Sunday, April 25, 2010

രാജന്റെ കവിത

ഇന്നെലെ കവിത അപ് ലോഡ് ചെയ്യാന്‍ സാധിക്കാ‍തെ പോയ കവിത/കീര്‍ത്തനം ഇവിടെ കാണുക.
രാജന്‍ എന്റെ അയല്‍വാസിയും അച്ചന്‍ തേവരുടെ ഭക്തനും ആണ്. തേവരുടെ പ്രഭാമണ്ഡലം എല്ലാ വര്‍ഷവും സൌജന്യമായി വ്രതം നോറ്റ് പോളീഷ് ചെയ്യുന്നത് രാജനാണ്.
അദ്ദേഹം കൂറ്ക്കഞ്ചേരിക്കടുത്ത് വര്‍ക്ക് ഷോപ്പ് തൊഴിലാളിയാണ്. കുറച്ച് കാലം ഗള്‍ഫിലായിരുന്നു എന്നെപ്പോലെ.
രാജന്റെ കവിതകള്‍ എന്റെ ബ്ലോഗില്‍ ഉടനീളം കാണാം.

ബന്ധങ്ങള്‍


കവിത - By my friend Mr. C. N. Rajan - Koorkkenchery

അഛനമ്മയുള്ള കാലമത്രയെ
രക്ത ബന്ധമൊത്ത് സ്നേഹമായ ജീവിതം
ധനം ദാനമേറെ ചെയ്‌വോളമത്രയെ
സ്നേഹ - ബന്ധമാര്‍ന്നമാറ്റുയേറു ഏവരില്‍
+
കടം കൊണ്ടവനുനേരെ കൈ നീട്ടവെ
തമ്മില് കലഹമാണുയവാ‍സാനമേവരില്‍
ഉള്ളമുള്ളിലേറ് കൊണ്ട - വാക്കുകള്‍
മറക്കുമോ മരണകാലമത്രയും
കൈവെടിഞ്ഞ മധുരപ്രേമമത്രയും
കൈവരില്ല വീണ്ടുമൊട്ടുമത്രയും
തന്നില്‍ നേടുവാനങ്ങോളമത്രയേ
കൃപകുടികൊള്ളുന്നുള്ളുയേവരില്‍
സത്യസ്നേഹബന്ധ-ആത്മാക്കളത്രയും
പണ്ട് മണ്ണോട് ചേര്‍ന്നു പോയത്രയും

Thursday, April 15, 2010

നൊന്തു പ്രസവിച്ചെന്ന പറച്ചില്‍ .........

നൊന്തുപ്രസവിച്ചെന്ന പറച്ചിലുണ്ടാകുമോ ഇനി.ആ വാക്ക് താമസിയാതെ അസ്തമിക്കില്ലേ.

എന്റെ കുടുംബത്തില്‍ ഒരു കുട്ടി പ്രസവിച്ചു അടുത്തനാള്‍. എല്ലാരും ചോദിച്ചു.
"എന്താ കുട്ടീ......... സിസേറിയനായിരുന്നില്ലേ..?"

"സുഖപ്രസവമായിരുന്നില്ലേ എന്നല്ലാ ചോദിക്കണത് ഇപ്പോള്‍..."
ആര്‍ക്കാ സിസേറിയന്‍ തിരക്ക്. പ്രസവിക്കാന്‍ പോണ പെണ്ണുങ്ങള്‍ക്കോ അതോ ആശുപത്രി അതികൃതര്‍ക്കോ?

"ഇനി അതും പോരാണ്ട് ഇപ്പോ ആശുപത്രി വരാന്തയില്‍ എഴുതി വെച്ചിരിക്കണ്...."
വേദനയില്ലാതെ പ്രസവിക്കാന്‍ പ്രത്യേക ഇഞ്ചക്ഷന്‍ ലഭ്യമാണ്. നിങ്ങളുടെ ഡോക്ടറെ കാണുക.

"നിവൃത്തിയില്ലെങ്കില്‍ സിസേറിയന്‍ ആവാം. അത് അനിവാര്യവും ആണ്. കുട്ടിയുടെയും അമ്മയുടേയും ജീവന്‍ രക്ഷിക്കാന്‍"

ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഈ മരുന്ന് കുത്തിവെച്ച് വേദന അറിയാതെ പ്രസവിക്കുന്നു.
ഇതൊക്കെ ശരിയാണോ..?

ഈശ്വരന്‍ എന്തുകൊണ്ട് പ്രസവ സമയത്ത് പെണ്ണുങ്ങള്‍ക്ക് വേദന നല്‍കി. എന്താ കുഞ്ഞുങ്ങള്‍ പ്രസവിച്ച് വീഴുമ്പോള്‍ കരഞ്ഞും കൊണ്ട് ഈ ഭൂമിയിലേക്ക് വരുന്നത്...

"ഇതിന്റെ ഒക്കെ പിന്നില്‍ എന്തെങ്കിലും ശാസ്ത്രങ്ങള്‍ ഉണ്ടാവില്ലേ...?"

ന്യൂ ബോര്‍ണ്‍ ബേബീസിനെ എന്നും കുളിപ്പിക്കേണ്ട കാര്യമുണ്ടോ..? എന്റെ വീട്ടില്‍ 28 ദിവസം കഴിഞ്ഞ ഒരു കുട്ടിയുണ്ട്. അത് സുഖമായി ഉറങ്ങുന്ന ഇടത്ത് നിന്ന് എടുത്ത് അര മണിക്കൂര്‍ എണ്ണ തേപ്പിക്കുന്നു. പിന്നീട് കാല്‍ മണിക്കൂര്‍ കുളിപ്പിക്കുന്നു. ഇതൊക്കെ ഒരു തരം ടോര്‍ച്ചര്‍ അല്ലേ. അത്രയും സമയം കുട്ടി വാവിട്ട് കരയുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ടാല്‍ എന്നെപ്പോലെയുള്ള വൃദ്ധന്മാര്‍ക്ക് സഹിക്കില്ല. ദിവസവും മേല് തുടച്ച് കൊടുത്താല്‍ പോരെ. ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിച്ചാല്‍ മതിയില്ലേ ?.

ഈ എന്നുമുള്ള കുളി അനിവാര്യമാണോ. കുട്ടിയുടെ ഈ ശ്വാസം മുട്ടുന്ന പൊലുള്ള കരച്ചില്‍ കേട്ട് പെറ്റ തള്ളക്ക് ഒരു കുലുക്കമില്ല....

Monday, March 29, 2010

ഗള്‍ഫുകാരേ ഇതിലേ ഇതിലേ

ഞാന്‍ എന്റെ ഗള്‍ഫ് ജീവിതം എഴുതാന്‍ പോകയാണ്. നീണ്ട 22 കൊല്ലത്തെ എക്സ്പീരിയന്‍സ്.

എനിക്ക് അവിടുത്തെ [MUSCAT and DUBAI] ഞാന്‍ പറയുന്ന സ്പോട്ടിലുള്ള ഡിജിറ്റല്‍ ഫോട്ടോസ് ഇമെയില് വഴി കിട്ടിയാല്‍ തരക്കേടില്ല.

ഈ പോസ്റ്റ് വായിക്കുന്നവര്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍ എന്നീ പട്ടണങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടുക. എന്റെ പ്രവാ‍സി ജീവിതം ഇവിടെയും കൂടി ബന്ധപ്പെട്ട് കിടക്കുന്നു.

ആര്‍ക്കെങ്കിലും എന്നെ സഹായിക്കാമെങ്കില് ദയവായി ബന്ധപ്പെടുക:
prakashettan@gmail.com

Friday, November 13, 2009

മുറ്റമടിക്കുന്ന ചൂലെടുത്ത്... മുറ്റമടിയും കഴിച്ചു പെണ്ണ് >>

മുറ്റമടിക്കുന്ന ചൂലെടുത്ത് എന്ന് തുടങ്ങുന്ന വടക്കന്‍ പാട്ടിന്റെ ഈരടികള്‍ ഇന്ന് കാലത്ത് എന്റെ കാതുകളില്‍ മുഴങ്ങി....

വെളുപ്പാന്‍ കാലത്ത് ഗേറ്റ് തുറന്ന് പത്രം എടുക്കാന്‍ ചെന്നപ്പോള്‍ മുറ്റത്ത് ഇലകളും, അരിപ്പാകുടികളു, ഓലത്തുമ്പുകളുമായി പരന്ന് കിടക്കുന്നു. എനിക്ക് ഒരു കമ്പിച്ചൂലുണ്ട്. അതുമായി ഞാന്‍ ചില ദിവസങ്ങളില്‍ അവിടെ പെരുമാറാറുണ്ട്.

എനിക്കാണെങ്കില്‍ വയസ്സ് എഴുപതാകാറായി.ല്‍ വീട്ടില്‍ മുപ്പത് കഴിഞ്ഞ മോനും, ഇരുപത് കഴിഞ്ഞ മരുമകളും, പിന്നെ എന്റെ എടാകൂടമായ സഹധര്‍മ്മിണിയും ഉണ്ട്. സധക്ക് അറുപതേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും അവളുടെ സ്ഥിതി എണ്‍പത് കഴിഞ്ഞ പോലെയാണ്. എന്നും തണ്ടെല്ല് വേദനയും, കൈകാല്‍ തരിപ്പും, മറ്റുപല അസുഖങ്ങളും.....
ഞാന്‍ എന്റെ വെയര്‍ ഏന്‍ഡ് ടെയര്‍ അസുഖങ്ങളെ വകവെക്കാതെ എന്റെ കമ്പിച്ചൂലെടുത്ത് മുറ്റമടിക്കാന്‍ തുടങ്ങി. കാലത്ത് സാധാരണ കുളികഴിഞ്ഞാണ് മുറ്റമടിക്കാറ് ഞാന്‍. കുളികഴിഞ്ഞ് ഗുരുവായൂരപ്പന് നദ്യാര്‍വട്ടപ്പൂക്കള്‍ സമര്‍പ്പിക്കും, പിന്നെ ഡൈനിങ്ങ് റൂമിലുള്ള കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍ മുതലായ എന്റെ മറ്റു ദൈവങ്ങള്‍ക്ക് ചന്ദനത്തിരി പുകച്ച്, ഗണപതിയുടെ മുന്നില്‍ ഏത്തമിട്ട് നേരെ കിച്ചനില്‍ ചെന്ന് ഒരു സുലൈമാനി കഴിക്കും. എന്നിട്ടാണ് മുറ്റമടിയും പത്രം വായനയും മറ്റും.

പക്ഷെ ഇന്ന് മുറ്റം കിടക്കുന്നത് കണ്ടാല്‍ എന്റെ പ്രായത്തിലുള്ള ഒരു അപ്പൂപ്പനും ക്ഷമിക്കില്ല. ഇന്നെത്തെ കാലത്ത് വലിയ മുറ്റമടിക്കാനുള്ള പെണ്ണുങ്ങളെ ഒന്നും കിട്ടില്ല. എല്ലാം അഞ്ച് സെന്റില്‍ ഉള്ള വീടുകളാണല്ലോ ഇന്നത്തെ കാലത്ത്. അത്തരം വീടുകളില്‍ മുറ്റം എന്നൊരു പ്രതിഭാസം ഉണ്ടാകാറില്ല.

ഞാന്‍ പട്ടണത്തില്‍ വീട് വെക്കുന്നതിന് മുന്‍പ് വലിയ മുറ്റവും അല്പം കൃഷിക്കുള്ള സ്ഥലവും വേണമെന്ന ചിന്താഗതിക്കാരനായിരുന്നു. വാഴയും ചേനയും ഇഞ്ചിയു, മഞ്ഞളും എല്ലാം നടാനുള്ള ഉദ്ദേശത്തില്‍ ഇരുപത്തഞ്ച് സെന്റ് വാങ്ങി.

രണ്ടായിരത്തി എഴുനൂറ് ചതുരശ്ര അടിയില്‍ ഒരു ഇരുനില മാ‍ളികയും, അഞ്ഞൂറ് ചതുരശ്ര അടിയില്‍ ഒരു ഔട്ട് ഹൌസും പണിതു. ബാക്കിയുള്ള സ്ഥലത്ത് എനിക്ക് ഉലാത്തുവാന്‍ വലിയ മുറ്റവും, ശേഷിച്ച സ്ഥലത്ത് വാഴ, ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍, ചിലയിടത്ത് മതിലില്‍ കൂടി കുരുമുളക്, വെറ്റില പിന്നെ മതിലിന്നരികില്‍ കവുങ്ങ്, കരയാമ്പൂ, കറുവപ്പട്ട, പപ്പയാ മുതലായവയും കൃഷിചെയ്തു.

സ്ഥലം വാങ്ങുമ്പോള്‍ തന്നെ അതില്‍ 12 തെങ്ങുകളുണ്ടായിരുന്നു. കൂടുതല്‍ തെങ്ങുകള്‍ വെച്ചു. മുന്‍സിപ്പാലിറ്റിയിലെ വെള്ളം ആവശ്യത്തിന്നനുസരിച്ച് കിട്ടില്ലാ എന്ന കണക്കുകൂട്ടലില്‍ ഒരു കിണര്‍ കുഴിച്ചു. മൂന്ന് കോല്‍ കിണറില്‍ എപ്പോഴും രണ്ട് കോല്‍ വെള്ളമുണ്ടാകും, മഴക്കാലത്ത് ഭൂമിനിരപ്പ് വരെയും.

അങ്ങിനെ എന്റെ സങ്കല്‍പ്പത്തിനൊത്ത ഒരു വീടും പരിസരവും എനിക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് എന്റെ സ്വപ്ന സാക്ഷാതകാരമായിരുന്നു.

അങ്ങിനെയുള്ള ഒരു വീട് അലങ്കോലമായിക്കിടക്കാന്‍ എന്റെ മനസ്സ് അനുവദിക്കില്ല. വയ്യായെങ്കിലും കമ്പിച്ചൂലെടുത്ത് കണ്ണടവെക്കാതെ കാഴ്ച ശരിയല്ലാതെ ഞാന്‍ മുറ്റമടിച്ച് തുടങ്ങി. സാമാന്യം വലിയ മുറ്റമായതിനാല്‍ പെട്ടെന്നൊന്നും അടിച്ച് കഴിയുകയില്ല. ഒരു വിധം ത്യാഗം സഹിച്ച് മുറ്റം മൊത്തം അടിച്ചു. ഉണങ്ങിയ ഇലകളെല്ലാം തീയിട്ടു. ഓലത്തുറുമ്പുകളും അരിപ്പാക്കുടിയും എല്ലാം കൂട്ടി തെങ്ങിന്റെ ചുവട്ടിലിട്ട് മൂടി.
എല്ലാം കഴിഞ്ഞപ്പോളെക്കും ഞാന്‍ അവശനായിരുന്നു. കാലത്തെ സുലൈമാനിയും, കുളിയും തേവാരമൊന്നും കഴിക്കാതെയായിരുന്നു ഇന്നത്തെ മുറ്റമടി.

പണ്ടത്തെക്കാലത്ത് കാലത്ത് എണീറ്റുകഴിഞ്ഞാല്‍ വീട്ടിലെ പെണ്ണുങ്ങള്‍ ആദ്യം ചെയ്യുന്നത് മുറ്റമടിച്ച് ചാണകം തെളിക്കും. എന്നിട്ട് കിണ്ടി കോളാമ്പി മുതല് കഴുകി യഥാസ്ഥാനത്ത് വെക്കും. എന്റെ വീട്ടിലാണെങ്കില്‍ രണ്ട് കെട്ട് വെറ്റില പൊട്ടിച്ച് മുറുക്കാന്‍ ചെല്ലപ്പെട്ടിയില്‍ വെക്കും. മുറുക്കാനുള്ള അടക്കയും പുകയിലയുമൊക്കെ തയ്യാറാക്കും. പൂമുഖത്ത് തുപ്പാനുള്ള കോളാമ്പിയും വെക്കും.
വീട്ടില്‍ വരുന്നവര്‍ക്ക് ആദ്യം ഞങ്ങള്‍ മുറുക്കാനാണ് കൊടുക്കാറ്.

മുറുക്കിക്കഴിഞ്ഞ് അല്പം വിസായമെല്ലാം പറഞ്ഞതിന് ശേഷമാണ് കുടിക്കാനെന്താ വേണമെന്ന് ചോദിക്കൂ. ഒരു പ്രഭാതം വിരിയുന്നത് അങ്ങിനെയാണ്.

ഞാന്‍ മുറ്റമടിച്ച് വീട്ടിന്നകത്തേക്ക് പ്രവേശിച്ചു. സമയം ഏഴുമണി കഴിഞ്ഞിരുന്നു. എന്റെ മരുമകള്‍ എഴുന്നേറ്റിട്ട് പോലും ഉണ്ടായിരുന്നില്ല. അവള്‍ക്കാണെങ്കില്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കലല്ലാതെ വേറെ ജോലിയോ മറ്റോ ഒന്നും ഇല്ല.

[തുടരും]

ഒരു പുതിയ പോസ്റ്റ് ഇവിടെ ജനിക്കുന്നു. കാത്തിരിക്കുക.

Monday, November 2, 2009

ഈ നഗരം

എന്റെ പ്രിയ സുഹൃത്ത് ശ്രീമതി. മിനി കുരിയാക്കോസ് എഴുതിയ കവിത അവരുടെ സമ്മതത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. മിനിക്ക് ആശംസകള്‍ നേരുന്നു.
++++++++++++++++++++++++++++++++

എന്നെ കാണാന് കണ്ണില്ലാത്ത-
ആത്മാവില്‍ വലനെയ്ത
അസഹിഷ്ണമായ ബിംബങ്ങള്‍
മൂളിനടക്കുന്ന നഗരം

മാന്യത നടിച്ചുറങ്ങുന്ന പകലും
ഇരതേടി ഉണരുന്ന രാവും
സൂര്യനസ്തമിക്കാന്‍ അനുവാദ-
മില്ലാത്ത ഗല്ലികളും.

ഇവിടെ ഞാന് സ്വപ്ങ്ങളുടെ
തേരോട്ടം കണ്ടു.
പുതുപെണ്ണിന്റെ കണ്ണീരണിഞ്ഞ
വരികളുറക്കെ വായിച്ച്
നെടുവീര്‍പ്പിടുന്ന ക്യാമ്പുകള്‍കണ്ടു.

ആര്‍ദ്രതവറ്റിയ കണ്ണുകളില്‍
വില്‍പ്പനാതന്ത്രങ്ങളുമായി
പാതിമറഞ്ഞ നഗ്നത.

വിപ്ലവം തോല്‍പ്പിച്ചു കളഞ്ഞ
റഷ്യന്സുന്ദരികളുടെ റൂഷിന്റെവശ്യതയില്‍
കമ്മ്യുണിസംത്തിന് വിലാപം.

അബ്ര കടക്കുമ്പോള്‍ തുഴവീഴാത്ത
ഓളങ്ങളുടെ നെഗളിപ്പില്‍
അറബിപൊന്ന് പൂക്കുന്ന കോണ്‍ക്രീറ്റ്കാടുകള്‍
ഇടയലേഖനം വീഞ്ഞില്‍മുക്കി
കഴിക്കുന്ന വിശ്വാസിയേയും
നിന്റെ വിശ്വാസം നിന്നെ പിഴപ്പിക്കും
എന്നുറക്കെ കരയുന്ന ക്രൂശിതനേയും
ഞാനിവിടെ കണ്ടു.

അതിര്‍ത്തിക്കിരുവശവും തോക്കുകള്‍
ഉന്നംതീര്‍ക്കുമ്പോള്‍
തര്‍ക്കമില്ലാത്ത ഭൂമിയില്‍
ഭാരതീയന്റെ മനസ്സിലേക്ക്
നൂല്‍പ്പാലമിട്ടിറങ്ങിചെല്ലുന്ന പാക്കിസ്താനി...

കാല്‍പ്പനികത നീന്താന് ഉരുപണിയുന്ന-
അറബിക്ക് സലാം മടക്കുന്ന
ഹിന്ദുവും ക്രിസ്ത്യനും,
മടങ്ങാം നേരിന്റെ നേര്‍ക്കാഴ്ചയില്‍നിന്നും
അഞ്ജം സുന്ദരം നഗരം
കാണാന് കണ്ണില്ലാത്തവര്‍ക്ക്!

Sunday, October 25, 2009

അക്കരയിലെ നാലുകെട്ട്

തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റ് ബ്ലോഗ് വായിച്ച് അബുദാബിയിലുള്ള സുജ എനിക്കെഴുതിയ ഇമെയില്‍. എന്റെ ബ്ലോഗ് വായിച്ചുവെന്നും നമ്മള്‍ ബന്ധുക്കളാണെന്നുമെല്ലാം പറഞ്ഞ്. ഞാന്‍ ഈ ബന്ധത്തിന് ആധാരമായ കുടുംബ ചരിത്രം അടുത്ത കാലത്തൊന്നും ആലോചിച്ചിട്ടില്ല. ബന്ധങ്ങളുടെ വഴികള്‍ സുജ പറഞ്ഞെങ്കിലും ആദ്യമൊന്നും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. പിന്നീട് കുറച്ച് മെയില്‍ കമ്മ്യൂണിക്കേഷനുശേഷം എനിക്ക് മനസ്സിലായി ആരാണ് ഈ സുജ എന്ന്. 

 എന്റെ ബ്ലോഗില്‍ കൂടി എന്റെ ഒരു ബന്ധുവിനെ കണ്ടെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്റെ അമ്മയുടെ അമ്മയുടെ ആങ്ങിളയുടെ മകളുടെ ഇളയ മകളാണ് ഞാന്‍ ഇവിടെ പറയുന്ന സുജ. സുജയുമായുള്ള ഈ പുതിയ സൌഹൃദം എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നു. ഞാന്‍ ഏതാണ്ട് അമ്പത് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഞാന്‍ ഇങ്ങിനെ തുടങ്ങാം. എന്റെ ചെറുപ്പത്തില്‍ എന്റെ ചേച്ചി എന്നെ സ്കൂള്‍ പൂട്ടിയാല്‍ പത്ത് ദിവസം അക്കരക്ക് കൊണ്ട് പോകും. ചെറുവത്താനിയില്‍ നിന്ന് ബസ്സില്‍ ചാവക്കാടെത്തി അവിടെ നിന്ന് വഞ്ചിയില്‍ അക്കരക്ക് പോകും. വലിയ വഞ്ചിയിലായിരിക്കും പോകുക. അക്കരയെത്തുമ്പോള്‍ എനിക്ക് സങ്കടം വരും. എന്തെന്നാല്‍ വഞ്ചിയില്‍ നിന്ന് ഇറങ്ങണമല്ലോ. അന്ന് അക്കരക്കുള്ള യാത്ര അത്ര സുഖകരമായിരുന്നു. അക്കരയെത്തുമ്പോള്‍ അവിടെ അപ്പുമാമന്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. അപ്പുമാമന്‍ വലിയ സ്നേഹമുള്ള ആളാണ്. അക്കരയെത്തിയാല്‍ അവിടെ നിന്ന് ചെറിയ ഇടവഴിയില്‍ കൂടിയും, പല വീടുകളുടെ പറമ്പില്‍ കൂടെയെല്ലാം നടന്ന് വേണം അപ്പുമാമന്റെ വീട്ടിലെത്താന്‍. 

 അക്കരയിലുള്ള അപ്പുമാമന്റെ വീടെ ഓല മേഞ്ഞ നാലുകെട്ടായിരുന്നു. അന്നൊക്കെ എനിക്ക് ഇത്തരം നാലു കെട്ട് വീട് ഒരു അത്ഭുതം തന്നെയായിരുന്നു. മഴക്കാലത്ത് നാല് കെട്ടിലെ നടുമുറ്റത്ത് മഴ വെള്ളം വീഴുന്നത് അങ്ങിനെ അങ്ങിനെ നോക്കിയിരിക്കും ഞാന്‍. അപ്പുമാമന്റെ വീട്ടില്‍ മാമന്റെ മകന്‍ മണിയും പിന്നെ മണിയുടെ പെങ്ങന്മാരും അമ്മായിയും, ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയുടെ അമ്മയുടെ ജേഷ്ടത്തിയും മറ്റു ചിലരുമുണ്ട് ആ വീട്ടില്‍. 

 ഈ വീടിന് വലിയ ഉമ്മറവും, പിന്നെ മുറ്റത്ത അംബലപ്പുരയും, അംബലപ്പുരക്കടുത്ത് ഒരു ചെറിയ കുളവും ഉണ്ടായിരുന്നു. അവിടെ കുളത്തില്‍ നിന്ന് തന്നെയാണ് കുടിക്കാനുള്ള വെള്ളം എടുക്കുക. കുളത്തിന്റെ കരയില്‍ ചെറിയ ഒരു പാത്രം പോലെയുള്ള ഒരു ആഴമില്ലാത്ത കിണറുണ്ടാകും. അതില്‍ നിന്ന് കുടിവെള്ളം മുക്കിയെടുക്കും. അതൊക്കെ എന്റെ ബാല്യത്തില്‍ എനിക്ക് അതിശയമുള്ള കാര്യം ആയിരുന്നു. 

 പിന്നെ അപ്പുമാമന്റെ വീടിന്റെ പുറകില്‍ കുന്ന്പോലെ തോന്നുന്ന പൂഴിമണല്‍ തിട്ടയാണ്. അതില്‍ നിറയെ പറങ്കിമാവും പിന്നെ പറങ്കിമാവ് തോട്ടം കഴിഞ്ഞാല്‍ അറബിക്കടലും. 

ഞങ്ങള്‍ ചിലപ്പോള്‍ പറങ്കിമാവിന്റെ മുകളില്‍ കയറിയിരുന്നാകും മലമൂത്ര വിസര്‍ജ്ജനം ചെയ്യുക. എന്തൊക്കെ കുസൃതിത്തരങ്ങളാണെന്നോ അന്ന് ഞാനും കൂട്ടരും ചെയ്തിരുന്നത്. അപ്പുമാമന് മണികൂടാതെ എത്ര പെണ്‍ മക്കളുണ്ടായിരുന്നുവെന്നെന്നും എനിക്കോര്‍മ്മയില്ല. ഒരിക്കള്‍ ഞാന്‍ ദുബായില്‍ വെച്ച് മണിയുടെ പെങ്ങളെ കണ്ടിരുന്നെങ്കിലും അന്നൊന്നും എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നില്ല. സുജയുടെ എഴുത്ത് ആണെന്നെ ഇതൊക്കെ ഓര്‍മ്മിപ്പിച്ചത്. ജനറേഷന്‍ ഗാപ്പ് എന്ന് പറയുന്നത് പോലെയാണിവിടെ സംഭവിച്ചത്. 

 സുജയുടെ എഴുത്തിലൂടെ ചേച്ചിയുടെ അമ്മയുടെ കുന്നംകുളം ചിറളയം വീടും പരിസരവും അവിടുത്തെ അന്തേവാസികളേയും ഞാന്‍ ഓര്‍ക്കുന്നു. കോ‍ന്നുമാമനും, ഇട്ടിരി മാമനും എല്ലാം. ഞങ്ങള്‍ അക്കരയിലുള്ള മാമന്റെ വീട്ടിലെത്തിയാല്‍ അവിടെ എന്നും ഉത്സവം പോലെയായിരിക്കും. 

എന്നും വിഭവസമൃദ്ധമായ ഭക്ഷണവും മറ്റുമായിരിക്കും. നല്ല പെടക്കുന്ന മീന്‍ എപ്പോളും കിട്ടും. മാമന്‍ പീടികയില്‍ നിന്നെത്തിയാല്‍ ചേച്ചിയും മാമനും ഇങ്ങിനെ വര്‍ത്തമാനം പറഞ്ഞ് കൊണ്ടേയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ ആ വലിയ വീട്ടില്‍ ഓടിക്കളിച്ചുംകൊണ്ടിരിക്കും. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.  മാമന്റെ അടുത്ത വീട് ഓടിട്ടതായിരുന്നു. നാളികേരം ഓട്ടിന്‍പുറത്ത് വീണ് പൊട്ടാതിരിക്കാന്‍ നാളികേരക്കുലയുടെ അടിയില്‍ വലിയ കൊട്ടപോലെയുള്ള ഒരു സാധനം കെട്ടിയിടും. വാടി വീഴുന്ന നാളികേരം ആ കൊട്ടയില്‍ വീഴുന്നതും മറ്റും ഞാന്‍ ചിലപ്പോള്‍ നോക്കിയിരിക്കും. 

 ഈ നാല് കെട്ടിന്നുള്ളില്‍ താമസിക്കാന്‍ വളരെ സുഖമായിരുന്നു. ഒട്ടും ചൂട് തോന്നുകയില്ല. അന്നത്തെ കാലത്ത് എലകൃട്രിസിറ്റി ഉണ്ടായിരുന്നില്ല ആ നാട്ടിലും എന്റെ ഗ്രാമത്തിലും. പകള്‍ മുഴുവന്‍ ഓടിക്കളിച്ച്, വൈകിട്ട് കുളി കഴിഞ്ഞാല്‍ അത്താഴം കഴിക്കുമ്പോളെക്കും ഞങ്ങള്‍ ഉറക്കമാകും. ഞാന്‍ എന്റെ ചേച്ചിയോട് അന്നൊക്കെ ചോദിക്കാറുണ്ട്. “എന്താ ചേച്ച്യേ നമുക്ക് നാല് കെട്ട് വീടില്ലാത്തെ? “ ഉണ്ണിമോന്‍ വലുതാകുമ്പോല്‍ നമുക്ക് നാല് കെട്ട് പണിയണം എന്ന് ചേച്ചി പറയും. അക്കരയില്‍ നിന്ന് തിരിച്ച് പോകാനുള്ള ദിവസങ്ങളാകുമ്പോള്‍ എനിക്ക് സങ്കടം വരും. പോകാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരിക്കല്‍ വന്ന് പോയാല്‍ പിന്നെ മിക്കവാറും അടുത്ത കൊല്ലമേ പോകൂ. അവിടെ നിന്ന് മടങ്ങിപ്പോരാനേ തോന്നുകയില്ല. 

 പണ്ട് ഞാന്‍ എം ടിയുടെ നാല് കെട്ട് വായിക്കുമ്പോള്‍ അക്കരയിലെ അപ്പുമാമന്റെ നാല് കെട്ട് വീട് ഓര്‍മ്മിക്കുമായിരുന്നു. ഈ കഥയിലെ സുജയെ ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഒരു പക്ഷെ എന്റെ ചെറുപ്പത്തില്‍ ഇവള്‍ ജനിച്ച് കാണില്ല. ഏതായാലും എന്റെ ബാല്യത്തിലെ അക്കരയിലെ ഓര്‍മ്മകളുടെ ചിറക് വിടര്‍ത്താന്‍ നിമിത്തമായ സുജയെ ഞാന്‍ ഇവിടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തട്ടെ.

സുജയും ഭര്‍ത്താവും രണ്ട് കുട്ടികളും ഒന്നിച്ച അബുദാബിയില്‍ താമസിക്കുന്നു. പത്ത് വയസ്സിന്‍ താഴെയുള്ള ഒരു മകളും അഞ്ച് വയസ്സിന്‍ താഴെയുള്ള ഒരു മകനും. 

 അങ്ങിനെ കാലങ്ങള്‍ക്ക് ശേഷം അക്കരയിലെ നാല് കെട്ട് ഓര്‍മ്മിക്കാനായി.