Tuesday, September 22, 2009

എനിക്ക് സന്തോഷമായി യശോദ ചേച്ചീ





തികച്ചും അപ്രതീ‍ക്ഷിതമായിരുന്നു എന്റെ ഇന്നെലെത്തെ കൊങ്ങണൂര്‍ യാത്ര. ഉള്ളിശ്ശേരി ലക്ഷ്യമാക്കി വീട്ടില്‍ നിന്നിറങ്ങി, കുന്നംകുളത്തെത്തിയപ്പോള്‍ വണ്ടി പട്ടാമ്പി റോട്ടിലൂടെ തിരിച്ചു. അവിടെ ബ്ലോക്ക് ആയതിനാല്‍ ഡൈവര്‍ഷന്‍ കക്കാട് വഴി എടുത്ത് പട്ടാമ്പി റോട്ടിലെ കുരിശ് പള്ളിയുടെ അടുത്ത് കൂടി വീണ്ടും യാത്രയായി.

കുറേ നാളായി ബാലേട്ടന്റെ വീട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ട്. ഞാന്‍ സാധാരണ എവിടെ പോകുമ്പോളും ആരോടും പറയാറില്ല. കാരണം പലരെയും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു പണ്ട്. അതിനാല്‍ ആ പണികള്‍ പിന്നെ വേണ്ടാന്ന് വെച്ചു. ഒരാള്‍ അഥവാ അവിടെ ഇല്ലെങ്കില്‍ ആ പരിസരത്തുള്ള വേറെ ഏതെങ്കിലും വീട്ടിലോ, ക്ഷേത്രത്തിലോ പോകാമല്ലോ എന്നതാണെനിക്ക് തോന്നിയത്.


പാറേമ്പാടം എത്തിയപ്പോള്‍ പുതിയ കെട്ടിടങ്ങള്‍ ഒക്കെ വന്നതിനാല്‍ കൊങ്ങണൂര്‍ക്ക് തിരിയുന്ന റോഡ് കഴിഞ്ഞോ എന്ന് സംശയമായി. പണ്ട് എന്റെ ചെറുപ്പത്തില്‍ ഞാന്‍ ചേച്ചിയുടെ കൂടെ അവിടെ പോകുമ്പോള്‍ ചന്ദ്രു വൈദ്യരുടെ വീട് കഴിഞ്ഞ് ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി പാടത്ത് കൂടെ നടന്ന് ബാലേട്ടന്റെ വീട്ടിന്റെ കിഴക്കേ ഭാഗത്തുള്ള പടിപ്പുരയില്‍ കൂടി വീട്ടു വളപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. പടിപ്പുരയില്‍ നിന്ന് ഏതാണ്ട് നൂറ്റമ്പത് മീറ്ററെങ്കിലും നടക്കണം പിന്നീട് വീട്ടുമുറ്റത്തെത്താന്‍. ഞാന്‍ ഒറ്റക്കാണ് പോകുന്നതെങ്കില്‍, പടിപ്പുര കഴിഞ്ഞ് ഞാന്‍ ഒറ്റ ഓട്ടമാണ് മുറ്റം എത്തുന്നത് വരെ.


എന്തിനാണ് ഞാന്‍ ഓടിയിരുന്നതെന്നറിയാമോ? എനിക്ക് പേടിയായിരുന്നു ഇരുളടഞ്ഞ ആ പറമ്പില്‍ കൂടി നടക്കാന്‍. ബാലേട്ടന്റെ വീട് കണ്ടാല്‍ പണ്ടൊക്കെ പേടിയാകും. വിജനമായ സ്ഥലത്ത് ഒരു വലിയ മന പോലെയുള്ള വീടാണ്. അവിടെ വീട്ടിന്റെ പിന്നില്‍ അതായത് വടക്കേപുറത്തായിരിക്കും മിക്കപ്പോഴും വലിയമ്മ ഇരിക്കുക.


എഴുതി എഴുതി എങ്ങോട്ടോ പോയി. അങ്ങിനെ എന്റെ വാഹനം മന്ദ മന്ദം നീങ്ങി, ഇടത്ത് വശത്ത് ഞാന്‍ ഒരു ബോര്ഡ് കണ്ടു. സി വി ശ്രീരാമന്‍ റോഡ്. സമാധാനമായി. വഴി തെറ്റിയിട്ടില്ല. ബാലേട്ടന്റെ യഥാര്‍ത്ഥനാമധേയമാണ് സി. വി. ശ്രീരാമന്‍ എന്ന എഴുത്തുകാരന്‍. എന്റെ വലിയമ്മയുടെ മകനാണ്. പിന്നെയും അച്ചന്‍ വഴിക്ക് ഒരു വലിയ ബന്ധമുണ്ട് ബാലേട്ടനായി. ബാലേട്ടന്‍ മരിച്ചിട്ട് എത്ര കൊല്ലാമായി എന്ന് എനിക്കോര്‍മ്മയില്ല. മിനിഞ്ഞാന്ന് ശ്രാര്‍ദ്ധമായിരുന്നെന്ന് യശൊദ ചേച്ചി പറഞ്ഞു. ഞാനറിഞ്ഞില്ല ചാത്തത്തിന്റെ നാള്.


അങ്ങിനെ ഞാന്‍ വീട്ടുമുറ്റത്തെത്തി. ബാവുട്ടിയുടെ വണ്ടി കണ്ടില്ല. പെരുന്നാളായ കാരണം കുട്ടികളോടൊന്നിച്ച് കറങ്ങാന്‍ പോയിരിക്കുമെന്ന് കരുതി ഞാന്‍. ഏതായാലും വീട്ടിനകത്തെക്ക് പ്രവേശിക്കുവാന്‍ നോക്കാം എന്ന് കരുതി മണിയടിച്ചു. അപ്പോള്‍ മനസ്സിലായി ബാവുട്ടി മാത്രമേ കറങ്ങാന്‍ പോയിട്ടുള്ളൂ എന്ന്. അവിടെ ബാവുട്ടിയുടെ സഹധര്‍മ്മിണി ഷായിയും മക്കളും, പിന്നെ ബാലേട്ടന്റെ മൂത്ത മക്കളായ സണ്ണിയുടെയും ബൈജുവിന്റെയും മക്കളും അവിടെ ഉണ്ടായിരുന്നു.


എനിക്ക് തോന്നി എല്ലാം കൊണ്ടും ഒരു നല്ല ദിവസമായിരുന്നു ഞാന്‍ വന്നതെന്ന്. എല്ലാ മക്കള്‍ക്കും ഈരണ്ട് മക്കള്‍ വീതം. ബാവുട്ടിക്ക് രണ്ടാണ്‍ മക്കള്‍, മറ്റുള്ളവര്‍ക്ക് ഈരണ്ട് പെണ്മക്കള്‍ വീതം. ശ്രിറാം, അഭിറാം, നീരാഞ്ജന, ആശ, ആരതിയും അനിയത്തിയും കൂടി ആറ് പേരക്കുട്ടികളാണ് ബാലേട്ടന് ഉള്ളത്.

‍ഷായിയെക്കൂടാതെ മകന്‍ ബൈജുവിന്റെ സഹധര്‍മ്മിണിയും അവിടെ ഉണ്ടായിരുന്നു. പിന്നെ ചേച്ചിയും പണിക്കാരും എല്ലാം കൂടി വീട് മുഴുവന്‍ കോലാഹലമായിരുന്നു.

സാധരണയില്‍ കവിഞ്ഞ വലുപ്പമുള്ളതാണ് ബാലേട്ടന്റെ വീട്. വലിയ ഉമ്മറവും പൂമുഖവും പിന്നെ നീളത്തിലുള്ള ഇടനാഴികയില്‍ കൂടി പോയാല്‍ ഇടത് വശത്ത് നാല് കിടപ്പുമുറികളും പിന്നെ അവിടെ നിന്ന് വലിയ ഗോവണി വഴി മുകളില്‍ കയറിയാല്‍ ഇത് പോലെ നാലു മുറികളും, പിന്നെ അവിടെയും ഒരു പൂമുഖം, പിന്നെ അതിന്‍ മുകളില്‍ മൂന്നാം നിലയിലും മുറികളുണ്ട്.


പിന്നെ താഴത്തെ നിലയില്‍ നിന്ന് ഇടനാഴിക കഴിഞ്ഞെത്തുന്നത് ഒരു തളം അതില്‍ നിന്ന് അടുക്കളയിലേക്കും പിന്നെ വടക്കേപുറത്തുള്ള ഉമ്മറവും മറ്റുമാണ്. അടുക്കളക്കിണര്‍ ഉണ്ട്. താഴ്ചയുള്ളതാണ് അടുക്കളക്കിണര്‍. കുന്നുമ്പുറമായ സ്ഥലമായതിനാല്‍ കിണറുകള്‍ക്ക് ആഴം കൂടുതാണ് അവിടെ.


എന്നെ കണ്ടതും യശോദ ചേച്ചിക്ക് സന്തോഷമായി. ഉടന്റെ ഷായി എത്തി. ബാവുട്ടി കറങ്ങാന് പോയ വിശേഷമെല്ലാം പറഞ്ഞു.

"ഉണ്ണിപ്പാപ്പനെന്താ കുടിക്കാന്‍ എടുക്കേണ്ടെ? ചായ എടുക്കട്ടെ..?
വേണ്ട ഷായി.. അല്പം കഴിഞ്ഞ് ഞാന്‍ ആവശ്യമുള്ളത് ചോദിച്ചോളാം....
"എന്നാ പാപ്പന് മസാല ദോശ ഉണ്ടാക്കിത്തരാം. ഞങ്ങളുടെ പ്രാതല്‍ ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളൂ..."
എനിക്ക് മസാല ദോശ വേണ്ട ഷായി. ഞാന്‍ വീട്ടില്‍ നിന്ന് കഴിച്ചിട്ട് ഒരു മണിക്കൂര്‍ ആകുന്നതേ ഉള്ളൂ.........

"അങ്ങിനെയാണെങ്കില്‍ പാപ്പന്‍ ചായ ഉണ്ടാക്കിത്തരാം"
എന്നാല്‍ അങ്ങിനെയാകട്ടെ ഷായി, പക്ഷെ എനിക്ക് കട്ടന്‍ ചായ മതി
അല്‍പ്പം കഴിഞ്ഞ് ഷായി കട്ടന്‍ ചായയുമായെത്തി.
"അടുക്കളയില്‍ ബൈജുവിന്റെ ഭാര്യ ഉണ്ട്. അവരുടെ മക്കളും ഇവിടെ ഉണ്ട്. ചാത്തത്തിന് വന്നിട്ട് പോയിട്ടില്ല. ഞാനങ്ങോട്ട് ചെല്ലട്ടെ. ഉണ്ണിപ്പാപ്പന്‍ ഇനി വൈകിട്ട് പോയാല്‍ മതി"


"ഞാന്‍ അമ്മയെ പാപ്പന്റെ കൂടെ ഇരിക്കാന്‍ അയക്കാം"
കുറച്ച് കഴിഞ്ഞ് ചേച്ചി കൂട്ടിനെത്തി. വിശേഷങ്ങളെല്ലാം പറഞ്ഞു. ബാവുട്ടിയുടെ മക്കളെ എനിക്ക് പണ്ടേ അറിയാം. പക്ഷെ മറ്റേ മക്കള്‍ താമസിക്കുന്നത് അകലെയായതിനാല്‍ ഞാനവരേയും കുടുംബത്തിനെയും കണ്ടതായി ഓര്‍ത്തിരുന്നില്ല.


ചേച്ചി എല്ലാ പേരക്കുട്ടികളേയും പൂമുഖത്തെക്ക് വിളിച്ചു. കുട്ടികള്‍ക്കെല്ലാം എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ഞാന്‍ കുട്ടികളുടെയെല്ലാം പേരും സ്കൂള്‍ വിശേഷവും എല്ലാം ചോദിച്ചറിഞ്ഞു. അങ്ങിനെ കുറേ നേരം എല്ലാവരോടും സല്ലപിച്ച് രണ്ട് കുട്ടികളുമായി ഞാന്‍ പറമ്പിലും പാടത്തുമായി ചിലവഴിച്ചു. പണ്ട് ഞാന്‍ കടന്ന് വന്നിരുന്ന പടിപ്പുരയും പാട ശേഖരവും, പാമ്പിന്‍ കാവും എല്ലാം കണ്ടു.
ബാലേട്ടന്റെ വീടിന്റെ മുന് വശത്ത് പണ്ട് വലിയ തൊഴുത്തും കയ്യാലയും ഉണ്ടായിരുന്നു. ഇപ്പോളതെല്ലാം നാമാവശേഷമായിരിക്കുന്നു. പണ്ടത്തെ പ്രൌഡി ഇപ്പോള്‍ ആ വീടിന് ഇല്ലാതെ പോയപോലെ തോന്നി എനിക്ക്.


ഞാന്‍ സസ്യബുക്കാണോ മാംസബുക്കാണൊ എന്ന് അടുക്കളയില്‍ ഉള്ളവര്‍ക്കറിയാത്ത കാരണം രണ്ട് ഡിപ്പാര്‍ട്ട്മെന്റിലെയും വിഭവങ്ങള്‍ ധാരാളം ഉണ്ടായിരുന്നു ഉച്ചയൂണിന്. അയലക്കറിയും, സ്രാ‍വ് കറിയും, മട്ടന്‍ കറിയും,മീന്‍ വറുത്തതും, പിന്നെ കുമ്പളങ്ങയിട്ട മോരു കറിയും, പപ്പടം അച്ചാര്‍ തുടങ്ങി ഒരു വിഭവസമൃദ്ധമായ സദ്യ തന്നെയായിരുന്നു. പോരാത്തതിന് ആ ദിവസം നോമ്പ് പെരുന്നാളും ആയിരുന്നല്ലോ.


എനിക്കുള്ള ഉച്ചയുറക്കത്തെപ്പറ്റി അവര്‍ എങ്ങിനെയോ മനസ്സിലാക്കിയിരുന്നു. കിടക്കാനുള്ള സ്ഥലവും ഏര്‍പ്പാടാക്കി എന്നെ അവര്‍ കിടത്തിയുറക്കി കുറച്ച് നേരം. ഇടനാഴികയില്‍ നിന്ന് രണ്ടാമത്തെ മുറിയിലായിരുന്നു എന്റെ ഉച്ചമയക്കം. ആ മുറിയില്‍ പ്രവേശിച്ചപ്പോളാണ് ഞാന്‍ അറിയുന്നത്, അത് പണ്ടുള്ള രണ്ട് മുറികള്‍ ഒന്നാക്കിയ കഥ. അവിടെ കിടന്ന് അല്പനേരം വിശ്രമിച്ചു.


പിന്നേയും കുട്ടികളുമായി സൌഹൃദം പങ്കിട്ടു. അപ്പോളെക്കും കുട്ടികളെല്ലാം കൂടി പുളി പറിക്കാന്‍ പോയി. എന്നെയും കൂട്ടിന്‍ വിളിച്ചു. കാട് പോലെ തോന്നുന്നതാണ് ബാലേട്ടന്റെ വിട്ട് പറമ്പ്. പുളിമരത്തിന്റെ ചുറ്റും വലിയ മാളങ്ങള്‍ കണ്ടു. അവിടെയൊക്കെ പണ്ട് പാമ്പുകള്‍ വസിച്ചിരുന്നു. എനിക്ക് ആ പ്രദേശത്തൊക്കെ അലഞ്ഞ് നടക്കാന്‍ പേടിയുള്ള പോലെ തോന്നി. പക്ഷെ ഈ കൊച്ചുമക്കളൊക്കെ അവിടെ തുള്ളിച്ചാടി നടക്കുന്നതിനാല്‍ എന്റെ ഭയം തെല്ലൊന്നടങ്ങി.


അതിലിടക്ക് ഒരുത്തി വന്നെന്നോട്....
"ഉണ്ണിപ്പാപ്പാ ആ തോട്ടി എടുത്ത് ഞങ്ങള്‍ക്ക് പുളി പറിച്ച് തരാമോ..?ഞങ്ങള്‍ക്കെത്തുന്നില്ലാ..........
"പുളി കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളമൂറി"
എന്റെ തോട്ടി കൊണ്ട് പുളി പറിക്കാനുള്ള ഉദ്യമം വിജയിച്ചില്ല. കാരണം തോട്ടിക്ക് നീളം പോരാ.

‘ഞങ്ങള്‍ കസേര കൊണ്ടത്തരാം പാപ്പാ...... പുളി പൊട്ടിച്ച് തരൂ...’
കുട്ടികളെല്ലാം പുളിച്ചുവട്ടില്‍ നിരന്നപ്പോള്‍ എനിക്ക് ഉത്സാഹം വര്‍ദ്ധിച്ചു............

"മക്കളെ പാപ്പന് കസേരയുടെ മുകളില്‍ നിന്ന് തോട്ടിയുമായി മേല്‍പ്പോട്ട് നോക്കാന്‍ പേടിയാ. കാലിലെ വാതത്തിന്റെ അസുഖം ഭേദപ്പെട്ട് വരുന്നതെ ഉള്ളൂ......"


കുട്ടികള്‍ക്ക് ഞാന്‍ പറഞ്ഞതൊന്നും ഇഷ്ടമായില്ലാ എന്ന് തോന്നുന്നു.
‘എടാ അഭിറാം കുട്ടാ... നീ ഒരു വടിയെടുത്ത് എറിഞ്ഞാല്‍ പുളി വീഴ്ത്താം.."
അവനെ ഞാന്‍ എങ്ങിനെയാണ്‍ എറിയുകയെന്ന് പഠിപ്പിച്ച് കൊടുത്തു. അങ്ങിനെ കുട്ട്യോള് വടിയെടുത്ത് പുളി എറിഞ്ഞ് വീഴ്ത്തി..

ഞാന്‍ കുട്ടികളുടെ കൂടെ കൂടി പുളി തിന്നു. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാ ഇങ്ങിനെ ഒരു അനുഭവം.


ഞാനെന്റെ കുട്ടിക്കാലം അയവിറക്കി.
തിരിച്ച് കുട്ടികളുമായി പിന്നീട് വീണ്ടും കോലായില്‍ വന്നിരുന്നു. ചേച്ചിയുമായി വര്‍ത്തമാനം തുടങ്ങി. എന്റെ ബ്ലോഗിലെ എഴുത്തുകളെപറ്റിയുമെല്ലാം സംസാരിച്ചു. കുട്ടികള്‍ക്ക് ഈ ബ്ലോഗ് എന്ന വിഷയം ശരിക്കും ബോധിച്ചു. അവര്‍ കൂടുതല്‍ കൌതുകത്തോടെ എന്നെ വീക്ഷിച്ചു.

ഞാന്‍ എന്റെ വീരപരാക്രമങ്ങളെല്ലാം അവരോട് പങ്കുവെച്ചു. പിള്ളേരുടെ ഇടയില്‍ ഞാനൊരു ഹീറോ ആയി.


‘യശോദ ചേച്ചീ ഈ ദിനം ശരിക്കും ധന്യമായി. എനിക്ക് സന്തോഷമായി. ഒരു പക്ഷെ ബാലേട്ടനായിരിക്കും എന്നെ ഈ പ്രസ്തുത ദിവസം എന്നെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിച്ചത്‘


എല്ലാ പേരക്കുട്ടികളും തറവാട്ടില്‍ ഒത്ത് ചേരുന്നത് എന്തെങ്കിലും ഇത്തരത്തിലുള്ള വിശേഷങ്ങള്‍ക്ക് മാത്രം.
കുട്ടികളുടെ പരിലാളനകല്ള്‍ മനസ്സില്‍ അയവിറക്കിക്കൊണ്ട് ഞാനും നാല് മണിയോട് കൂടെ തൃശ്ശൂരിലേക്ക് യാത്രയായി.

8 comments:

  1. കുറേ നാളായി ബാലേട്ടന്റെ വീട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ട്. ഞാന്‍ സാധാരണ എവിടെ പോകുമ്പോളും ആരോടും പറയാറില്ല. കാരണം പലരെയും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു പണ്ട്. അതിനാല്‍ ആ പണികള്‍ പിന്നെ വേണ്ടാന്ന് വെച്ചു. ഒരാള്‍ അഥവാ അവിടെ ഇല്ലെങ്കില്‍ ആ പരിസരത്തുള്ള വേറെ ഏതെങ്കിലും വീട്ടിലോ, ക്ഷേത്രത്തിലോ പോകാമല്ലോ എന്നതാണെനിക്ക് തോന്നിയത്.

    ReplyDelete
  2. കൃത്രിമത്വം ഇല്ലാതെയുള്ള എഴുത്താണ് എന്നെ കൂടുതല്‍ ആകര്‍ഷിയ്ക്കുന്നത്.
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. ഹലോ കൊട്ടോട്ടിക്കാരന്‍

    താങ്കളുടെ പ്രതികരണം വായിച്ച് ഞാന്‍ കൃതാര്‍ത്ഥനായി സുഹൃത്തേ. ഇതിലും വലിയ അംഗീകാരം എനിക്ക് കിട്ടാനില്ല.

    ReplyDelete
  4. സത്യസന്ധമായി എഴുതുന്ന ഈ വിവരണങ്ങള്‍ ഹൃദ്യം തന്നെ.

    ആ വലിയ എഴുത്തുകാരന് എന്റെയും അഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  5. വീണ്ടും ഒരു ഗ്രമാന്തരീക്ഷതിലുള്ള തനിമയുള്ള വിവരണം എല്ലാവരുടെയും പൂര്വകലാതെ തൊട്ടുണര്‍ത്തുന്ന ഹൃദ്യമായ ഒരു അനുഭവം, താങ്ക്സ് ഫോര്‍ ദിസ്‌ ഉണ്നിയെട്ട.
    അദ്ധേഹത്തിനു സഞ്ചയന്‍ എന്ന് പേരുള്ള ഒരു മകന്‍ ഇല്ലെ, അവനും ഞാനും ഒരേ ബാച്ച് ആയിരുന്നു ശ്രീ കൃഷ്ണ കോളേജില്‍ അവന്‍ ഹിസ്റ്ററി ഞാന്‍ എകൊനൊമിക്സ്

    ReplyDelete
  6. Ariyavunna ee sthalangaliloode veendum oru sundaran yaathra... Manoharam prakashetta... Ashamsakal...!!!

    ReplyDelete
  7. കുട്ട്യോള്‍ക്ക് മാത്രമാണോ കമന്റ്സ് ഇടാന്‍ അവകാശം??? (എങ്കില്‍ കൊങ്ങനൂരിലെ ഈ വീടിനോടനുബന്ധിച്ചു നോക്കുമ്പോള്‍ ഞാനും ഒരു കുട്ടിയാണ്.. )
    ഇതിനെ കുറിച്ച് എത്ര എഴുതിയാലും എനിക്ക് മതിയാവില്ല. ഞാനീ blog പലവട്ടം വായിക്കാന്‍ സാധ്യതയുണ്ട്...


    വല്ലപ്പോഴുമാനെന്കിലും, പണ്ടൊക്കെ ആ വീട്ടില്‍ പോകുമ്പോള്‍, ആ ഉമ്മറത്ത്‌ വച്ചിരുന്ന ചാര് കസേരയില്‍ ഇരിക്കുന്ന mummy യുടെ ബാലന്‍ മാമന്റെ രൂപം എനിക്ക് മറക്കാന്‍ പറ്റില്ല. ആ ചാര് കസേര അവിടെ ഇപ്പോളും ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ, uncle ന്റെ photo യില്‍ അത് തെളിഞ്ഞു കണ്ടില്ല. അത് കൊണ്ട് ആ വീടിനൊരു അപൂര്‍ണത തോന്നി.) പക്ഷെ ആ ചാര് കസേരയുണ്ടെങ്കില്‍ കൂടി ആ വീടിനെ പറ്റിയുള്ള എന്റെ മനസ്സിലെ ചിത്രം പൂര്‍ണമാവില്ലല്ലോ???

    ReplyDelete
  8. ഹലോ പ്യാരി
    കുട്ടികള്‍ക്ക് മാത്രമല്ല ആര്‍ക്കും അവിടെ കമന്റാം.
    അവിടെ അങ്ങിനെ എഴുതിയെന്നോ ഉള്ളൂ.
    പിന്നെ ബാലേട്ടന്റെ ചാരുകസേര അവിടെ തന്നെ ഉണ്ട്. ബൈജുവിന്റെ ഭാര്യ അതില്‍ കിടക്കുന്നത് കണ്ടു. ഷായ് തിണ്ണയിന്മേലും.
    ഏതായാലും അവിടെ എനിക്ക് വീണ്ടും പോകാന്‍ തോന്നിയെങ്കിലും ഇത് വരെ പോയിട്ടില്ല. ഷായ് ഇത് വരെ എന്റെ തൃശ്ശൂരിലുള്ള വീട്ടില്‍ വന്നിട്ടില്ല. ബാവുട്ടി കല്യാണത്തിന് ശേഷവും. ഞാന്‍ പലതവണ പറഞ്ഞിട്ടും അവര്‍ വന്നില്ല.
    എന്നാലും എന്റെ വല്യമ്മയുടേയും ബാലേട്ടന്റെയും വീടല്ലേ. അതിനാല്‍ എനിക്ക് അവിടെ പോകാന്‍ തോന്നുന്നു.
    ഇനി നാട്ടില്‍ വരുമ്പോള്‍ നമുക്കൊരുമിച്ചവിടെ പോകാം.
    വീട്ടിന്നുള്ളില്‍ സെറാമിക്ക് ടൈത്സ് ഇട്ടു. പല പരിഷ്കാരങ്ങളും ചെയ്തുവെങ്കിലും പുറമേക്ക് മാറ്റങ്ങളൊന്നുമുണ്ടാക്കിയില്ല. അതിനാല്‍ ഇപ്പോളും ആ കെട്ടിടത്തിന് ഒരു ഗമയുണ്ട്.
    എന്റെ അടുത്ത വിസിറ്റില്‍ ഞാന്‍ കൂടുതല്‍ ഫോട്ടോസ് എടുക്കാം. വേറെ ഒരു പോസ്റ്റിന് തുടക്കമിടാം.

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ