Showing posts with label വാണിയം കുളം കാലിച്ചന്ത. Show all posts
Showing posts with label വാണിയം കുളം കാലിച്ചന്ത. Show all posts

Wednesday, July 3, 2013

വാണിയം കുളം കാലിച്ചന്ത

വ്യാഴാഴ്ച എന്നാല്‍ എന്തോ ഒരു പ്രത്യേകതയുള്ള ദിവസം ആണല്ലോ എന്ന തോന്നലാണ് ഇപ്പൊഴും മനസ്സില്‍....കാരണം വാണിയംകുളത്ത് വ്യാഴാഴ്ചയാണ് ചന്ത...പറഞ്ഞുകേട്ടിടത്തോളം ഏകദേശം 100 വര്‍ഷത്തിലുമധികം പഴക്കമുണ്ട് വാണിയംകുളം ചന്തക്ക്...ഇവിടെ ഒരു വലിയ കുളക്കരയില്‍ പണ്ട് തമിഴരും തെലുങ്കരും തദ്ദേശവാസികളുടെ സഹായത്തോടെ കച്ചവടം ചെയ്തുപോന്നിരുന്നു...ആ കുളം "വാണിഭം" കുളം എന്നറിയപ്പെട്ടു, പതുക്കെ അത് വാണിയംകുളം ആയി എന്നാണ്കേട്ടിട്ടുള്ളത്..ഇപ്പൊഴും തമിഴ്-തെലുങ്കു ആളുകള്‍ ധാരാളമുണ്ട് വാണിയംകുളത്ത്..കോലമിട്ട വീടുകളും ദാവണിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടിയ പെണ്‍കുട്ടികളും മാരിയമ്മന്‍ കോവിലും എല്ലാം ചേര്‍ന്ന് ഒരു തമിഴ് ലുക്ക് ആണ് ഇപ്പൊഴും വാണിയംകുളത്തെ തെരുവുകള്‍ക്ക്...

ചന്തയില്‍ മാത്രം വാങ്ങാന്‍ കിട്ടുന്ന ചില പ്രത്യേക സാധനങ്ങള്‍ ഉണ്ടായിരുന്നു അന്നൊക്കെ വാണിയംകുളം ഗ്രാമത്തില്‍....ഒണക്കല് (ഓണക്കമീന്‍), വെള്ളം കോരുന്ന കയര്‍, മുറം, വട്ടി, കല്‍ച്ചട്ടി, കലം..........അങ്ങിനെ ഒരുപാട് സാധനങ്ങള്‍ക്ക് ചന്ത മാത്രമായിരുന്നു ആശ്രയം..കാലന്‍ കുടയും കുത്തിപ്പിടിച്ച് മുന്നില്‍ നടക്കുന്ന തറവാട്ടു കാരണവരും വലിയ വട്ടികളില്‍ പച്ചക്കറി തലയില്‍ഏറ്റി പണിക്കാരും ചന്തക്ക് വരുന്ന കാഴ്ച സ്ഥിരമായിരുന്നു...

വ്യാഴാഴ്ച സ്കൂളില്‍ പോകാന്‍ സത്യത്തില്‍ ഭയമായിരുന്നു..കന്നുകാലി ചന്തയിലേക്ക് കന്നുകാലികളെ മാറ്റിവാങ്ങാന്‍ വരുന്നവരുടെ തിരക്കായിരിക്കും റോഡ് മുഴുവന്‍..ഈരണ്ടു കാലികളെ ഒന്നിച്ചു കെട്ടി വലിയ വലിയ കൂട്ടങ്ങളായി തെളിച്ചു കൊണ്ട് വരും..നൂറോളം കാലികളെ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ പേരേ കാണൂ..ചുവന്ന വസ്ത്രം ധരിച്ചു പുറത്തിറങ്ങാന്‍ സമ്മതിക്കില്ല വീട്ടില്‍നിന്നും വ്യാഴാഴ്ചകളില്‍..കുട പോലും നിവാര്‍ത്താന്‍ പറ്റില്ല പലപ്പോഴും കന്നുകാലികളെ ഭയന്ന്.....വളരെ ദൂരം നടക്കാനുള്ള കാലികളുടെ കാലുകളില്‍ ലാടം അടിച്ചു കയറ്റും ആദ്യം...അതിനായി റോഡരുകില്‍ ഒരിടമുണ്ട്..ഇത് ചെയ്യാന്‍ പ്രത്യേക ആളുകളും.. .കാലികളുടെ അമറലും, വലിയ ട്രൌസറും ചെറിയ മുണ്ടും ധരിച്ചു ചാട്ട വീശിക്കൊണ്ടുള്ള മുതലാളിമാരുടെ ബഹളവും, ചാട്ടയുടെ സീല്‍ക്കാരവും, റോഡ് നിറയെ ചാണകവും, ഗോമൂത്രവും..ഇതിന്റെ കൂടെ മഴയും വഴുക്കലും...എല്ലാം കൂടി വ്യാഴാഴ്ച യാത്രകള്‍ പേടിപ്പെടുത്തുന്നവയായിരുന്നു..


കടപ്പാട്: മിനി ശ്രീനിവാസന്‍, ഫോട്ടോ:ഗൂഗിള്‍