Monday, September 14, 2009

ബാല്യം എത്ര സുന്ദരം

ഞാന്‍ ഇന്ന് എന്തെങ്കിലും എഴുതാം എന്ന് കരുതി പതിവിലും നേരത്തെ ആഹാരം കഴിച്ച് തയ്യാറായി ഇരിക്കയായിരുന്നു. അപ്പോഴെക്കും എന്റെ മകള്‍ എന്റെ സിസ്റ്റത്തിലിരുന്ന് വരക്കാന്‍ തുടങ്ങി. അവള്‍ക്ക് സ്വന്തമായി ലാപ്പും എല്ലാം ഉണ്ട്. വയസ്സ് 29 ആയെങ്കിലും എന്റെ മുന്നില്‍ അവള്‍ ഒരു കൊച്ചുകുട്ടിയാണെന്നാ അവളുടെ തോന്നല്‍.

ഞാന്‍ അങ്ങിനെ അവിടെ നിന്ന് മാറി. എന്റെ മനസ്സില്‍ വന്നത് നിരത്താന്‍ പറ്റിയില്ല.

മകള്‍ പോകും വരെ പഴയ ഒരു പത്രം വായിക്കുന്നതിന്നിടയില്‍ എന്റെ മനസ്സ് വളരെ പുറകോട്ട് പോയി. എന്റെ പതിനഞ്ച് വയസ്സിലേക്ക്. ഞാനും രവിയും കുമാരനും എരുകുളത്തില്‍ കുളിക്കുന്നത്. ബാല്യത്തെപറ്റി എത്ര പറഞ്ഞാലും അവസാനിക്കുകയില്ല. രവിയും കുമാരനും നീന്തല്‍ പഠിച്ച് കഴിഞ്ഞ് എത്രയോ കഴിഞ്ഞാണ് ഞാന്‍ നീന്തല്‍ പഠിച്ചത്.

നീന്തല്‍ അറിയുമെങ്കിലും ഞാന്‍ മിക്കപ്പോഴും കുളിക്കുമ്പോള്‍ രവിയുടെ തോളില്‍ കയറി ഇരിക്കും. അപ്പോള്‍ അവന്‍ കരക്ക് കയറാന്‍ തുടങ്ങും, എന്നിട്ട് എന്നെ പുറകിലോട്ട് മറിച്ചിടും. അങ്ങിനെ പലവട്ടം. കൂടെ കൂടെ തോളില്‍ കയറുമ്പോള്‍ അവന് ദ്വേഷ്യം വരും. അപ്പോള്‍ ഞാന്‍ അതേ കുളത്തില്‍ കുളിപ്പിക്കാന്‍ കൊണ്ട് വന്നിട്ടുള്ള പോത്തിന്റെ മുതുകില്‍ കയറി ഇരിക്കും. എന്നിട്ട് അവറ്റകളെ നീന്തിപ്പിക്കും. പോത്തുങ്ങള്‍ കുളം മുഴുവന്‍ നീന്തും. പോത്തിന്റെ പുറത്തിരുന്ന് കുളം മുഴുവന്‍ സവാരി ചെയ്യും.

പോത്തുകളും, എരുമകളും മനുഷ്യരും ഒരേ സമയം കുളിക്കുന്ന കുളമാണത്. കൂടാതെ പെണ്ണുങ്ങള്‍ തുണി അലക്കാനും വരും. ഞങ്ങളുടെ കുളി വൈകിട്ടാണ്, അപ്പോള്‍ തന്നെയാണ് പോത്തുങ്ങളെയും കുളിപ്പിക്കാന്‍ കൊണ്ട് വരിക. ഞങ്ങള്‍ ഒന്ന് രണ്ട് മണിക്കൂര്‍ കുളിക്കും. അപ്പോഴെക്കും കണ്ണോക്കെ ചുവന്ന് കലങ്ങിയിരിക്കും. ഏതാണ്ട് സന്ധ്യയാകും കുളത്തില്‍ നിന്ന് കയറാന്‍.

അത് കഴിഞ്ഞ് ഞങ്ങള്‍ ചീരുമ്മായിയുടെ കഫേയില്‍ പോയി ചുക്ക് കാപ്പിയും കൊള്ളിയും പപ്പടവും കഴിക്കും. അപ്പോളെക്കും നേരം ഇരുട്ടിയിരിക്കും. കാപ്പി കുടി കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് തിരിക്കും. ആദ്യം എന്റെ വീടാണ്. പിന്നെ കുറച്ച് തെക്കോട്ട് പോയാല്‍ രവിയുടെയും കുമാരന്റെയും വീടായി. അവര്‍ കിഴക്കേലും പടിഞ്ഞാറയിലും ആണ്.

അങ്ങിനെ ഒരു ദിവസം കഴിയും. പിറ്റേ ദിവസം പുലരാന്‍ എനിക്ക് തിരക്കാവും. എന്തെങ്കിലും കുരുത്തക്കെട് കാണിക്കാന്‍ തിരക്കായിരിക്കും. പൂരം പെരുന്നാളെല്ലാം വന്നാല്‍ വലിയ രസമായിരിക്കും. എന്നെ ചേച്ചി ഒറ്റക്ക് എങ്ങോട്ടും വിടില്ല. രവിയുടെ കൂടെയാണെന്ന് പറഞ്ഞാല്‍ പിന്നെ ചേച്ചിക്ക് പൂര്‍ണ്ണ സമ്മതമാണ്. എത്ര വൈകിയാലും അവന്‍ എന്നെ വീട്ടില്‍ കൊണ്ട് വിട്ട് തരും. അവന്റെ കൈയില്‍ 3 കട്ട വിഞ്ചെസ്റ്റ്ര് ടോര്‍ച്ച് ഉണ്ട്. പിന്നെ രാത്രി നടക്കാന്‍ പേടിയും ഇല്ല. എനിക്ക് ടോര്‍ച്ചുണ്ടെങ്കിലും രാത്രി നേരങ്ങളില്‍ ഒറ്റക്ക് നടക്കാന്‍ പേടിയാ.

ചിലപ്പോള്‍ പൂരം കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് പേരും എവിടെ നിന്നെങ്കിലും ഓലക്കീറ് സംഘടിപ്പിച്ച് പാടത്ത് കിടന്നുറങ്ങും. മിക്ക പൂരങ്ങളും പാടത്തിന്റെ അടുത്തായിരിക്കും. എന്നിട്ട് നേരം പുലരുമ്പോള്‍ വീട്ടിലേക്ക് പോരും. എന്തിനാണെന്നോ ഈ പാടത്ത് കിടന്നുറങ്ങുന്നത്. പാതിരാ നേരത്തൊന്നും ഞങ്ങളുടെ വീട്ടില്‍ ആരും വാതില്‍ തുറന്ന് തരില്ല.

പിന്നെ ഞായറാഴ്ചയായാല്‍ ഞങ്ങള്‍ക്ക് ഒരു പാട് പരിപാടികളാണ്. അന്നൊക്കെ യാത്ര സൈക്കിളിലാണ്. സ്വന്തമായി ഒരു സൈക്കിള്‍ ഉണ്ടാകുക എന്നാല്‍ വലിയ ഒരു കാര്യമാണ് ആ കാലത്ത്. അതും ഇംഗ്ലണ്ട് റാലിയായാല്‍ പിന്നെ പറയേണ്ട. പിന്നെ ഒരു സീക്കോ വാച്ചും, ടര്‍ളിന്‍ ഷര്‍ട്ടും. ഇതെല്ലാം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഉണ്ട്. കൈയ്യില്‍ ധാരാളം പണവും.

ഞാന്‍ പുകവലി വളരെ ചെറുപ്പത്തിലേ ശീലിച്ചിരുന്നു. ആദ്യമൊക്കെ വീട്ടില്‍ പണിയെടുക്കുന്ന ആളുകളുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും. പിന്നീട് സോക്കേട് കൂടിയപ്പോള്‍ കാശ് കൊടുത്ത് വാങ്ങും ബീഡി. പിന്നെ ഈ ബീഡി വലിക്ക് സ്റ്റാന്‍ഡേര്‍ഡ് കുറവാണെന്നറിഞ്ഞപ്പോള്‍ പിന്നെ സിഗരറ്റായി വലി. സിസ്സേറ്സ്, വിത്സ്, പനാമ എന്നിവയൊക്കെ ആക്കി. പത്താം ക്ലാസ്സിലായപ്പോളെക്കും എന്റെ ബ്രാന്‍ഡ് പനാമ സിഗരറ്റായിരുന്നു. ഒരു പാക്കറ്റില്‍ ഇരുപതെണ്ണം ഉണ്ടാകും.

കാലത്ത് ചായ കുടി കഴിഞ്ഞാല്‍ ഒരു പുക അകത്തേക്ക് കയറ്റിയില്ലെങ്കില്‍ വയറ്റില്‍ നിന്ന് പോകയൈല്ലാ എന്നൊരു തോന്നലുണ്ടായിരുന്നു. കക്കൂസ് മുറിയുടെ ചുമരിന്റെ മുകളില്‍ ബീഡി, സിഗരറ്റ് തീപ്പെട്ടി മുതലായവ വെക്കും. അവിടെ ഇരുന്ന് പുക വലിക്കും. എന്റെ അനുജനും പുകവലിയില്‍ ഒട്ടും പിന്നിലായിരുന്നില്ല.

എന്റെ ചെറുപ്പത്തില്‍ എന്റെ പിതാവ് സിലോണില്‍ ആയിരുന്നു. ആറ് മാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരു മാസം നിന്ന് പോകും. അപ്പോള്‍ ഞങ്ങള്‍ക്ക് കുശാലാണ്. അച്ചന്‍ പ്ലെയെറ്സ് സിഗരറ്റാ വലിച്ചിരുന്നത്. 50 എണ്ണത്തിന്റെ ടിന്ന് ആണ് അവിടെ നിന്ന് കൊണ്ട് വരുന്ന സിഗരറ്റുകള്‍. ഒരു പുതിയ ടിന്ന് പൊട്ടിച്ച് ഏതാണ്ട് അഞ്ച് പത്തെണ്ണം വലിച്ച് കഴിഞ്ഞാല്‍ ഞങ്ങള്‍ നാലഞ്ചെണ്ണം മോഷ്ടിക്കും. എന്നിട്ട് ഏട്ടനും അനിയനും കൂടി തട്ടിന്‍ പുറത്തിരുന്ന് വലിക്കും.

പിന്നെ അടുത്ത ടിന്‍ പൊട്ടിക്കുന്ന വരെ ഞങ്ങള്‍ക്ക് ബീഡിയും മറ്റുമായി കഴിക്കും. പിന്നെ ഞങ്ങള്‍ക്ക് ഭക്ഷണം കഴിഞ്ഞാലും പുക വിടണമെന്ന ശീലമായിത്തുടങ്ങി. അച്ചന്‍ നാട്ടില്‍ വന്നാല്‍ ചിലപ്പോള്‍ ശല്യമായി എന്ന് തോന്നും. പുകവലിയും കള്ള് കുടിയൊന്നും മുറക്ക് നടക്കാറില്ല. പിന്നെ വിചാരിക്കും. പാവം, മുപ്പത് ദിവസം കഴിഞ്ഞാലങ്ങ് പോകുമല്ലോ. അപ്പോ ഞങ്ങളത് സഹിക്കും.


ചില രാത്രികളില്‍ രാത്രി ഭക്ഷണം കഴിഞ്ഞാല്‍ ഒരു പുക വിടാന്‍ ഒരു നിവൃത്തിയില്ലാതെ വരും. അപ്പോല്‍ ഞങ്ങള്‍ ഏഷ് ട്രേയില്‍ നോക്കി വലിയ കുറ്റി എടുത്ത് വലിക്കും. അതും കിട്ടിയില്ലെങ്കില്‍ പടിഞ്ഞാറെ വീട്ടില്‍ പോയി അവിടെ നിന്ന് സംഘടിപ്പിക്കും. അവിടെ നിന്ന് മുറുക്കാനും കിട്ടും.


ഞങ്ങളുടെ നാട്ടില്‍ എന്റെ ബാല്യത്തില്‍ വിദ്യുച്ചക്തി ഉണ്ടായിരുന്നില്ല. അതിനാല്‍ രാത്രി സഞ്ചാരം വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ പീടികളെല്ലാം ഏഴരയുടെ ബസ്സ് പോകുമ്പോളെക്കും അടക്കും. പിന്നെ തെക്കേലെക്കും വടക്കെലെക്കും ഒക്കെ പോയാല്‍ ബീഡി കിട്ടും. ചിലപ്പോല്‍ അടിയും കിട്ടും. ഞങ്ങള്‍ ബീഡി വലിക്കുന്നത് ചേച്ചിക്കറിയാമായിരുന്നു. തല്ലിയിട്ടും ചീത്ത പറഞ്ഞിട്ടൊന്നും കാര്യമില്ലാ എന്ന് ചേച്ചിക്കറിയാമായിരുന്നു. അതിനാല്‍ ഞങ്ങള്‍ സ്വതന്ത്രമായി വിലസി.

ഞങ്ങളെന്ന ഏട്ടനെയും അനിയനെയും ബീഡി വലിക്കാനും മുറുക്കാനും പഠിപ്പിച്ചത് ഞങ്ങളുടെ ഇളയ അമ്മാമനായിരുന്നു. മൂപ്പര് വലിച്ച ബീഡിയുടെ കുറ്റിയായിരുന്നു ആദ്യ കാലത്ത് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. പിന്നെ മൂപ്പര്‍ ഒരു വട്ടം ചവച്ചരച്ച് മുറുക്കിയതിന്റെ ചണ്ടി ഞങ്ങള്‍ക്ക് തരും. അതാണ് ഞങ്ങള്‍ തുടക്കത്തില്‍ മുറുക്കിയിരുന്നത്.

ഞങ്ങളുടെ ഗ്രാമത്തില്‍ വെറ്റില, അടക്ക മുതലായവ സമൃദ്ധം. വെറ്റില മുറുക്കാത്തവര്‍ ചെറുവത്താനിയില്‍ വിരളം. ഞങ്ങള്‍ പിന്നെ പന്ത്രണ്ട് വയസ്സാകുമ്പോളെക്കും പുകയിലയും മുറുക്കിത്തുടങ്ങി. ഞങ്ങള്‍ അമ്മയെന്ന് വിളിക്കുന്ന അമ്മൂമ്മ വെറ്റില മുറുക്കുന്നതിന്റെ കൂടെ പട്ടപ്പുകയിലയാണ് മുറുക്കുക. അതിന്റെ മണം കേട്ടാല്‍ തന്നെ മുറുക്കാന്‍ തോന്നും. പുകയിലയും സുഗന്ധദ്രവ്യങ്ങളും കൂട്ടിക്കുഴച്ച് വാഴപ്പോളയില്‍ കെട്ടിയാണ് പട്ടപുകയില വരിക. അതും കൂട്ടി മുറുക്കാന്‍ ഒരു സുഖം തന്നെയാണ്.

പിന്നെ കള്ള് കുടിയും. നല്ല തെങ്ങിന്‍ കള്ള്. ചിലപ്പോള്‍ പനങ്കള്ളും. ഒന്നും വിടില്ല ഞാന്‍. തെങ്ങില്ലെങ്കില്‍ പന. ഇനി ഇവ രണ്ടുമില്ലെങ്കില്‍ നല്ല നാടന്‍ ചാരായം.

[വേണമെങ്കില്‍ തുടരാം]

6 comments:

  1. ഞങ്ങളെന്ന ഏട്ടനെയും അനിയനെയും ബീഡി വലിക്കാനും മുറുക്കാനും പഠിപ്പിച്ചത് ഞങ്ങളുടെ ഇളയ അമ്മാമനായിരുന്നു. മൂപ്പര് വലിച്ച ബീഡിയുടെ കുറ്റിയായിരുന്നു ആദ്യ കാലത്ത് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. പിന്നെ മൂപ്പര്‍ ഒരു വട്ടം ചവച്ചരച്ച് മുറുക്കിയതിന്റെ ചണ്ടി ഞങ്ങള്‍ക്ക് തരും. അതാണ് ഞങ്ങള്‍ തുടക്കത്തില്‍ മുറുക്കിയിരുന്നത്.

    ReplyDelete
  2. kollaam eee lahari balyam eniku orupadu eshtapettu.

    eniyum thudarum enna pradheekshayodae

    Mithun
    Panikkassery

    ReplyDelete
  3. മിഥുന്‍

    പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി. ഈ ബ്ലൊഗിലെ ലേറ്റസ്റ്റ് പോസ്റ്റ് കാണുക. പിന്നെ പലയിടത്തും എന്റ് ബാല്യകാലം അയവിറക്കുന്ന പോസ്റ്റുകളുണ്ട്.

    അത് ഓര്‍മ്മിക്കാന്‍ കഴിയുന്ന ലഹരി ഒരു വല്ലാത്ത നിവൃതിയാണ്.

    ReplyDelete
  4. ഇതിലെ ആദ്യ ഭാഗം മുന്നേ എവിടെയോ വായിച്ചിട്ടുണ്ട്, ഇനിയുള്ള ഭാഗം വേഗം തന്നെ പോരട്ടെ. വേണമെങ്കില്‍ തുടരാം എന്നല്ല എന്തായാലും തുടരും എന്നാണ് എഴുതേണ്ടിയിരുന്നത് , അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete
  5. തല്‍സ്വരൂപം ഒക്കെ സധൈര്യം ഇറക്കി തുടങ്ങിയല്ലേ?കൊള്ളാം

    ReplyDelete
  6. hahahahaha Adipoli Prakashetta.. Theerchayayum thudaruka... Ashamsakal.

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ