Sunday, October 25, 2009

അക്കരയിലെ നാലുകെട്ട്

തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റ് ബ്ലോഗ് വായിച്ച് അബുദാബിയിലുള്ള സുജ എനിക്കെഴുതിയ ഇമെയില്‍. എന്റെ ബ്ലോഗ് വായിച്ചുവെന്നും നമ്മള്‍ ബന്ധുക്കളാണെന്നുമെല്ലാം പറഞ്ഞ്.

ഞാന്‍ ഈ ബന്ധത്തിന്‍ ആധാരമായ കുടുംബ ചരിത്രം അടുത്ത കാലത്തൊന്നും ആലോചിച്ചിട്ടില്ല. ബന്ധങ്ങളുടെ വഴികള്‍ സുജ പറഞ്ഞെങ്കിലും ആദ്യമൊന്നും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. പിന്നീട് കുറച്ച് മെയില്‍ കമ്മ്യൂണിക്കേഷനുശേഷം എനിക്ക് മനസ്സിലായി ആരാണ് ഈ സുജ എന്ന്.

എന്റെ ബ്ലോഗില്‍ കൂടി എന്റെ ഒരു ബന്ധുവിനെ കണ്ടെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്റെ അമ്മയുടെ അമ്മയുടെ ആങ്ങിളയുടെ മകളുടെ ഇളയ മകളാണ് ഞാന്‍ ഇവിടെ പറയുന്ന സുജ.

സുജയുമായുള്ള ഈ പുതിയ സൌഹൃദം എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നു. ഞാന്‍ ഏതാണ്ട് അമ്പത് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഞാന്‍ ഇങ്ങിനെ തുടങ്ങാം.

എന്റെ ചെറുപ്പത്തില്‍ എന്റെ ചേച്ചി എന്നെ സ്കൂള്‍ പൂട്ടിയാല്‍ പത്ത് ദിവസം അക്കരക്ക് കൊണ്ട് പോകും. ചെറുവത്താനിയില്‍ നിന്ന് ബസ്സില്‍ ചാവക്കാടെത്തി അവിടെ നിന്ന് വഞ്ചിയില്‍ അക്കരക്ക് പോകും. വലിയ വഞ്ചിയിലായിരിക്കും പോകുക. അക്കരയെത്തുമ്പോള്‍ എനിക്ക് സങ്കടം വരും. എന്തെന്നാല്‍ വഞ്ചിയില്‍ നിന്ന് ഇറങ്ങണമല്ലോ. അന്ന് അക്കരക്കുള്ള യാത്ര അത്ര സുഖകരമായിരുന്നു.

അക്കരയെത്തുമ്പോള്‍ അവിടെ അപ്പുമാമന്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. അപ്പുമാമന്‍ വലിയ സ്നേഹമുള്ള ആളാണ്‍. അക്കരയെത്തിയാല്‍ അവിടെ നിന്ന് ചെറിയ ഇടവഴിയില്‍ കൂടിയും, പല വീടുകളുടെ പറമ്പില്‍ കൂടെയെല്ലാം നടന്ന് വേണം അപ്പുമാമന്റെ വീട്ടിലെത്താന്‍.

അക്കരയിലുള്ള അപ്പുമാമന്റെ വീടെ ഓല മേഞ്ഞ നാലുകെട്ടായിരുന്നു. അന്നൊക്കെ എനിക്ക് ഇത്തരം നാലു കെട്ട് വീട് ഒരു അത്ഭുതം തന്നെയായിരുന്നു. മഴക്കാലത്ത് നാല്‍ കെട്ടിലെ നടുമുറ്റത്ത് മഴ വെള്ളം വീഴുന്നത് അങ്ങിനെ അങ്ങിനെ നോക്കിയിരിക്കും ഞാന്‍.

അപ്പുമാമന്റെ വീട്ടില്‍ മാമന്റെ മകന്‍ മണിയും പിന്നെ മണിയുടെ പെങ്ങന്മാരും അമ്മായിയും, ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയുടെ അമ്മയുടെ ജേഷ്ടത്തിയും മറ്റു ചിലരുമുണ്ട് ആ വീട്ടില്‍. ഈ വീടിന്‍ വലിയ ഉമ്മറവും, പിന്നെ മുറ്റത്ത അംബലപ്പുരയും, അംബലപ്പുരക്കടുത്ത് ഒരു ചെറിയ കുളവും ഉണ്ടായിരുന്നു.

അവിടെ കുളത്തില്‍ നിന്ന് തന്നെയാണ് കുടിക്കാനുള്ള വെള്ളം എടുക്കുക. കുളത്തിന്റെ കരയില്‍ ചെറിയ ഒരു പാത്രം പോലെയുള്ള ഒരു ആഴമില്ലാത്ത കിണറുണ്ടാകും. അതില്‍ നിന്ന് കുടിവെള്ളം മുക്കിയെടുക്കും. അതൊക്കെ എന്റെ ബാല്യത്തില്‍ എനിക്ക് അതിശയമുള്ള കാര്യം ആയിരുന്നു.

പിന്നെ അപ്പുമാമന്റെ വീടിന്റെ പുറകില്‍ കുന്ന്പോലെ തോന്നുന്ന പൂഴിമണല്‍ തിട്ടയാണ്. അതില്‍ നിറയെ പറങ്കിമാവും പിന്നെ പറങ്കിമാവ് തോട്ടം കഴിഞ്ഞാല്‍ അറബിക്കടലും. ഞങ്ങള്‍ ചിലപ്പോള്‍ പറങ്കിമാവിന്റെ മുകളില്‍ കയറിയിരുന്നാകും മലമൂത്ര വിസര്‍ജ്ജനം ചെയ്യുക. എന്തൊക്കെ കുസൃതിത്തരങ്ങളാണെന്നോ അന്ന് ഞാനും കൂട്ടരും ചെയ്തിരുന്നത്. അപ്പുമാമന്‍ മണികൂടാതെ എത്ര പെണ്‍ മക്കളുണ്ടായിരുന്നുവെന്നെന്നും എനിക്കോര്‍മ്മയില്ല.

ഒരിക്കള്‍ ഞാന്‍ ദുബായില്‍ വെച്ച് മണിയുടെ പെങ്ങളെ കണ്ടിരുന്നെങ്കിലും അന്നൊന്നും എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നില്ല. സുജയുടെ എഴുത്ത് ആണെന്നെ ഇതൊക്കെ ഓര്‍മ്മിപ്പിച്ചത്. ജനറേഷന്‍ ഗാപ്പ് എന്ന് പറയുന്നത് പോലെയാണിവിടെ സംഭവിച്ചത്.

സുജയുടെ എഴുത്തിലൂടെ ചേച്ചിയുടെ അമ്മയുടെ കുന്നംകുളം ചിറളയം വീടും പരിസരവും അവിടുത്തെ അന്തേവാസികളേയും ഞാന്‍ ഓര്‍ക്കുന്നു. കോ‍ന്നുമാമനും, ഇട്ടിരി മാമനും എല്ലാം.

ഞങ്ങള്‍ അക്കരയിലുള്ള മാമന്റെ വീട്ടിലെത്തിയാല്‍ അവിടെ എന്നും ഉത്സവം പോലെയായിരിക്കും. എന്നും വിഭവസമൃദ്ധമായ ഭക്ഷണവും മറ്റുമായിരിക്കും. നല്ല പെടക്കുന്ന മീന്‍ എപ്പോളും കിട്ടും.മാമന്‍ പീടികയില്‍ നിന്നെത്തിയാല്‍ ചേച്ചിയും മാമനും ഇങ്ങിനെ വര്‍ത്തമാനം പറഞ്ഞ് കൊണ്ടേയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ ആ വലിയ വീട്ടില്‍ ഓടിക്കളിച്ചുംകൊണ്ടിരിക്കും.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മാമന്റെ അടുത്ത വീട് ഓടിട്ടതായിരുന്നു. നാളികേരം ഓട്ടിന്‍പുറത്ത് വീണ് പൊട്ടാതിരിക്കാന്‍ നാളികേരക്കുലയുടെ അടിയില്‍ വലിയ കൊട്ടപോലെയുള്ള ഒരു സാധനം കെട്ടിയിടും. വാടി വീഴുന്ന നാളികേരം ആ കൊട്ടയില്‍ വീഴുന്നതും മറ്റും ഞാന്‍ ചിലപ്പോള്‍ നോക്കിയിരിക്കും.

ഈ നാല് കെട്ടിന്നുള്ളില്‍ താമസിക്കാന്‍ വളരെ സുഖമായിരുന്നു. ഒട്ടും ചൂട് തോന്നുകയില്ല. അന്നത്തെ കാലത്ത് എലകൃട്രിസിറ്റി ഉണ്ടായിരുന്നില്ല ആ നാട്ടിലും എന്റെ ഗ്രാമത്തിലും. പകള്‍ മുഴുവന്‍ ഓടിക്കളിച്ച്, വൈകിട്ട് കുളി കഴിഞ്ഞാല്‍ അത്താഴം കഴിക്കുമ്പോളെക്കും ഞങ്ങള്‍ ഉറക്കമാകും.

ഞാന്‍ എന്റെ ചേച്ചിയോട് അന്നൊക്കെ ചോദിക്കാറുണ്ട്.
“എന്താ ചേച്ച്യേ നമുക്ക് നാല് കെട്ട് വീടില്ലാത്തെ? “

ഉണ്ണിമോന്‍ വലുതാകുമ്പോല്‍ നമുക്ക് നാല് കെട്ട് പണിയണം എന്ന് ചേച്ചി പറയും.

അക്കരയില്‍ നിന്ന് തിരിച്ച് പോകാനുള്ള ദിവസങ്ങളാകുമ്പോള്‍ എനിക്ക് സങ്കടം വരും. പോകാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരിക്കല്‍ വന്ന് പോയാല്‍ പിന്നെ മിക്കവാറും അടുത്ത കൊല്ലമേ പോകൂ. അവിടെ നിന്ന് മടങ്ങിപ്പോരാനേ തോന്നുകയില്ല.

പണ്ട് ഞാന്‍ എം ടിയുടെ നാല് കെട്ട് വായിക്കുമ്പോള്‍ അക്കരയിലെ അപ്പുമാമന്റെ നാല് കെട്ട് വീട് ഓര്‍മ്മിക്കുമായിരുന്നു.

ഈ കഥയിലെ സുജയെ ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഒരു പക്ഷെ എന്റെ ചെറുപ്പത്തില്‍ ഇവള്‍ ജനിച്ച് കാണില്ല.

ഏതായാലും എന്റെ ബാല്യത്തിലെ അക്കരയിലെ ഓര്‍മ്മകളുടെ ചിറക് വിടര്‍ത്താന്‍ നിമിത്തമായ സുജയെ ഞാന്‍ ഇവിടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തട്ടെ. സുജയും ഭര്‍ത്താവും രണ്ട് കുട്ടികളും ഒന്നിച്ച അബുദാബിയില്‍ താമസിക്കുന്നു. പത്ത് വയസ്സിന്‍ താഴെയുള്ള ഒരു മകളും അഞ്ച് വയസ്സിന്‍ താഴെയുള്ള ഒരു മകനും.

അങ്ങിനെ കാലങ്ങള്‍ക്ക് ശേഷം അക്കരയിലെ നാല് കെട്ട് ഓര്‍മ്മിക്കാനായി.

3 comments:

 1. എന്റെ ബ്ലോഗില്‍ കൂടി എന്റെ ഒരു ബന്ധുവിനെ കണ്ടെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്റെ അമ്മയുടെ അമ്മയുടെ ആങ്ങിളയുടെ മകളുടെ ഇളയ മകളാണ് ഞാന്‍ ഇവിടെ പറയുന്ന സുജ.

  സുജയുമായുള്ള ഈ പുതിയ സൌഹൃദം എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നു. ഞാന്‍ ഏതാണ്ട് അമ്പത് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഞാന്‍ ഇങ്ങിനെ തുടങ്ങാം.

  ReplyDelete
 2. ശരിക്കും സന്തോഷം തന്നെ. ഇനിയും ബന്ധുക്കള്‍ അറിഞ്ഞു വരട്ടെ. പഴയ നാലുകെട്ട് ഓര്‍മയില്‍ നിന്നും കൊണ്ടു വരാന്‍ ആയില്ലേ ?

  ReplyDelete
 3. Ormmakalude thirumadhuram...!

  Manoharam, Prakashetta.... Ashamsakal...!!!

  ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ