗാന്ധി നഗറിലാണ്.
അവള്‍ക്ക് ഒരു ചേട്ടത്തി ഉണ്ട്. പൊന്നു. ശരിക്കുള്ള പേര് എനിക്കോര്‍മ്മയില്ല. അവള്‍ ഒമ്പതാം ക്ലാസ്സില്‍ അതേ സ്കൂളില്‍ തന്നെ.
അവരുടെ അമ്മ റീന, അഛന്‍ ബിനോയ്. അഛന്‍ കിച്ചുവിനെ മങ്ക് എന്നും പൊന്നുവിനെ ഡോങ്ക് എന്നുമാണ് വിളിക്കുക. അതായത് മങ്കി ഏന്‍ഡ് ഡോങ്കി.

ഞാന്‍ കഴിഞ്ഞ ദിവസം എന്റെ ഗ്രാന്‍ഡ് കിഡ്സിനെ കാണാന്‍ പോയപ്പോള്‍ എനിക്ക് കിച്ചുവിന്റെ ചില ഹോബീസിനെ പറ്റി അറിയാന്‍ കഴിഞ്ഞു. അവള്‍ നന്നായി എഴുതുമെന്നും എല്ലാം അവളുടെ അമ്മ റീന പറഞ്ഞു. അങ്ങിനെ ഉണ്ണി അഛാഛന് തന്നതാണ് ബ്ലോഗില്‍ ഇടാന്‍ താഴെ കാണുന്ന കിച്ചുവിന്റെ പോസ്റ്റ്.
++++++++++++++++++++++++++
പൂക്കാലം

നിങ്ങള്‍ പൂക്കാലം കണ്ടിട്ടുണ്ടോ? എന്തു ഭംഗിയാണെന്നോ പൂക്കാലം കാണാന്‍. പൂക്കാലത്തില്‍ പ്രകൃതിയെ കാണാന്‍ ശരിക്കും ഞാന്‍ സ്വര്‍ഗ്ഗം കാണാന്‍ പോകുന്ന പോലെയാണ്. പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്ന എന്‍റെ തോട്ടം കാണാന്‍ ഒരു പാട് പക്ഷികളും പൂമ്പാറ്റകളും എത്തും. പൂമ്പാറ്റകള്‍ അതിലെ മധുരമായ തേന്‍ കുടിക്കനാണ് നില്‍ക്കുന്നത്.

ചിങ്ങമാസത്തിലാണ് പൂക്കാലത്തിന്റെ തുടക്കം. എന്റെ കൂട്ടുകാര് വീട്ടിലേക്ക് വരുമ്പോള്‍ അവര്‍ എന്റെ തോട്ടത്തിലെ പൂ‍ക്കള്‍ കണ്ട് പൂക്കള്‍ കണ്ട് അത്ഭുതപ്പെടാറുണ്ട്!

പ്രകൃതിയില്‍ പൂക്കാലമായാല്‍ മുല്ലപ്പൂവും, ഇലഞ്ഞിയും, താമരയും, പിന്നെ ഒരുപാട് പൂക്കള്‍ നിറഞ്ഞ് നില്‍ക്കും. എന്തൊരു ഗന്ധമാണ് ഈ പൂക്കള്‍ക്കെന്നറിയാമോ? എനിക്ക് വളരെ സന്തോഷമാണ് പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍. ഞാന്‍ പൂക്കാലത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്!!!

കൃഷ്ണ എന്ന കിച്ചു.


Wednesday, July 15, 2009

എന്റെ ബാല്യത്തിലെ മഴക്കാലം

മഴക്കാലത്തിന്റെ ഓര്‍മ്മകള്‍
കുറച്ച് ദിവസമായി ദോഹയിലുള്ള സന്ദു എന്നോട് ചോദിക്കുന്നു. എന്താ ഉണ്ണ്യേട്ടാ മഴയെപറ്റി ഒന്നും എഴുതാത്തെ എന്ന്. പലതവണ ചോദിച്ചു. ഇന്നും. ചാറ്റിങ്ങിലൂടെയും സ്ക്രാപ്പ് വഴിയും. ഞാനൊന്നും മിണ്ടിയില്ല.


എന്തെഴുതാനാ മഴയെപറ്റി. ഒരു രൂപവും കിട്ടുന്നില്ല.
സന്ദു വീണ്ടും ചോദിച്ചു. അവന്‍ ഇപ്പോ അത് മാത്രമെ ചോദിക്കനുള്ളൂ...


അവന്‍ ഒരു കൊച്ചു കുട്ടിയല്ലേ. പ്രായമായവരോട് ചോദിക്കുമ്പോള്‍ നമ്മളത് സാധിച്ചുകൊടുക്കേണ്ടേ.
അപ്പോള്‍ ഈ പോസ്റ്റ് ദോഹയിലുള്ള സന്ദുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.


കുറച്ച് നാളായി എന്റെ മിനിക്കുട്ടിയെ കണ്ടിട്ട്. എന്റെ ഗ്രാമത്തില്‍ പോയിട്ടും. കാലിലെ വാതരോഗം വിട്ടുമാറുന്ന ലക്ഷണമില്ല. ദീര്‍ഘദൂര ഡ്രൈവിങ്ങ് വലിയ ബുദ്ധിമുട്ടാണ്. ഇന്ന് എന്തായാലും എത്ര വയ്യാണ്ടായാലും നാട്ടില്‍ പോകുക തന്നെ എന്ന് തീരുമാനമെടുത്തു.

കാലത്ത് നേരത്തെ എഴുന്നേറ്റു. പതിവില്ലാതെ ബീനാമ്മ എനിക്ക് നേരത്തെ തന്നെ ഇഡ്ഡലിയും മറ്റും തയ്യാറാക്കിത്തന്നു. ഞാന്‍ സാധാരണം എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ആരൊടും പറയുന്ന പതിവില്ല. ദൂര സ്ഥലത്തേക്കാണെങ്കില്‍ രണ്ട് ദിവസത്തിന്നുള്ള വസ്ത്രങ്ങളും മരുന്നുകളും വണ്ടിയില്‍ എടുത്ത് വെക്കും.
അങ്ങിനെ പ്രാതല്‍ കഴിച്ച് എന്റെ ഗ്രാമമായ ചെറുവത്താനി ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു. മഴയില്ലാത്തതിനാല്‍ വേഗത്തില്‍ പോകാനായി.


എന്റെ നാട്ടിന്റെ തുടക്കമായ ചെറോക്കഴയെത്തിയപ്പോള്‍ മിനിക്കുട്ടിയെ വിളിച്ച് കപ്ലിയങ്ങാട്ടെക്ക് പോരണോ എന്ന് ചോദിച്ചു. അവള്‍ ഇല്ലാ എന്ന് അറിയിച്ചു.

ഞാന്‍ അങ്ങിനെ നേരെ കപ്ലിയങ്ങാ‍ട്ടെക്ക് ലക്ഷ്യമിട്ടു. കൊച്ചനൂര്‍ കഴിഞ്ഞ്, കപ്ലിയങ്ങാട്ട് എത്തുന്നതിന്‍ മുന്‍പ് പാടത്തുള്ള പാലത്തിന്റെ മുകളിലെത്തിയപ്പോള്‍ വണ്ടി പെട്ടെന്ന് സഡന്‍ ബ്രേയ്ക്ക് ഇട്ട് നിര്‍ത്തി. റോഡ് മുഴുവനും വെള്ളം. ആളുകള്‍ മുണ്ട് മടക്കിക്കുത്തി പോകുന്നു. വണ്ടിക്കുള്ളിലേക്ക് വെള്ളം കേറുമോ എന്ന് ഭയന്ന് ഞാന്‍ വണ്ടി തിരിച്ച് എവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് നടന്ന് പോകാം എന്ന് കരുതി.

അപ്പോളാ അവിടെ ഒരു കുട്ടി വേറെ ഒരു കാറുമായി നില്‍ക്കുന്നത് കണ്ടത്.
ആ കുട്ടി പറഞ്ഞു മെല്ലെ മെല്ലെ നിര്‍ത്താതെ പോയാല്‍ മതി എന്ന്.
കപ്ലിയങ്ങാട്ട് അമ്മയെ മനസ്സില് ധ്യാനിച്ച് മെല്ലെ മെല്ലെ ഡ്രൈവ് ചെയ്തു. പ്രശ്നമൊന്നും ഉണ്ടായില്ല. സുഖമായി ക്ഷേത്രത്തിലെത്തി തൊഴുതു.


ഞന്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അവിടെ ഉഷപ്പൂജക്കുള്ള ഒരുക്കങ്ങളായിരുന്നു. ഭഗവതിയെ നന്നായി വണങ്ങി, വാത രോഗത്തിന്റെ കാര്യങ്ങളൊക്കെ ബോധിപ്പിച്ചു.
ഒരു മഞ്ഞള്‍ കുറിയിട്ട് നില്‍ക്കുമ്പോള്‍ അവിടെ അഷ്ടമംഗല്യപ്രശ്നം നടക്കാന്‍ പോകുന്നതിന്റെ ഒരു ബോര്‍ഡ് കണ്ടു. ക്ഷേത്രം ഓഫീസില്‍ പോയി അഞ്ഞൂറ് രൂപ അതിന്റെ ചിലവിലേക്കായി കൊടുക്കുവാന്‍ അമ്മ എന്നെ ഓര്‍മ്മപ്പെടുത്തി. ആ തുക കൌണ്ടറില്‍ അടച്ച് രസീത് വാങ്ങി നില്‍ക്കുമ്പോഴാണ്‍ എനിക്ക് മഴയെ പറ്റി ഓര്‍മ്മ വന്നത്.


എന്റെ ചെറുപ്പത്തില്‍ ആണ്‍ എനിക്ക് മഴയെ പറ്റി കൂടുതല്‍ ഓര്‍മ്മകള്‍ ഉള്ളത്. എന്റെ ബാല്യം സിലോണിലെ കൊളംബോയിലും [ഇപ്പോഴത്തെ ശ്രീ ലങ്ക] ഞമനേങ്ങാട്ടും ആയിരുന്നു.

ഞമനേങ്ങാട്ടെ എന്റെ തറവാട് ഓലപ്പുരയായിരുന്നു. വീട് വലിയത് തന്നെ. രണ്ട വലിയ കിടപ്പ് മുറികളും, മച്ച്,വലിയ ഇടനാഴിക, കലവറ, കയ്യാല്‍ പുര, പുറത്തേക്ക് തള്ളിനില്‍ക്കുന്ന അടുക്കള മുതലായവ. ആ നാട്ടിലെ വലിയ വീടുകളില്‍ ഒന്ന് തന്നെ.
മഴക്കാലമാകുമ്പോള്‍ അവിടെയിവിടേയുമെല്ലാം ചൊര്‍ച്ച പതിവാണ്. മഴപെയ്യുമ്പോള്‍ ഞാന്‍ വടക്കോറത്ത് തിണ്ണയില്‍ കയറി ഇരിക്കും. പുരയുടെ മൂലക്കില്‍ കൂടി വെള്ളം മഴവെള്ളം കുത്തനെ നിലത്തേക്ക് പതിക്കുന്നത് നോക്കി ഇരിക്കും. വലിയ വട്ടളത്തില്‍ കോച്ചു ഇളയമ്മ പാത്രം കഴുകാനും മറ്റും വെള്ളം പിടിച്ച് വെക്കും.


എന്റെ ചെറുപ്പത്തില്‍ എന്റെ വീടിന്റെ ചുറ്റും പാടമായിരുന്നു. മഴപെയ്താല്‍ കണ്ടങ്ങളെല്ലാം വെള്ളം കൊണ്ട് നിറയും. അപ്പോള്‍ വരമ്പത്ത് കൂടി ചാടി ചാടി നടക്കണം പീടികയിലേക്കും സ്കൂളിലേക്കുമെല്ലാം പോകുമ്പോള്‍.

പിന്നെ ഞാന്‍ മഴക്കാലമാകുമ്പോള്‍ പാടത്ത് മീന്‍ പിടിക്കാനും, ഞണ്ടിനെ പിടിക്കാനും ഒക്കെ പോകും.
പിന്നെ കുളങ്ങളെല്ലാം നിറഞ്ഞ് കിടക്കുമ്പോള്‍ അതില്‍ ചാടി കുളിക്കും. പിന്നെ തോടില്‍ വാഴത്തടി ഇട്ട് അതില്‍ കൂടി സവാരി ചെയ്യും. ഒരിക്കല്‍ ഞാന്‍ അങ്ങിനെ തോട്ടിലൂടെ സവാരി നടത്തുമ്പോള്‍ ഒരു കൈതക്കൂട്ടില്‍ ചെന്ന് പെട്ടു. നിലവിളിച്ചിട്ടും ആരും എത്തിയില്ല. എന്നിട്ട് ഒരു വിധം കൈതമുള്ള് കൊണ്ട് മേലൊക്കെ പൊളിഞ്ഞ് കരക്ക് കയറിയതെല്ലാം ഓര്‍മ്മ വരുന്നു.
മഴക്കാലമായാല്‍ പിന്നെ എനിക്ക് കുളിമുറിയില്‍ വെള്ളം കിട്ടില്ല കുളിക്കാന്‍. ഞാന്‍ തോട്ടിലും, കുളത്തിലും ഒക്കെ കുളിക്കാന്‍ പോകും. ഒരിക്കല്‍ കിണറ്റില്‍ ചാടി കുളിച്ചു. കിണറും കരയും ഒരേ പോലെ സമമായിരിക്കും മഴക്കാലത്ത്. അന്ന് അച്ചമ്മയുടെ അടുത്ത് നിന്ന് കുറേ അടി കിട്ടി.


മഴക്കാലത്ത് സ്കൂളില്‍ പോകാന്‍ എനിക്ക് മടിയാ. കുറേ ദൂരം നടക്കണം. ഞമനേങ്ങാട്ട് നിന്ന് വടുതല സ്കൂളിലേക്ക് കുറെ നടക്കണം. ഇന്നെത്തെപോലെ റോഡില്ല അന്ന്. എന്റെ തറവാട്ടില്‍ നിന്ന് പാടത്തെ വരമ്പിലൂടെ കുറേ പോയാല്‍ ഒരു വല്യവരമ്പെത്തും. അതില്‍ കൂടികുറേ നടന്നാല്‍ ഒരു കല്ലുപാലം വരും. അതിന്റെ മുകളില്‍ സ്ലാബ് ഇല്ലാത്തതിനാല്‍ ചെറിയ സര്‍ക്കസ്സ് കളിച്ചാലെ അപ്പുറം കടക്കാനൊക്കൂ..

ചേച്ചിയും പെണ്ണുങ്ങളുമൊക്കെ തോട്ടില്‍ ഇറങ്ങി മറുകരക്ക് എത്തും. പിന്നെ കുറച്ച് ഒരു പറമ്പില്‍ കൂടി പോയാല്‍ ഒരു വഴി കാണും... അങ്ങിനെ പോയി പോയി ഒരു പീടികയുടെ മുന്നിലൂടെ പോയാല്‍ തെങ്ങിന്‍ മല്ല് ഇട്ട ഒരു പടി പാടത്തേക്ക് കാണാം. അതിറങ്ങി പിന്നെയും വെള്ളത്തില്‍ കൂടെ കുറച്ച് നടന്നാല്‍ മദ്രസയും ഞമനേങ്ങാട്ട് പള്ളിയും കാണാം.

പിന്നെ പള്ളീടെ മുന്നിലുള്ള പാടത്തുകൂടി നടന്ന്, ചെറിയ തോട്ടില്‍ കൂടി നടന്നാ‍ല്‍ പിന്നേയും തെങ്ങിന്‍ മല്ല അടിച്ച പടി കടന്ന് കുറെ നടന്നാല്‍ ഒരു ചെറിയ തോട് ഒരു കുളത്തിലേക്ക് പൊകുന്നത് കാണാം. അത് മുറിച്ച് കടന്നാല്‍ കുറച്ച് ദൂരം ഒരു മണ്‍പാതയിലൂടെ ചളിയും മറ്റുമായി നടന്ന് നീങ്ങാം.

അങ്ങിനെ നടന്ന് നടന്ന് ഞമനേങ്ങാട്ട് പോസ്റ്റ് ആപ്പീസും, കണ്ടമ്പുള്ളി സ്കൂളും കഴിഞ്ഞാല്‍ പിന്നെ വലിയ തോടാണ്. അതില്‍ വെള്ളവും ചളിയും തന്നെ. അന്ന് പിന്നെ ആര്‍ക്കും ചെരിപ്പിടുന്ന സ്വഭാവം ഇല്ല. എനിക്ക് പാപ്പന്‍ മലായില്‍ നിന്ന് ഒരു റബ്ബര്‍ ചെരിപ്പ് കൊണ്ട് തന്നിട്ടുണ്ടായിരുന്നു. ഞാനത് ഒരു വള്ളിയില്‍ കെട്ടിക് കഴുത്തിലിടും. എന്നിട്ട് വെള്ളത്തിലും ചളിയിലും കൂടി ചക്കിത്തറ പാലം വരെ നടക്കും. ചിലപ്പോള്‍ ചളിയില്‍ കാല്‍ പൂന്ന് വലിച്ചാല്‍ കിട്ടില്ലാ. എന്നാലും ഉശിരായാല്‍ ചളിയിലും വെള്ളത്തിലും നടക്കാന്‍ സുഖമാണ്.

സ്കൂളിലേക്ക് പോകുമ്പോള്‍ കൂടെ ചേച്ചിയും ഉണ്ടാകും. അതിനാല്‍ ധൈര്യം ഉണ്ട്. ചിലപ്പോല്‍ തോട്ടിന്റെ സൈഡ് മുഴുവനും വലിയ ഓട്ടകളുള്ള മാട്ടങ്ങളാണ്. അതിലെ പൊത്തിലേക്ക് നോക്കുമ്പോള്‍ പേടിയാകും. ചില പൊത്തില്‍ പാമ്പുകളുമുണ്ടാകും.

ഈ നടത്തത്തില്‍ പിന്നെ മഴ വന്നാലെങ്ങിനെയിരിക്കും.
ചേച്ചിക്ക് ശീലക്കുടയും എനിക്ക് ഓലക്കുടയുമാണ്. ഞാന്‍ ചിലപ്പോള്‍ എന്റെ കുട എടുക്കില്ല. എന്നിട്ട് ചേച്ചിയുടെ കൂടെ നടക്കും. എനിക്ക് വേഗം നടക്കാനറിയില്ല. ഞാന്‍ ചെറുപ്പത്തില്‍ ഒരു തടിയനായിരുന്നു. എന്നെ പിള്ളേര്‍ മാത്തടിയന്‍ എന്നാ വിളിച്ചിരുന്നത്.


ചേച്ചി സ്കൂളില്‍ ടീച്ചറായിരുന്നു. ഞാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ചിലപ്പോള്‍ ഞണ്ടിനെ പിടിക്കാന്‍ പോകും. മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞ് കിടക്കുമ്പോള്‍ പാടത്ത് കണ്ടത്തിന്റെ വരമ്പില്‍ ഞണ്ട് പൊത്തുണ്ടാക്കി അതില്‍ കയറി ഇരിക്കും. ഞണ്ടിനെ പിടിക്കുമ്പോള്‍ ഞണ്ട് ചിലപ്പോള്‍ എന്റെ വിരലുകള്‍ ഇറുക്കും. അല്പം വേദനിച്ചാലും ഞാന്‍ വിടില്ലാ..
ചേച്ചി അപ്പോളേക്കും നടന്ന് കുറെ ആയിട്ടുണ്ടാകും. തിരിഞ്ഞ് നോക്കുമ്പോളെന്നെ കാണുകയില്ല.


അപ്പോ വിളിക്കും ........എടാ ഉണ്ണ്യേ............ നീയെന്താ ചെക്കാ അവിടെ കാട്ടണ്......
"ഞാന്‍ ഞണ്ടിനെ പിടിക്കാ.’
"ഓ ഈ ചെക്കനെ കൊണ്ട് തോറ്റു.............
എന്നും പറഞ്ഞ് ചേച്ചി തിരിച്ച് വന്ന് ശീലക്കുട മടക്കി എന്നെ നന്നായി ചാര്‍ത്തും.


ചേച്ചിക്ക് സ്കൂളില്‍ നേരത്തെ എത്തിയില്ലെങ്കില്‍ ഹെഡ് മാഷ് ചീത്ത പറയുമല്ലോ...?
ഞാന്‍ മെല്ലെ വരാമെന്ന് പറഞ്ഞാല്‍ ചേച്ചി സമ്മതിക്കില്ല.
അങ്ങിനെ ചക്കിത്തറ പാലം കടക്കുമ്പോല്‍ ഞാന്‍ അവിടെ പാലത്തിന്നടിയില്‍ കൂടെ മഴവെള്ളം ഒലിച്ച് പോകുന്നത് നോക്കിക്കൊണ്ടിരിക്കും. അങ്ങിനെ നോക്കി നോക്കി സമയം പോകുന്നതറിയില്ല.


അപ്പോളെക്കും ചേച്ചി കുറേ നടന്നെത്തിയിരിക്കും. അപ്പോള്‍ ഞാന്‍ ഓടി ചേച്ചിയുടെ കൂടെയെത്തും. അല്ലെങ്കില്‍ പിന്നെയും എനിക്ക് അടി കിട്ടും.

ചക്കിത്തറ പാലം കടന്നാല്‍ മാക്കുട്ടി ഏട്ടന്റെ പീടികയാണ്. ഞാന്‍ അവിടെ കുറച്ച് നേരം മാക്കുട്ടി ഏട്ടന്റെ വായില്‍ നോക്കി നില്‍ക്കും. ചിലപ്പോല്‍ എനിക്ക് മാക്കുട്ടി ഏട്ടന്‍ എള്ളും ശര്‍ക്കരയും തരും. ചില ദിവസം ഉലുവയും ശര്‍ക്കരയും തരും. എന്തെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ പീടികയുടെ മുന്നീന്ന് പോകില്ല.

അപ്പോളെക്കും ചേച്ചിയുടെ വിളി കേള്‍ക്കാം........
"എടാ ഉണ്ണ്യേ...............?
ഈ ചേച്ചീനെ കൊണ്ട് തോറ്റല്ലോ........ എന്നൊക്കെ തോന്നാറുണ്ടെനിക്ക്....


അങ്ങിനെ മാക്കുട്ടി ഏട്ടന്റെ പീടിക കഴിഞ്ഞാല്‍ പിന്നെയും വെള്ളവും ചളിയും നിറഞ്ഞ തോട് തന്നെ. ചക്കിത്തറ വരെ വെളുത്ത ചളിയാണെങ്കില്‍, ചക്കിത്തറ പാലം കഴിഞ്ഞാല്‍ ചുവന്ന ചളിയാ....

ഞാനെന്റെ പുസ്തകം ചേച്ചിയുടെ സഞ്ചീല്‍ ഇടും. അപ്പോ എനിക്ക് മഴവെള്ളത്തീ കൂടി ഓടി നടക്കാന്‍ പറ്റും. പിന്നെ തോട്ടിലെ വെള്ളം ഒരു കാല്‍ കൊണ്ട് തെറിപ്പിച്ച് മറ്റേ കാലുകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കും. ചിലപ്പോള്‍ ചേച്ചിയുടെ സാരിയിലേക്ക് ഒക്കെ ചളിവെള്ളം ഞാന്‍ തെറിപ്പിക്കും. അതിന്നും എനിക്ക് അടി കിട്ടും. വീട്ടില്‍ നിന്ന് സ്കൂളെത്തുമ്പോളെക്കും എന്നെ തല്ലി തല്ലി ചേച്ചി ക്ഷീണിച്ചിട്ടുണ്ടാകും.

അങ്ങിനെ തോട്ടിലുള്ള സവാരി കൂളിയാട്ടയിലെ മുഹമ്മദ് സായ്‌വിന്റെ വീട്ടിനടുത്ത് എത്തുമ്പോല്‍ നില്‍ക്കും.
പിന്നെ പാടത്തെ വല്ല്യവരമ്പിലൂടെ.അങ്ങിനെ നടക്കുമ്പോള്‍ ഞാന്‍ ഒരു ദിവസം ഞണ്ടിനെ പിടിക്കാന്‍ ഒരു പാടത്തെ വരമ്പില്‍ ഒരു പൊത്തില്‍ കയ്യിട്ടു. ആ പ്രാവശ്യം എന്നെ ഞണ്ട് ഇറുക്കിയില്ല. പകരം ഒരു എന്റെ വിരലില്‍ ഒരു കടി തന്നു. കയ്യ് മുറിഞ്ഞാലും ഞാന്‍ പിടി വിട്ടില്ല. പൊത്തില്‍ നിന്ന് കയ്യെടുത്തപ്പോളാ മനസ്സിലായത് എന്നെ കടിച്ചത് നീര്‍ക്കോലിയാണെന്ന്.


ഞാന്‍ നീര്‍ക്കോലിയേയും പിടിച്ച് ചേച്ചിയുടെ പിന്നാലെ ഓടി.
"ചേച്ച്യേ........... എന്നെ നീര്‍ക്കോലി കടിച്ചു..............
ചേച്ചി പുറകോട്ട് നോക്കാണ്ട്........
‘പിന്നേ........ നീര്‍ക്കോലി അന്നെ കടിക്ക്യാ വെറുതെ..........‘
‘അപ്പോ ഞാന്‍ നീര്‍ക്കോലിയെ ചേച്ചിക്ക് കാണിച്ച് കൊടുത്തു.........’
ചേച്ചി നീര്‍ക്കോലിയെ കണ്ടതും പേടിച്ച് വിരണ്ടു.. കണ്ടത്തിലെ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. സാരിയും ബ്ലൌസും എല്ലാം നനഞ്ഞു. പക്ഷെ എന്റെ കൈയില്‍ നീര്‍ക്കോലി ഉള്ളതിനാല്‍ എനിക്ക് അടി കിട്ടിയില്ല.


എനിക്ക് ചിരി വന്നു.
പാവം ചേച്ചി....... കണ്ടത്തില്‍ വീണത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ചേച്ചിക്ക് എന്നെ കടിച്ച് തിന്നണമെന്ന് തോന്നി. അത്രക്കും ദ്വേഷ്യം വന്നു.
എന്നിട്ട് പറഞ്ഞു........
"വീട്ടില്‍ എത്തട്ടെ നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍............"


അങ്ങിനെ ഞങ്ങള്‍ വെള്ളത്തില്‍ കൂടി ഓടി സ്കൂളിലെത്തി.........
മഴക്കാലം കഴിയുന്ന വരെയുള്ള അങ്കമാണിത്.


സ്കൂളിലെത്തുമ്പോളെക്കും എന്റെ ട്രൌസറെല്ലാം നനഞ്ഞ് കുതിര്‍ന്നിരിക്കും. ചേച്ചി എനിക്ക് വേറെ ട്രൌസര്‍ കരുതിയിരിക്കും. എനിക്ക് അത് ഇട്ട് തരും, എന്നിട്ട് നനഞ്ഞത് ക്ലാസ്സിലെ ഇഷ്ടികത്തറയില്‍ ഉണക്കാനിടും.
എന്തൊക്കെ ചെയ്താലും പെറ്റ തള്ളയല്ലേ..


ഉച്ച ഭക്ഷണത്തിന്‍ ബെല്ലടിച്ചാല്‍ എനിക്ക് ചോറ് വാരിത്തരും. ഞാന്‍ ചോറുണ്ണുന്നതിന്‍ മുന്‍പ് കുട്ട്യോളുടെ കൂടെ കളിക്കാനോടും. ചിലപ്പോള്‍ എന്നെ കളിക്കാന്‍ വിടില്ല. ചേച്ചി ഊണ്‍ കഴിഞ്ഞ് ഒരു ബെഞ്ചില്‍ കിടന്ന് അല്പം വിശ്രമിക്കും. അപ്പോള്‍ ഞാന്‍ എണീറ്റ് ഓടും.

മഴപെയ്യുന്നത് കണ്ടാല്‍ ഞാന് മഴയത്ത് ഓടി കളിക്കും....
ചില ദിവസം സ്കൂള്‍ വിടുമ്പോള്‍ മഴ കൂടുതലാണെങ്കില്‍ ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ താമസിക്കും. അപ്പോള്‍ എനിക്ക് വലിയ ഇഷ്ടമാ. ചേച്ചിയുടെ വീട് സ്കൂളില്‍ നിന്ന് നോക്കിയാ കാണാം. അത്ര അടുത്താ. പിന്നെ നല്ല റോട്ടില്‍ കൂടി നടന്ന് പോകാം. വെളളവും ചളിയൊന്നുമില്ലാ. സംഗതി ടാറിടാത്തെ റോഡാണെങ്കിലും പ്രശ്നമില്ല നടക്കാന്‍.


സ്കൂളിന്റെ അടുത്ത എരുകുളമുണ്ട്. ഞാന്‍ അതില്‍ കുളിക്കാന്‍ പോകും. ആ കുളത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും, പിന്നെ പോത്തും എരുമയും ഒക്കെ കുളിക്കാന്‍ വരും.
മഴക്കാലത്ത് കുളം നിറഞ്ഞ് പാടവും കുളവും ഏതാണെന്ന് അറിയാത്ത വിധം വെള്ളം ഉണ്ടാകും. ഞാന്‍ പോത്തുങ്ങളുടെ മുകളില്‍ കയറി ഇരിക്കും. എന്നിട്ട് പോത്തിനെ നീന്തിച്ച് സവാരി നടത്തും. ചില പോത്തുങ്ങള്‍ സൂത്രക്കാരാണ്. അവര്‍ വെള്ളത്തില്‍ താഴ്ന്ന് പോകും. ഞാനും ചിലപ്പോള്‍ അടിയിലേക്ക് പോകും.
അപ്പോള്‍ ഞാന്‍ ഊളയിട്ട് അകലെ പോയി പൊന്തും....


ഒരു ദിവസം ഊളയിട്ട് പൊന്തിയത് കൈതക്കൂട്ടില്‍. അന്നും എന്റെ മുതുകൊക്കെ മുറിഞ്ഞു. വീട്ടിലെത്തിയപ്പോ മുതുക് മുറിഞ്ഞ വേദനയും അതിന്റെ കൂടെ ചേച്ചിയുടെ ചൂരല്‍ കഷായവും.. എന്റെമ്മോ......... ആ മഴക്കാലം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

ചേച്ചിയുടെ വീട്ടില്‍ ചിലപ്പോ സ്ഥിരതാമസം ഉണ്ടാകും. അപ്പോള്‍ ഞാന്‍ പുഞ്ചപ്പാടത്ത വഞ്ചികുത്തിക്കളിക്കാന്‍ പോകും. വല്ലവരും തിരുത്തിന്മേലില്‍ നിന്ന് കരയിലേക്ക് പീടികയിലേക്കും മറ്റും വന്നതാകും വഞ്ചിയില്.ഞാനത് അവരോട് ചോദിക്കാണ്ട് തുഴഞ്ഞ് കളിക്കും. ചിലപ്പോള്‍ വഞ്ചി മറിയും. അപ്പോള്‍ അത് മറിഞ്ഞ സ്ഥലത്തിട്ട് ഞാന്‍ നീന്തി രക്ഷപ്പെടും.

എന്നിട്ട് വഞ്ചിയുടെ ഉടമസ്ഥന്‍ ചിലപ്പോല്‍ എന്നെ പിടിച്ച് തെങ്ങിന്മേല്‍ കെട്ടിയിടും. അപ്പോളും എനിക്ക് ചേച്ചിയുടെ കയ്യില്‍ നിന്ന് നല്ല അടി കിട്ടും.

മഴക്കാലമായാ‍ല്‍ മിക്ക ദിവസവും പുഞ്ചപ്പാടത്ത് പോകും. പുഴ പോലെ നിറഞ്ഞ് കാണുന്ന പാടത്തെക്ക് നോക്കിയിരിക്കാന്‍ എന്തൊരു സുഖമായിരുന്നെന്നോ.

പിന്നെ തോട്ടിലെ കുളിയും..........
ഇന്ന് ഇവിടെ മഴ പെയ്യുന്നുണ്ടെങ്കിലും പണ്ടത്തെ പോലെ എനിക്ക് ഒന്നും തോന്നുന്നില്ല.


കണ്ടങ്ങളും, വരമ്പുകളും, പൊത്തുകളും, ഞണ്ടുകളും, നീര്‍ക്കോലികളും ഒന്നും കാണാനേയില്ല....

ബാല്യകാലം എത്ര സുന്ദരമായിരുന്നു. പ്രത്യേകിച്ച് മഴക്കാലം. പുഞ്ചപ്പാടത്തെ ആമ്പല്‍ പൂ പറിക്കാന്‍ ചിലപ്പോള്‍ വഞ്ചിയില്‍ പോകും. കൊച്ച് വഞ്ചിയാകുമ്പോള്‍ വഞ്ചി മറിയാനേ നേരമുണ്ടാകൂ. നിലയില്ലാ സ്ഥലത്താകുമ്പോല്‍ വഞ്ചിയില്‍ കെട്ടിത്തൂങ്ങിക്കിടക്കും ചിലപ്പോള്‍........

ആ ബാല്യവും ആ മഴയും ഇനിയും എന്നെത്തേടിയെത്തിയിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്............