Saturday, October 10, 2009

കീര്‍ത്തനയുടെ അനിയത്തികീര്‍ത്തനയെ വായനക്കാര്‍ അറിയുമെന്ന് കരുതട്ടെ. ഹെഡറില്‍ ഉള്ള ഫോട്ടോയിലെ [11-10-09] പെണ്‍കുട്ടിയാ കീര്‍ത്തന എന്ന ചിഞ്ചു.കീര്‍ത്തനയുടെ അനിയത്തിയാണ് ചിന്നു. യഥാര്‍ഥ നാമം മയൂഖ. ഞങ്ങള്‍ കഴിഞ്ഞ ആഴ്ച റീനയുടെ വീട്ടില്‍ രാത്രി തമ്പടിച്ചു. കുടുംബത്തിലെ എല്ലാരും ഉണ്ടായിരുന്നു. ആണ്‍ പട മുകളില്‍ ഇരുന്ന് തണ്ണിയടിച്ചുകൊണ്ടിരുന്നു. ഒരു ഫോസ്റ്റര്‍ ഉണ്ടെങ്കില്‍ അകത്താക്കാമെന്ന് പോയി നോക്കിയപ്പോള്‍ അവിടെ കട്ടി കൂടിയ കിങ്കരന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബക്കാര്‍ഡി, ജിന്ന് മുതലായ വീരന്മാര്‍.

എനിക്ക് പറ്റിയതൊന്നും അവിടെ ഇല്ലാത്തതിനാലും, എന്റെ മകന്‍ കള്ളുകുടിയന്മാരുടെ കൂട്ടത്തില്‍ തേവി കൊണ്ടിരുന്നതിനാലും, ഞാന്‍ അവിടെ അല്പം നേരം ഇരുന്ന് പിന്‍ വാങ്ങി. തന്തയുടെ മുന്നിലുരുന്ന് അധികം അടിക്കാനും, കൊച്ചു വര്‍ത്തമാനം പറയാനും ഒക്കെ ഒരു പരിധി ഉണ്ടാകുമല്ലോ. അതിനാല്‍ അവനും കൂട്ടരും സന്തോഷിച്ചോട്ടെ എന്ന് കരുതി അവിടെ നിന്നെണീറ്റ് പോന്നു.

അവിടെ മറ്റു ആണ്‍കുട്ടികളും, അവരുടെ തന്തമാരും, ചിലരുടെ അമ്മായി അപ്പന്മാരും അളിയന്മാരും, അമ്മാമനും മരുമക്കളും ഒക്കെ ഉണ്ടായിരുന്നെനികിലും, എനിക്ക് പറ്റിയ ഡ്രിങ്ക് ഇല്ലാത്തതിനാലും, പുറത്ത് ബാല്‍ക്കണിയിലെ ലൈറ്റ് ഓഫ് ചെയ്തതിനാലും ഞാന്‍ അവിടെ നിന്ന് താഴെ പെണ്‍ പടയും കൊച്ചുപിള്ളേരും വസിക്കുന്ന ലിവിങ്ങ് റൂമില്‍ സ്ഥലം പിടിച്ചു.

അപ്പോളിതാ പെണ്‍ പട ഇളകി. അതില്‍ ഒരു മൂത്ത പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവള്‍ മോഡേണും ഐടിയും ആയിരുന്നു. അവള്‍ക്കെന്തെങ്കിലും കിട്ടിയാല്‍ മോന്താമെന്നുണ്ടായിരുന്നു. അങ്ങിനെ അവര്‍ക്ക് ഒരു കുപ്പി വൈന്‍ സംഘടിപ്പിച്ചു. പണ്ടാരോ പറഞ്ഞ ഒരു പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. പക്ഷെ തുടക്കം ഓര്‍മ്മ വരുന്നില്ല.ഈ പെണ്‍ പടക്കും കുട്ട്യോള്‍ക്കും കൂടി കൊടുത്ത വൈന്‍ കുപ്പിയുടെ കോര്‍ക്ക് ഊരുന്ന കുന്ത്രാണ്ടം വീട്ടിലില്ല. അതിനാല്‍ അവര്‍ മുകളിലുള്ള കുടിയന്മാരെ തേടിയെത്തി. അവിടെ കണ്ണ് കാണാതെ കൂരാകൂരിരുട്ടില്‍ അവര്‍ പലതും പയറ്റിയെങ്കിലും വൈന്‍ കുപ്പി തുറക്കാനായില്ല.++ഞാന്‍ ഇത് കണ്ട് ചിരിച്ചു. പണ്ട് ഞാനും ബീനാമ്മയും ബാര്‍ബീക്യൂ ഡിന്നറില്‍ പങ്ക് കൊണ്ടിരുന്നതും, പോര്‍ട്ട് വൈന്‍ കുടിച്ചിരുന്നതും എനിക്കോര്‍മ്മ വന്നു. ഞാന്‍ സാധാരണ ഒരു സ്വിസ്സ് നൈഫ് കൂടെ കരുതാറുണ്ട്. വാഹനത്തില്‍ വെച്ചിരുന്നു. പുറത്ത് മഴയായതിനാലും, വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഇരുട്ടായതിനാലും ഞാന്‍ അതെടുക്കാന്‍ മിനക്കെട്ടില്ല.പെണ്‍ പട കുപ്പി തുറക്കാനാവാതെ വെപ്രാളപ്പെട്ടു തുടങ്ങി. ഒപ്പം ഗൃഹനാഥനും കുടുംബ സംഗമത്തിന്റെ ആതിഥേയനും ആയ യുവ കോമളനോട് ഞാനെന്ന വയസ്സനോതി.“ആ കുപ്പി ഇങ്ങോട്ട് തന്നോ എന്റെ മക്കളേ. ഞാന്‍ തുറന്ന് കൊടുത്തോളാം”ഞാന്‍ കുപ്പിയും കൊണ്ട് താഴെ നിലയിലേക്കോടി. അപ്പോളെക്കും പെണ്‍ പടയും പിള്ളേരും എന്റെ പിന്നാലെ ഓടി.“റീനക്കുട്ട്യേ ഒരു കത്തി സംഘടിപ്പിക്കാമോ എളേശ്ശന്..?അതിനെന്താ പ്രയാസം ഏത് വകുപ്പിലുള്ളത് വേണമെങ്കിലും ഉണ്ട്. അങ്ങിനെ എന്റെ ഇഷ്ടത്തിന്നനുസരിച്ചുള്ള ഒന്ന് കിട്ടി.++പെണ്ണുങ്ങളും കുട്ട്യോളുമായി പത്ത് പതിനഞ്ചെണ്ണം ചുറ്റും വളഞ്ഞു. ഏറ്റവും ചെറിയ കുട്ടിക്ക് 3 വയസ്സും കൂടിയതിന് 24 ഉം, പിന്നെ ഇടത്തരം പെണ്‍പുലികളും, ബീനാമ്മയും ഓള്‍ടെ നാത്തൂന്‍സും, ഏട്ടത്തി അനിയത്തിമാരായി ഒരു പട തന്നെ.കുപ്പിയുമായി ഞാന്‍ അഭ്യാസം തുടങ്ങുന്നതിന് മുന്‍പവര്‍ എന്നെ വളഞ്ഞു. ഞാന്‍ സൂത്രത്തില്‍ കോര്‍ക്ക് കുറെശ്ശെ തുരന്ന് പകുതിയായപ്പോള്‍ ബാക്കിയുള്ള് ഭാഗം കുപ്പിക്കത്തേക്കിട്ടതും കുറച്ച് വൈന്‍ ഷാമ്പെയിന്‍ പോലെ പുറത്തേക്ക് ചീറ്റി. കുട്ട്യോളും പെണ്ണുങ്ങളും ആര്‍ത്ത് വിളിച്ചു.“ഞാന്‍ മാത്രം ഓളിയിട്ടില്ല.“എന്റെ 1500 രൂപയുടെ ഏരോ ഷര്‍ട്ടില്‍ മുഴുവനും വൈന്‍.സാധാരണ റെഡ് വൈനിന് കറയുണ്ടെന്നറിയാം.“അയ്യോ എളേശ്ശാ.... ഷര്‍ട്ടിലെല്ലാം പോയല്ലോ>>?റീനക്കുട്ടിക്ക് വിഭ്രാന്തിയായി.“സാരമില്ല മോളെ. ഷര്‍ട്ടിലെ കറയല്ലല്ലോ വിഷയം. നമ്മുടെ ഒത്ത് ചേരലും, കുട്ടികളും അമ്മമാരും മക്കളുമായുള്ള സന്തോഷവും അല്ലേ ഇന്ന്”റീനക്കുട്ടി അപ്പോളെക്കും ഒരു തുണി നനച്ച് എന്റെ ഷര്‍ട്ട് തുടച്ച് വൃത്തിയാക്കി തന്നു.അപ്പോളെക്കും ആതിഥേയന്റെ ഇളയമകളായ കിച്ചു ഒരു ട്രേയില്‍ പതിനഞ്ച് വൈന്‍ ഗ്ലാസ്സുകളായി മന്ദം മന്ദം ആടിയാടി എന്നരുകിലെത്തി. ആ ഗ്ലാസ്സുകളില്‍ വൈന്‍ പകര്‍ന്ന് കൊടുത്തു. വയസ്സ് ഒന്‍പതേ ആയുള്ളെങ്കിലും ഓള്‍ടെ വീഞ്ഞ് കുടി കണ്ടാല്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പോകും.+++അങ്ങിനെ വീട്ടിലെ മൊത്തം പേറ് ഞാനൊഴികെ മദ്യത്തിന്റെ ലഹരിയിലായി. പാവം “ഞാന്‍“.എനിക്ക് മോന്താന്‍ ഒന്നും ഇല്ലാ. വിഭവങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. വൈന്‍ ഒരു കുപ്പിയും കൂടിയുണ്ടായിരുന്നെങ്കില്‍ ഒന്ന് വീശാമായിരുന്നു.ഞാന്‍ വീശിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനായെങ്കിലും കഴിഞ്ഞുവല്ലോ എന്നോര്‍ത്ത് ഞാന്‍ നിര്‍വൃതിയിലമര്‍ന്നു.ബീനാമ്മ വീഞ്ഞു നുണഞ്ഞ് പണ്ട് ഞങ്ങള്‍ വിഹരിച്ചിരുന്ന മരുഭൂമിയിലെ തട്ടകങ്ങള്‍ സ്വപ്നം കണ്ടു.എല്ലാവരും ആര്‍ത്തുല്ലസിച്ച് കൊണ്ടിരുന്നു. ഞാന്‍ താഴെയുള്ള സൈന്യത്തിന്റെ കൂടെ കൂടി. അവര്‍ വിചാരിച്ച് കാണും ഞാന്‍ മുകളില്‍ നിന്ന് വീശിയിട്ടാണ് താഴെ വന്നിരിക്കുന്നതെന്ന്.എന്റെ മരുകളോട് ഗൃഹനാഥന്‍ ചോദിച്ചു.“നീ കുടിക്കില്ലേ...?എന്താ സംശയം ഞാന്‍ ബീര്‍ കുടിക്കും.അത് കേട്ട് ബാല്‍ക്കണിയിലിരുന്ന ഓള്‍ടെ കെട്ടിയോനും, ഓന്റെ വല്യച്ചനും, ചെറിയച്ചനുമെല്ലാം ആശ്ചര്യം. പാവം എന്റെ മരോള് കുട്ടി. അവള്‍ക്കും കാര്യമായി മോന്താനൊന്നും കിട്ടിയില്ല. രണ്ട് തുള്ളി വീഞ്ഞുകുടിച്ചിട്ടെന്ത് കാര്യം അവള്‍ക്ക്.ഓള്‍ക്ക് ഒരു ലാര്‍ജ്ജ് ബക്കാര്‍ഡി കൊടുക്കണമെന്നുണ്ടായിരുന്നെനിക്ക്. അവള്‍ അത് കഴിക്കുമെന്ന് ഞാന്‍ ഊഹിച്ചു. പക്ഷെ ഓള്‍ടെ കെട്ടിയോന് ഒരു ഉത്സാഹവും കണ്ടില്ല.എന്തായാലും എന്തെങ്കിലും മോന്താന്‍ കിട്ടിയല്ലോ എന്നോര്‍ത്ത് അവള്‍ സന്തോഷിച്ചു.ഇത്തരത്തിലുള്ള കുടുംബസംഗമം നമ്മുടെ സൊസൈറ്റിയില്‍ കുറഞ്ഞ് വരുന്നു. ഞങ്ങള്‍ ഇടക്കിടക്ക് ഇങ്ങനെ കൂടാറുണ്ട്. വിദേശവാസിയായിരുന്ന ഞാനാണ് അവര്‍ക്ക് ഈ ആശയം പകര്‍ന്നത്.കുടുംബത്തിലെ എല്ലാരും കൂടിയാല്‍ ഏതാണ്ട് നാല്പത് പേര്‍ വരും കുട്ടികളടക്കം. ശരിക്കും സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.എല്ലാവരും കുടിച്ചും, ഡ്രിങ്ക്സിനോട് കൂടിയുള്ള നോണ്‍ സ്നേക്ക്സ് കഴിച്ചും, സല്ലപിച്ചും ആഹ്ലാദിച്ചുകൊണ്ടിരുന്നു. എന്റെ വയറ് കത്തിക്കൊണ്ടിരുന്നു. ആരും ഭക്ഷണം കഴിക്കാന്‍ ഡൈനിങ്ങ് റൂമിലേക്ക് വരുന്നത് കാണാനില്ല.അവസാനം നെറികെട്ട് ഈ പാവം വയസ്സന്‍“റീനക്കുട്ട്യേ... എളേശ്ശന് വിശക്കുന്നു. വയറ് കാളുന്നു.........”ഞാന്‍ ഇതാ വരുന്നു. കുട്ട്യോളേയും കൂടി വിളിച്ചോ എളേശ്ശാ..അവള്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. ക്ഷണ നേരം കൊണ്ട് ഡൈനിങ്ങ് ടേബില്‍ നിറയെ ഭക്ഷണ സാധനങ്ങള്‍ നിരത്തി. ഞാന്‍ വൈകുന്നേരം അരി ഭക്ഷണം കഴിക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. മിടുക്കിയായ സുന്ദരിക്കുട്ടിയാണ് എന്റെ റീനക്കുട്ടി.+++ഇത്രയും സാധനങ്ങള്‍ മേശമേല്‍ നിരത്തിയിട്ടും എന്റെ മുഖത്ത് സന്തോഷം കാണാനായില്ല അവള്‍ക്ക്.“പച്ചക്കറി ഒന്നും ഇല്ലേ മോളേ...?മിക്കതും സസ്യഭുക്കായ എന്റെ കാര്യം അവള്‍ മറന്നു. ഞാന്‍ അപൂര്‍വ്വമേ നോന്‍ വെജ് കഴിക്കൂ. വീശിക്കൊണ്ടിരുന്നാല്‍ ആരെയും ഞാന്‍ തിന്നും. അത് വേറെ കാര്യം.“ഇന്ന് പച്ചക്കറിയായി ഒരു പ്ലേറ്റ് സലാഡ് പോലും ഇവിടെ ഉണ്ടാക്കിയില്ല. അവള്‍ക്ക് സംഭ്രമമായി...”സാരമില്ലേ മോളേ... ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം. മോള് പോയി മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കിക്കോളൂ.“എളേശ്ശാ ഈ കാണുന്ന പൊറോട്ടാ മാത്രമാണ് പുറത്ത് നിന്ന് വാങ്ങിച്ചിരിക്കുന്നത്. മറ്റെല്ലാ വിഭവങ്ങളും ഞാന്‍ ഉണ്ടാക്കിയതാണ്. എളേശ്ശന്‍ ധൈര്യപൂര്‍വ്വം കഴിച്ചോളൂ.”എനിക്ക് അന്ന് വയറ്റിന് അസുഖമായിരുന്നതിനാല്‍ ഞാന്‍ ഒന്നും കഴിക്കതിരുന്നാലോ എന്ന് വിചാരിച്ചു. പക്ഷെ വയറ്റിലുള്ള മരുന്നുകള്‍ ഇളകി മറിഞ്ഞ് കൊണ്ടിരുന്നതിനാല്‍ എനിക്കെന്തെങ്കിലും ഉടന്‍ കഴിക്കണമെന്നായിരുന്നു.ഞാന്‍ ചുറ്റുപാടും കണ്ണൊടിച്ചു.അടുത്തിരുന്ന പൊന്നുവിനോട് ചോദിച്ചു.“എന്താ മോളെ ഇതൊക്കെ..?വല്യച്ചാ അത് കോഴിയും, പോത്തും, പോര്‍ക്കും, ആടും മീനുമൊക്കെയാ. പിന്നെ വലിയ പ്ലേറ്റിലുള്ളത് ഫ്രൈഡ് റൈസാണ്.“എന്താ ചെയ്യാ ഭഗവാനേ....?വയറ് കാളുന്നു. ഫ്രൈഡ് റൈസില്‍ അജിനോ മോട്ടൊ ഉണ്ടല്ലോ. അതെനിക്ക് ഉപദ്രവം ചെയ്യില്ലേ. ഏതായാലും അല്പം ഫ്രൈഡ് റൈസും ചിക്കന്‍ കറിയുടെ ചാറും സേവിക്കാമെന്ന മട്ടില്‍ ഞാന്‍ എന്റെ ജോലിയിലേക്ക് കടന്നു.“ചിക്കന്‍ കറി കൊള്ളാമല്ലോ റീനക്കുട്ടീ.........”അല്പം റൈസ് കഴിച്ചൊന്നും എന്റെ വിശപ്പടങ്ങിയില്ല. ഞാന്‍ അടുത്ത് എന്നെ നോക്കിച്ചിരിച്ചുംകൊണ്ടിരുന്ന വലിയ നുറുക്കുകളായി മസാല പുരട്ടി വറുത്ത അര്‍ക്ക്യ കണ്ടു. അത് ടേസ്റ്റ് നോക്കി. നല്ല രസം. ഒന്നിന്റെ പകുതി പ്ലേറ്റിലേക്ക് വെച്ചു.അതു കഴിച്ചിട്ടൊന്നും എന്റെ വിശപ്പടങ്ങിയില്ല. അപ്പോള്‍ കോയിച്ചാറിന്റെ കൂടെ ഒരു ചെറിയ കശണം നോക്കി നെടുവീര്‍പ്പിട്ടു.വിശപ്പ് മാറാതെ വന്നതിനാല്‍ കുറേ കോയീന്റെ കശണങ്ങളും, ഒരു പോറോട്ടേം, ഒന്ന് രണ്ട് കശണം മീന്‍ വറുത്തതും തിന്നു വിശപ്പടക്കി. എന്തായിരിക്കും ഇതിന്റെ അനന്തര ഫലം എന്നോര്‍ത്ത് കുണ്ഠിതപ്പെടാനും തുടങ്ങി.ഞാന്‍ ആലോചനാമഗ്നനായി ഇരിക്കുമ്പോള്‍ കുട്ടിപ്പട്ടാളം വന്ന് എന്റെ തലയില്‍ കയറി. പിന്നെ അവരുടെ കൂടെ കളിക്കാന്‍ കൂടി സമയം പോയതറിഞ്ഞില്ല. ഏറ്റവും ചെറിയതാണ് ചിന്നു. ഓള്‍ടെ ഏട്ടത്തിയായിരുന്നു പണ്ട് എന്റെ പെറ്റ്. ഇപ്പോ അനിയത്തിയോടാനെനിക്ക് കമ്പം. മൂന്ന് വയസ്സുകാരി. പണ്ടൊക്കെ എന്റെ അടുത്തേക്ക് തീരെ വന്നിരുന്നില്ല. ഇപ്പോ എന്ന വലിയ ഇഷ്ടമാ.


ഓളെക്കൊണ്ട് കൊറോ പാട്ട് പാടിച്ചു. അതില്‍ തരക്കേടില്ലാത്തതൊന്നാണ് മുകളില്‍ കാണിച്ചിരിക്കുന്നത്.


കുറച്ചുംകൂടി എഴുതാനുണ്ട്. തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ.


5 comments:

 1. കീര്‍ത്തനയുടെ അനിയത്തിയാണ് ചിന്നു. യഥാര്‍ഥ നാമം മയൂഖ. ഞങ്ങള്‍ കഴിഞ്ഞ ആഴ്ച റീനയുടെ വീട്ടില്‍ രാത്രി തമ്പടിച്ചു. കുടുംബത്തിലെ എല്ലാരും ഉണ്ടായിരുന്നു. ആണ്‍ പട മുകളില്‍ ഇരുന്ന് തണ്ണിയടിച്ചുകൊണ്ടിരുന്നു. ഒരു ഫോസ്റ്റര്‍ ഉണ്ടെങ്കില്‍ അകത്താക്കാമെന്ന് പോയി നോക്കിയപ്പോള്‍ അവിടെ കട്ടി കൂടിയ കിങ്കരന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബക്കാര്‍ഡി, ജിന്ന് മുതലായ വീരന്മാര്‍.

  ReplyDelete
 2. ആണും പെണ്ണും ഇങ്ങനെ കൂട്ട് കൂടി തണ്ണി അടിക്കുന്നത് കൊണ്ടാണ് ബീവരജസ് കോര്പോരഷന്‍ ഇങ്ങനെ കോടികളുടെ കച്ചവടം നടത്തുന്നത്, ശിവ ശിവ കലി കാലം തന്നെ. പിന്നെ ഉള്ളത് പറയാമല്ലോ നന്നായത് മയൂഖയുടെ പാട്ട് തന്നെ.

  ReplyDelete
 3. ആനന്ദലബ്ദിക്കിനിയെന്തു വേണം...
  അല്ലാ..ഭക്ഷണം ഒന്നും വേണ്ടാന്നു പറഞ്ഞിട്ട് ആ മേശപ്പുറം കാലിയാക്കിയല്ലേ...ഇനി വയറു കേടായാലെന്ത് !?

  ReplyDelete
 4. Nashttapedunna kudumba bandhangalkku...!

  Manoharam Prakashetta... Ashamsakal...!!!

  ReplyDelete
 5. ആ കുടുംബ സമാഗമത്തില്‍ ഞാനും ഒരു പള്ളക്ക് ഏട്യോ ഉണ്ടായതായ പോലെയൊക്കെ തോന്നിപോകുന്നു ഈ വിവരണം വായിച്ചിട്ട്.പ്രകാശേട്ടാ...ഇനിയും വരട്ടെ ബാക്കി കൂടെ...

  ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ