Monday, August 10, 2009

എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ?

എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ? എങ്ങിനെയുണ്ട് ദുബായിലെ റിസഷന്‍.

ഇവിടുത്തെ സ്ഥിതിഗതികള്‍ പരിതാപകരമാണ്. വരുമാനത്തിലുള്ള കമ്മി. ചിലവാണെങ്കില്‍ കൂടുതലും. സാധനങ്ങളുടെ

വിലയില്‍ കുതിച്ചുകയറ്റവും. ഇവിടെ ജീവിച്ചു പോകാന്‍ വലിയ ബുദ്ധിമുട്ട് തന്നെ. ഇപ്പോ പെട്രോളില്‍ പച്ചവെള്ളം ഒഴിച്ച് വണ്ടി ഓടിക്കാമെന്ന് വായിച്ചു. ഇങ്ങിനെപോയാല്‍ ഇനി പച്ചവെള്ളത്തിനും റേഷന്‍ വരാം.


ഇവിടെ കുട്ടന്‍ മേനോന് മദിരാശിയില്‍ പോയി വന്ന ഉടനെ ഛര്‍ദ്ദിയും, പനിയുമായിരിക്കയാ‍ണ്. കുടുംബത്തിലെല്ലാവര്‍ക്കു അസുഖമാണത്രെ. പലരും ആശുപത്രീലും.

എനിക്കാണെങ്കില്‍ രക്തവാതം പിടിച്ച് കാലില്‍ തരിപ്പും, കോച്ചലും ആയി വൈദ്യരത്നത്തിലെ ചികിത്സയാണ്. കിഴിയും മറ്റുമായി. പുറത്തിറങ്ങാ‍ന്‍ വയ്യാത്ത അവസ്ഥയിലും. എന്റെ ഫോസ്റ്ററ് കുട്ട്യോള് ഫ്രിഡ്ജില്‍ ഇരുന്ന് കരയുന്നു. അവരെ ഞാന്‍ അകത്താക്കിയാലല്ലേ അവര്‍ക്ക് ശാപമോക്ഷം കിട്ടൂ.
ഞാന്‍ വെറുതെ ഇരുന്നിരുന്ന് തോറ്റു. ഇത്രക്കും കഷ്ടപാടാണെന്ന് നിരീച്ചില്ലാ ഈ കിഴി പരിപാടി. ഞാന്‍ വിചാരിച്ചു ഒരാള്‍ വന്ന് കാലില്‍ കിഴികുത്തി പോകുമെന്ന്. കുത്താന്‍ വന്നപ്പോഴല്ലേ മനസ്സിലാകുന്നത്, മനുഷ്യന്റെ ശരീരം മുഴുവനും കുത്തി കുത്തി ഒരു വകയാക്കുന്നു. ആദ്യത്തെ ഒരാഴ്ച വെറും കുത്തലായിരുന്നു. ധാന്യക്കിഴി. ഒരാഴ്ച കഴിഞ്ഞപ്പോളാ ഇലക്കിഴി വരുന്നത്. അതും ചൂട് തൈലത്തില്‍ മുക്കിയുള്ള കിഴിയും പിന്നെ മസ്സാജും. എല്ലാം കഴിഞ്ഞ് ഒരു മണിക്കൂര്‍ കിടന്ന് വിശ്രമിക്കണം. അതാണ് ഏറ്റവും വലിയ ശിക്ഷ. പിന്നെ ചുട് വെള്ളത്തില്‍ ഒരു കുളി.


കുളി കഴിഞ്ഞാല്‍ ഒരു പരിവമാകും. പിന്നെ വിശപ്പ് തുടങ്ങും. വിശപ്പടക്കിയാല്‍ അപ്പോഴെക്കും ഉറക്കം വരും. പന്ത്രണ്ട് മണി വരെ കീബോര്‍ഡില്‍ ഇടിച്ച് കൊണ്ടിരുന്ന എന്നെ എവിടെപോയി എന്നന്വേഷിക്കയാണ് എന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ കുട്ട്യോള്.
എനിക്കെപ്പോഴും ഉറക്കം തൂങ്ങലാ ഇപ്പോള്‍. പകലുറക്കം പാടില്ലത്രെ. ഞാന്‍ എന്നാലും ചിലപ്പോള്‍ ഉറങ്ങും.


നല്ല ദാഹവും. ഇപ്പോള്‍ വെള്ളം കുടിക്കാന്‍ പോയപ്പോള്‍ ഫോസ്റ്ററ് കുട്ട്യോള് വീണ്ടും ചോദിച്ചു.

“ഞങ്ങളെയെല്ലാം വേണ്ടായി അല്ലേ....?

പാവം കുട്ട്യോള്....
അവരെ സാന്ത്വനിപ്പിക്കാന്‍ കുട്ടന്‍ മേനോനും ഇല്ലാ.... കുറുമാന്‍ ചേട്ടനും ഇല്ല.

ഓരോരുത്തര്‍ക്ക് ഓരോ ഗതികേട്. അല്ലാതെന്തു പറയാനാ.


ഞാന്‍ അല്പനേരം മയങ്ങട്ടെ. കിഴി വെക്കുന്ന വൈദ്യര്‍ നാല് മണിയാകുമ്പോഴെക്കും എത്തും. അവിടുത്തെ രണ്ട് ചിടുങ്ങുകളോട് ഈ അപ്പൂപ്പന്റെ അന്വേഷണം പറയണമേ?


സ്നേഹത്തോടെ

പ്രകാശേട്ടന്‍

Thursday, August 6, 2009

ബാലന്‍ കൂലന്‍ >>>>>>>>>>

“ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി...............“

ഞാന്‍ ചിലപ്പോള്‍ എന്റെ ബാല്യത്തിലേക്ക് മടങ്ങാറുണ്ട്. അതായത് നമുക്ക് എത്രത്തോളം പുറകിലേക്ക് നോക്കാം പറ്റും. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മയില്ല. ശാരദ ടീച്ചറാണെന്ന് തോന്നുന്നു എന്റെ അദ്ധ്യാപിക. രണ്ടാം ക്ലാസ്സില്‍ ചുണ്ടന്‍ മാഷാണോ? മൂന്നാം ക്ലാസ്സില്‍ എളച്ചാര്‍ ടിച്ചറോണോ? അതോ എന്റെ ചേച്ചിയോ? ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മ വരുന്നു.

എന്നെ എല്ലാ കുട്ട്യോളും മാത്തടിയനെന്നാ വിളിച്ചിരുന്നത്. എനിക്ക് തടി കൂടുതലായിരുന്നത്രെ. എനിക്ക് രണ്ട് നല്ല ചങ്ങാതിമാരുണ്ടായിരുന്നു ആ കാലത്ത്. രണ്ട് ബാലന്മാര്‍. എന്നെ മാത്തടിയാ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ അവരെ ഇങ്ങിനെ വിളിക്കും.

“ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി....“

അങ്ങിനെ കാലങ്ങള്‍ പിന്നിട്ടു. ഏഴു വയസ്സിലെ ഓര്‍മ്മകള്‍ അറുപത്തിരണ്ട് വയസ്സിലെത്തി. ഞാന്‍ അങ്ങിനെ ലോകം മുഴുവന്‍ കറങ്ങി അവസാനം എന്റെ ഗ്രാമത്തില്‍ നിന്ന് തൃശ്ശിവപേരൂരിലേക്ക് ചേക്കേറി.

ഞാന്‍ എന്താ ഈ തൃശ്ശിവപേരൂരിനെ മാത്രം ഇത്രയും സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ അതിന്റെ പിന്നിലും കുറേ പറയാനുണ്ട്.

അത് പിന്നെ പറയാം.

ഞാനിപ്പോള്‍ താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ബാലേട്ടന്‍ ഉണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എന്റെ ഒരു സുഹൃത്ത്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാന്‍ ഒരു കാരണമുണ്ട്. അതും പിന്നെ പറയാം.

എല്ലാം കൂടി പറഞ്ഞാല്‍ ഇത് എഴുതിത്തീരില്ല. ഞാന്‍ ബാലേട്ടന്റെ ഇടക്ക് കാണാന്‍ പോകാറുണ്ട്. എപ്പോഴും ചിരിച്ചും കൊണ്ടിരിക്കുന്ന മുഖം. ഒരിക്കലും ദ്വേഷ്യം വരില്ലാ ബാലേട്ടന്.

ഞാന്‍ ഒരു ദിവസം ബാലേട്ടന്റെ വ്യാപാരശൃംഗലകളിലൊന്നില്‍ പോയി. എന്നിട്ട് ബാലേട്ടനെ ദ്വേഷ്യം പിടിപ്പിക്കാന്‍ ആവുന്നത് നോക്കി.

" പക്ഷെ അദ്ദേഹത്തിന് ദ്വേഷ്യം വരുന്നേ ഇല്ല."

രണ്ട് ദിവസമായി എന്റെ ഉള്ളില്‍ മേല്‍ പറഞ്ഞ പാട്ട് തേട്ടി തേട്ടിവരുന്നു. അത് ആരോടെങ്കിലും ഒന്ന് പാടി തിമിര്‍ക്കേണ്ടേ? അതിന് “ബാലന്മാരെ” തന്നെ കിട്ടണമല്ലോ...

" ഇയാള്‍ക്ക് എന്ത് ചെയ്തിട്ടും ഒരു പരിഭവവും ഇല്ല..."

അങ്ങിനെ ഇരിക്കുമ്പോള്‍ ബാലേട്ടന്റെ മോള് കയറി വന്നു. അവളെ ഞാന്‍ പച്ചക്കുതിര എന്ന് വിളിച്ചു. ആ പെണ്‍കുട്ടി എപ്പോഴും പച്ചക്കുപ്പായമാ ഇടുക. അപ്പോള്‍ ഈ പേര് കുഴപ്പമില്ലല്ലോ.

ഞാന്‍ അവളെ അങ്ങിനെവിളിച്ചപ്പോള്‍ അച്ചനും മോളും പുഞ്ചിരിച്ചു.

" ഞാന്‍ പിന്നീട് ആ കടമുഴുവന്‍ കറങ്ങി ഒരു കുപ്പി ചോക്കളേറ്റ് എടുത്തു താഴെക്കിട്ടു."

അപ്പോ ബാലേട്ടന്‍..........

“കുട്ട്യോളെ....... ജെ പി സാറിന്റെ കയ്യില്‍ നിന്ന് കുപ്പി താഴെ വീണു. സാറിന്റെ കയ്യില്‍ പൊട്ടലോ മറ്റോ ഉണ്ടെങ്കില്‍ ഡെറ്റോള്‍ ഒഴിച്ച് തുടച്ചുകൊടുക്കൂ...........”.

എന്തൊരു കഷ്ടമാണേ എന്ന് നോക്കണേ ഈ ആള്‍ക്കെന്താ ദ്വേഷ്യം വരാത്തേ. എനിക്ക് പാട്ട് പാടാണ്ട് ധൃതിയായി. എങ്ങിനെയാ ആളെ ഒന്ന് ബുദ്ധിമുട്ടിക്ക്യാ എന്ന് പലവിധത്തില്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ല...

“എന്താ ബാലേട്ടാ ടാജ് മഹള്‍ ടീ ബേഗൊന്നും ഇല്ലാത്തേ...? പിന്നെന്താ ഞാന്‍ മിനിഞ്ഞാന്ന് ചോദിച്ച സാധനമൊന്നും വരുത്താത്തെ....."

"ജെ പി സാറ് അമ്പലത്തില്‍ പോയി വരുമ്പോഴെക്കും ആ രണ്ട് സാധനങ്ങളും വീട്ടിലേക്ക് കൊടുത്തയക്കുന്നതായിരിക്കും...."

"അപ്പോ ഈ ബാലേട്ടനെന്താ അവിടെയുള്ള കണ്ണന്‍ ദേവനും മറ്റു ബ്രാന്‍ഡുകളൊക്കെ എന്നൊക്കൊണ്ട് വാങ്ങിപ്പിച്ച് എന്നെ ദ്വേഷ്യം പിടിപ്പിക്കാഞ്ഞേ. എന്നാലെങ്കിലും എനിക്കാ പാട്ടൊന്ന് പാടാമായിരുന്നു."

ഒരു രക്ഷയുമില്ലാതെ ഞാന്‍ ആ കടയില്‍ നിന്നിറങ്ങി എന്റെ വീട്ടിലേക്ക് നടന്ന് വരുന്ന വഴിയില്‍ കൂടി പോകുമ്പോള്‍ പാടി ഉറക്കെ....

ബാലന്‍ കൂലന്‍ -- -- -- -- -- -- -- -- -- --

അപ്പോ പിന്നില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം.

"കഷ്ടമുണ്ടു പ്രകാശേട്ടാ........ എന്താ ഇങ്ങിനെയൊക്കെ പാടണേ...?"

 അവര്‍ വിചാരിച്ചു ഞാന്‍ തെങ്ങ് കയറുന്ന ബാലനെ പറ്റിയാണ് പാടിയെന്ന്.....

"ആ ബാലനൊന്നും ഇപ്പോള്‍ കാലങ്ങളായി ഇവിടെ വരാറില്ല..."

ഞാന്‍ പിന്നേയും പാടി.......

"ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി കിഴക്കോട്ടോടി......... ഹി ഹി ഹ്ഹി ഹ്ഹി..............”

"എനിക്ക് വട്ടുപിടിച്ചൂന്നാ തോന്നണേ.......? ഹി ഹി ഹ്ഹി ഹ്ഹീ........................”



Sunday, July 26, 2009

കിച്ചുവിന്റെ ലോകം


കിച്ചു ഈസ് മൈ ഗ്രാന്‍ഡ് കിഡ്. അവളുടെ യഥാര്‍ത്ഥ നാമഥേയം ഈസ് കൃഷ്ണ. ഹരിശ്രീ വിദ്യാ നിഥി സ്കൂളില്‍ നാ‍ലാം ക്ലാസ്സില്‍ പഠിക്കുന്നു. അവളുടെ വീട് ചേറൂര്‍ ഗാന്ധി നഗറിലാണ്.
അവള്‍ക്ക് ഒരു ചേട്ടത്തി ഉണ്ട്. പൊന്നു. ശരിക്കുള്ള പേര് എനിക്കോര്‍മ്മയില്ല. അവള്‍ ഒമ്പതാം ക്ലാസ്സില്‍ അതേ സ്കൂളില്‍ തന്നെ.
അവരുടെ അമ്മ റീന, അഛന്‍ ബിനോയ്. അഛന്‍ കിച്ചുവിനെ മങ്ക് എന്നും പൊന്നുവിനെ ഡോങ്ക് എന്നുമാണ് വിളിക്കുക. അതായത് മങ്കി ഏന്‍ഡ് ഡോങ്കി.

ഞാന്‍ കഴിഞ്ഞ ദിവസം എന്റെ ഗ്രാന്‍ഡ് കിഡ്സിനെ കാണാന്‍ പോയപ്പോള്‍ എനിക്ക് കിച്ചുവിന്റെ ചില ഹോബീസിനെ പറ്റി അറിയാന്‍ കഴിഞ്ഞു. അവള്‍ നന്നായി എഴുതുമെന്നും എല്ലാം അവളുടെ അമ്മ റീന പറഞ്ഞു. അങ്ങിനെ ഉണ്ണി അഛാഛന് തന്നതാണ് ബ്ലോഗില്‍ ഇടാന്‍ താഴെ കാണുന്ന കിച്ചുവിന്റെ പോസ്റ്റ്.
++++++++++++++++++++++++++
പൂക്കാലം

നിങ്ങള്‍ പൂക്കാലം കണ്ടിട്ടുണ്ടോ? എന്തു ഭംഗിയാണെന്നോ പൂക്കാലം കാണാന്‍. പൂക്കാലത്തില്‍ പ്രകൃതിയെ കാണാന്‍ ശരിക്കും ഞാന്‍ സ്വര്‍ഗ്ഗം കാണാന്‍ പോകുന്ന പോലെയാണ്. പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്ന എന്‍റെ തോട്ടം കാണാന്‍ ഒരു പാട് പക്ഷികളും പൂമ്പാറ്റകളും എത്തും. പൂമ്പാറ്റകള്‍ അതിലെ മധുരമായ തേന്‍ കുടിക്കനാണ് നില്‍ക്കുന്നത്.

ചിങ്ങമാസത്തിലാണ് പൂക്കാലത്തിന്റെ തുടക്കം. എന്റെ കൂട്ടുകാര് വീട്ടിലേക്ക് വരുമ്പോള്‍ അവര്‍ എന്റെ തോട്ടത്തിലെ പൂ‍ക്കള്‍ കണ്ട് പൂക്കള്‍ കണ്ട് അത്ഭുതപ്പെടാറുണ്ട്!

പ്രകൃതിയില്‍ പൂക്കാലമായാല്‍ മുല്ലപ്പൂവും, ഇലഞ്ഞിയും, താമരയും, പിന്നെ ഒരുപാട് പൂക്കള്‍ നിറഞ്ഞ് നില്‍ക്കും. എന്തൊരു ഗന്ധമാണ് ഈ പൂക്കള്‍ക്കെന്നറിയാമോ? എനിക്ക് വളരെ സന്തോഷമാണ് പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍. ഞാന്‍ പൂക്കാലത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്!!!

കൃഷ്ണ എന്ന കിച്ചു.


Wednesday, July 15, 2009

എന്റെ ബാല്യത്തിലെ മഴക്കാലം

മഴക്കാലത്തിന്റെ ഓര്‍മ്മകള്‍
കുറച്ച് ദിവസമായി ദോഹയിലുള്ള സന്ദു എന്നോട് ചോദിക്കുന്നു. എന്താ ഉണ്ണ്യേട്ടാ മഴയെപറ്റി ഒന്നും എഴുതാത്തെ എന്ന്. പലതവണ ചോദിച്ചു. ഇന്നും. ചാറ്റിങ്ങിലൂടെയും സ്ക്രാപ്പ് വഴിയും. ഞാനൊന്നും മിണ്ടിയില്ല.


എന്തെഴുതാനാ മഴയെപറ്റി. ഒരു രൂപവും കിട്ടുന്നില്ല.
സന്ദു വീണ്ടും ചോദിച്ചു. അവന്‍ ഇപ്പോ അത് മാത്രമെ ചോദിക്കനുള്ളൂ...


അവന്‍ ഒരു കൊച്ചു കുട്ടിയല്ലേ. പ്രായമായവരോട് ചോദിക്കുമ്പോള്‍ നമ്മളത് സാധിച്ചുകൊടുക്കേണ്ടേ.
അപ്പോള്‍ ഈ പോസ്റ്റ് ദോഹയിലുള്ള സന്ദുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.


കുറച്ച് നാളായി എന്റെ മിനിക്കുട്ടിയെ കണ്ടിട്ട്. എന്റെ ഗ്രാമത്തില്‍ പോയിട്ടും. കാലിലെ വാതരോഗം വിട്ടുമാറുന്ന ലക്ഷണമില്ല. ദീര്‍ഘദൂര ഡ്രൈവിങ്ങ് വലിയ ബുദ്ധിമുട്ടാണ്. ഇന്ന് എന്തായാലും എത്ര വയ്യാണ്ടായാലും നാട്ടില്‍ പോകുക തന്നെ എന്ന് തീരുമാനമെടുത്തു.

കാലത്ത് നേരത്തെ എഴുന്നേറ്റു. പതിവില്ലാതെ ബീനാമ്മ എനിക്ക് നേരത്തെ തന്നെ ഇഡ്ഡലിയും മറ്റും തയ്യാറാക്കിത്തന്നു. ഞാന്‍ സാധാരണം എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ആരൊടും പറയുന്ന പതിവില്ല. ദൂര സ്ഥലത്തേക്കാണെങ്കില്‍ രണ്ട് ദിവസത്തിന്നുള്ള വസ്ത്രങ്ങളും മരുന്നുകളും വണ്ടിയില്‍ എടുത്ത് വെക്കും.
അങ്ങിനെ പ്രാതല്‍ കഴിച്ച് എന്റെ ഗ്രാമമായ ചെറുവത്താനി ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു. മഴയില്ലാത്തതിനാല്‍ വേഗത്തില്‍ പോകാനായി.


എന്റെ നാട്ടിന്റെ തുടക്കമായ ചെറോക്കഴയെത്തിയപ്പോള്‍ മിനിക്കുട്ടിയെ വിളിച്ച് കപ്ലിയങ്ങാട്ടെക്ക് പോരണോ എന്ന് ചോദിച്ചു. അവള്‍ ഇല്ലാ എന്ന് അറിയിച്ചു.

ഞാന്‍ അങ്ങിനെ നേരെ കപ്ലിയങ്ങാ‍ട്ടെക്ക് ലക്ഷ്യമിട്ടു. കൊച്ചനൂര്‍ കഴിഞ്ഞ്, കപ്ലിയങ്ങാട്ട് എത്തുന്നതിന്‍ മുന്‍പ് പാടത്തുള്ള പാലത്തിന്റെ മുകളിലെത്തിയപ്പോള്‍ വണ്ടി പെട്ടെന്ന് സഡന്‍ ബ്രേയ്ക്ക് ഇട്ട് നിര്‍ത്തി. റോഡ് മുഴുവനും വെള്ളം. ആളുകള്‍ മുണ്ട് മടക്കിക്കുത്തി പോകുന്നു. വണ്ടിക്കുള്ളിലേക്ക് വെള്ളം കേറുമോ എന്ന് ഭയന്ന് ഞാന്‍ വണ്ടി തിരിച്ച് എവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് നടന്ന് പോകാം എന്ന് കരുതി.

അപ്പോളാ അവിടെ ഒരു കുട്ടി വേറെ ഒരു കാറുമായി നില്‍ക്കുന്നത് കണ്ടത്.
ആ കുട്ടി പറഞ്ഞു മെല്ലെ മെല്ലെ നിര്‍ത്താതെ പോയാല്‍ മതി എന്ന്.
കപ്ലിയങ്ങാട്ട് അമ്മയെ മനസ്സില് ധ്യാനിച്ച് മെല്ലെ മെല്ലെ ഡ്രൈവ് ചെയ്തു. പ്രശ്നമൊന്നും ഉണ്ടായില്ല. സുഖമായി ക്ഷേത്രത്തിലെത്തി തൊഴുതു.


ഞന്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അവിടെ ഉഷപ്പൂജക്കുള്ള ഒരുക്കങ്ങളായിരുന്നു. ഭഗവതിയെ നന്നായി വണങ്ങി, വാത രോഗത്തിന്റെ കാര്യങ്ങളൊക്കെ ബോധിപ്പിച്ചു.
ഒരു മഞ്ഞള്‍ കുറിയിട്ട് നില്‍ക്കുമ്പോള്‍ അവിടെ അഷ്ടമംഗല്യപ്രശ്നം നടക്കാന്‍ പോകുന്നതിന്റെ ഒരു ബോര്‍ഡ് കണ്ടു. ക്ഷേത്രം ഓഫീസില്‍ പോയി അഞ്ഞൂറ് രൂപ അതിന്റെ ചിലവിലേക്കായി കൊടുക്കുവാന്‍ അമ്മ എന്നെ ഓര്‍മ്മപ്പെടുത്തി. ആ തുക കൌണ്ടറില്‍ അടച്ച് രസീത് വാങ്ങി നില്‍ക്കുമ്പോഴാണ്‍ എനിക്ക് മഴയെ പറ്റി ഓര്‍മ്മ വന്നത്.


എന്റെ ചെറുപ്പത്തില്‍ ആണ്‍ എനിക്ക് മഴയെ പറ്റി കൂടുതല്‍ ഓര്‍മ്മകള്‍ ഉള്ളത്. എന്റെ ബാല്യം സിലോണിലെ കൊളംബോയിലും [ഇപ്പോഴത്തെ ശ്രീ ലങ്ക] ഞമനേങ്ങാട്ടും ആയിരുന്നു.

ഞമനേങ്ങാട്ടെ എന്റെ തറവാട് ഓലപ്പുരയായിരുന്നു. വീട് വലിയത് തന്നെ. രണ്ട വലിയ കിടപ്പ് മുറികളും, മച്ച്,വലിയ ഇടനാഴിക, കലവറ, കയ്യാല്‍ പുര, പുറത്തേക്ക് തള്ളിനില്‍ക്കുന്ന അടുക്കള മുതലായവ. ആ നാട്ടിലെ വലിയ വീടുകളില്‍ ഒന്ന് തന്നെ.
മഴക്കാലമാകുമ്പോള്‍ അവിടെയിവിടേയുമെല്ലാം ചൊര്‍ച്ച പതിവാണ്. മഴപെയ്യുമ്പോള്‍ ഞാന്‍ വടക്കോറത്ത് തിണ്ണയില്‍ കയറി ഇരിക്കും. പുരയുടെ മൂലക്കില്‍ കൂടി വെള്ളം മഴവെള്ളം കുത്തനെ നിലത്തേക്ക് പതിക്കുന്നത് നോക്കി ഇരിക്കും. വലിയ വട്ടളത്തില്‍ കോച്ചു ഇളയമ്മ പാത്രം കഴുകാനും മറ്റും വെള്ളം പിടിച്ച് വെക്കും.


എന്റെ ചെറുപ്പത്തില്‍ എന്റെ വീടിന്റെ ചുറ്റും പാടമായിരുന്നു. മഴപെയ്താല്‍ കണ്ടങ്ങളെല്ലാം വെള്ളം കൊണ്ട് നിറയും. അപ്പോള്‍ വരമ്പത്ത് കൂടി ചാടി ചാടി നടക്കണം പീടികയിലേക്കും സ്കൂളിലേക്കുമെല്ലാം പോകുമ്പോള്‍.

പിന്നെ ഞാന്‍ മഴക്കാലമാകുമ്പോള്‍ പാടത്ത് മീന്‍ പിടിക്കാനും, ഞണ്ടിനെ പിടിക്കാനും ഒക്കെ പോകും.
പിന്നെ കുളങ്ങളെല്ലാം നിറഞ്ഞ് കിടക്കുമ്പോള്‍ അതില്‍ ചാടി കുളിക്കും. പിന്നെ തോടില്‍ വാഴത്തടി ഇട്ട് അതില്‍ കൂടി സവാരി ചെയ്യും. ഒരിക്കല്‍ ഞാന്‍ അങ്ങിനെ തോട്ടിലൂടെ സവാരി നടത്തുമ്പോള്‍ ഒരു കൈതക്കൂട്ടില്‍ ചെന്ന് പെട്ടു. നിലവിളിച്ചിട്ടും ആരും എത്തിയില്ല. എന്നിട്ട് ഒരു വിധം കൈതമുള്ള് കൊണ്ട് മേലൊക്കെ പൊളിഞ്ഞ് കരക്ക് കയറിയതെല്ലാം ഓര്‍മ്മ വരുന്നു.
മഴക്കാലമായാല്‍ പിന്നെ എനിക്ക് കുളിമുറിയില്‍ വെള്ളം കിട്ടില്ല കുളിക്കാന്‍. ഞാന്‍ തോട്ടിലും, കുളത്തിലും ഒക്കെ കുളിക്കാന്‍ പോകും. ഒരിക്കല്‍ കിണറ്റില്‍ ചാടി കുളിച്ചു. കിണറും കരയും ഒരേ പോലെ സമമായിരിക്കും മഴക്കാലത്ത്. അന്ന് അച്ചമ്മയുടെ അടുത്ത് നിന്ന് കുറേ അടി കിട്ടി.


മഴക്കാലത്ത് സ്കൂളില്‍ പോകാന്‍ എനിക്ക് മടിയാ. കുറേ ദൂരം നടക്കണം. ഞമനേങ്ങാട്ട് നിന്ന് വടുതല സ്കൂളിലേക്ക് കുറെ നടക്കണം. ഇന്നെത്തെപോലെ റോഡില്ല അന്ന്. എന്റെ തറവാട്ടില്‍ നിന്ന് പാടത്തെ വരമ്പിലൂടെ കുറേ പോയാല്‍ ഒരു വല്യവരമ്പെത്തും. അതില്‍ കൂടികുറേ നടന്നാല്‍ ഒരു കല്ലുപാലം വരും. അതിന്റെ മുകളില്‍ സ്ലാബ് ഇല്ലാത്തതിനാല്‍ ചെറിയ സര്‍ക്കസ്സ് കളിച്ചാലെ അപ്പുറം കടക്കാനൊക്കൂ..

ചേച്ചിയും പെണ്ണുങ്ങളുമൊക്കെ തോട്ടില്‍ ഇറങ്ങി മറുകരക്ക് എത്തും. പിന്നെ കുറച്ച് ഒരു പറമ്പില്‍ കൂടി പോയാല്‍ ഒരു വഴി കാണും... അങ്ങിനെ പോയി പോയി ഒരു പീടികയുടെ മുന്നിലൂടെ പോയാല്‍ തെങ്ങിന്‍ മല്ല് ഇട്ട ഒരു പടി പാടത്തേക്ക് കാണാം. അതിറങ്ങി പിന്നെയും വെള്ളത്തില്‍ കൂടെ കുറച്ച് നടന്നാല്‍ മദ്രസയും ഞമനേങ്ങാട്ട് പള്ളിയും കാണാം.

പിന്നെ പള്ളീടെ മുന്നിലുള്ള പാടത്തുകൂടി നടന്ന്, ചെറിയ തോട്ടില്‍ കൂടി നടന്നാ‍ല്‍ പിന്നേയും തെങ്ങിന്‍ മല്ല അടിച്ച പടി കടന്ന് കുറെ നടന്നാല്‍ ഒരു ചെറിയ തോട് ഒരു കുളത്തിലേക്ക് പൊകുന്നത് കാണാം. അത് മുറിച്ച് കടന്നാല്‍ കുറച്ച് ദൂരം ഒരു മണ്‍പാതയിലൂടെ ചളിയും മറ്റുമായി നടന്ന് നീങ്ങാം.

അങ്ങിനെ നടന്ന് നടന്ന് ഞമനേങ്ങാട്ട് പോസ്റ്റ് ആപ്പീസും, കണ്ടമ്പുള്ളി സ്കൂളും കഴിഞ്ഞാല്‍ പിന്നെ വലിയ തോടാണ്. അതില്‍ വെള്ളവും ചളിയും തന്നെ. അന്ന് പിന്നെ ആര്‍ക്കും ചെരിപ്പിടുന്ന സ്വഭാവം ഇല്ല. എനിക്ക് പാപ്പന്‍ മലായില്‍ നിന്ന് ഒരു റബ്ബര്‍ ചെരിപ്പ് കൊണ്ട് തന്നിട്ടുണ്ടായിരുന്നു. ഞാനത് ഒരു വള്ളിയില്‍ കെട്ടിക് കഴുത്തിലിടും. എന്നിട്ട് വെള്ളത്തിലും ചളിയിലും കൂടി ചക്കിത്തറ പാലം വരെ നടക്കും. ചിലപ്പോള്‍ ചളിയില്‍ കാല്‍ പൂന്ന് വലിച്ചാല്‍ കിട്ടില്ലാ. എന്നാലും ഉശിരായാല്‍ ചളിയിലും വെള്ളത്തിലും നടക്കാന്‍ സുഖമാണ്.

സ്കൂളിലേക്ക് പോകുമ്പോള്‍ കൂടെ ചേച്ചിയും ഉണ്ടാകും. അതിനാല്‍ ധൈര്യം ഉണ്ട്. ചിലപ്പോല്‍ തോട്ടിന്റെ സൈഡ് മുഴുവനും വലിയ ഓട്ടകളുള്ള മാട്ടങ്ങളാണ്. അതിലെ പൊത്തിലേക്ക് നോക്കുമ്പോള്‍ പേടിയാകും. ചില പൊത്തില്‍ പാമ്പുകളുമുണ്ടാകും.

ഈ നടത്തത്തില്‍ പിന്നെ മഴ വന്നാലെങ്ങിനെയിരിക്കും.
ചേച്ചിക്ക് ശീലക്കുടയും എനിക്ക് ഓലക്കുടയുമാണ്. ഞാന്‍ ചിലപ്പോള്‍ എന്റെ കുട എടുക്കില്ല. എന്നിട്ട് ചേച്ചിയുടെ കൂടെ നടക്കും. എനിക്ക് വേഗം നടക്കാനറിയില്ല. ഞാന്‍ ചെറുപ്പത്തില്‍ ഒരു തടിയനായിരുന്നു. എന്നെ പിള്ളേര്‍ മാത്തടിയന്‍ എന്നാ വിളിച്ചിരുന്നത്.


ചേച്ചി സ്കൂളില്‍ ടീച്ചറായിരുന്നു. ഞാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ചിലപ്പോള്‍ ഞണ്ടിനെ പിടിക്കാന്‍ പോകും. മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞ് കിടക്കുമ്പോള്‍ പാടത്ത് കണ്ടത്തിന്റെ വരമ്പില്‍ ഞണ്ട് പൊത്തുണ്ടാക്കി അതില്‍ കയറി ഇരിക്കും. ഞണ്ടിനെ പിടിക്കുമ്പോള്‍ ഞണ്ട് ചിലപ്പോള്‍ എന്റെ വിരലുകള്‍ ഇറുക്കും. അല്പം വേദനിച്ചാലും ഞാന്‍ വിടില്ലാ..
ചേച്ചി അപ്പോളേക്കും നടന്ന് കുറെ ആയിട്ടുണ്ടാകും. തിരിഞ്ഞ് നോക്കുമ്പോളെന്നെ കാണുകയില്ല.


അപ്പോ വിളിക്കും ........എടാ ഉണ്ണ്യേ............ നീയെന്താ ചെക്കാ അവിടെ കാട്ടണ്......
"ഞാന്‍ ഞണ്ടിനെ പിടിക്കാ.’
"ഓ ഈ ചെക്കനെ കൊണ്ട് തോറ്റു.............
എന്നും പറഞ്ഞ് ചേച്ചി തിരിച്ച് വന്ന് ശീലക്കുട മടക്കി എന്നെ നന്നായി ചാര്‍ത്തും.


ചേച്ചിക്ക് സ്കൂളില്‍ നേരത്തെ എത്തിയില്ലെങ്കില്‍ ഹെഡ് മാഷ് ചീത്ത പറയുമല്ലോ...?
ഞാന്‍ മെല്ലെ വരാമെന്ന് പറഞ്ഞാല്‍ ചേച്ചി സമ്മതിക്കില്ല.
അങ്ങിനെ ചക്കിത്തറ പാലം കടക്കുമ്പോല്‍ ഞാന്‍ അവിടെ പാലത്തിന്നടിയില്‍ കൂടെ മഴവെള്ളം ഒലിച്ച് പോകുന്നത് നോക്കിക്കൊണ്ടിരിക്കും. അങ്ങിനെ നോക്കി നോക്കി സമയം പോകുന്നതറിയില്ല.


അപ്പോളെക്കും ചേച്ചി കുറേ നടന്നെത്തിയിരിക്കും. അപ്പോള്‍ ഞാന്‍ ഓടി ചേച്ചിയുടെ കൂടെയെത്തും. അല്ലെങ്കില്‍ പിന്നെയും എനിക്ക് അടി കിട്ടും.

ചക്കിത്തറ പാലം കടന്നാല്‍ മാക്കുട്ടി ഏട്ടന്റെ പീടികയാണ്. ഞാന്‍ അവിടെ കുറച്ച് നേരം മാക്കുട്ടി ഏട്ടന്റെ വായില്‍ നോക്കി നില്‍ക്കും. ചിലപ്പോല്‍ എനിക്ക് മാക്കുട്ടി ഏട്ടന്‍ എള്ളും ശര്‍ക്കരയും തരും. ചില ദിവസം ഉലുവയും ശര്‍ക്കരയും തരും. എന്തെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ പീടികയുടെ മുന്നീന്ന് പോകില്ല.

അപ്പോളെക്കും ചേച്ചിയുടെ വിളി കേള്‍ക്കാം........
"എടാ ഉണ്ണ്യേ...............?
ഈ ചേച്ചീനെ കൊണ്ട് തോറ്റല്ലോ........ എന്നൊക്കെ തോന്നാറുണ്ടെനിക്ക്....


അങ്ങിനെ മാക്കുട്ടി ഏട്ടന്റെ പീടിക കഴിഞ്ഞാല്‍ പിന്നെയും വെള്ളവും ചളിയും നിറഞ്ഞ തോട് തന്നെ. ചക്കിത്തറ വരെ വെളുത്ത ചളിയാണെങ്കില്‍, ചക്കിത്തറ പാലം കഴിഞ്ഞാല്‍ ചുവന്ന ചളിയാ....

ഞാനെന്റെ പുസ്തകം ചേച്ചിയുടെ സഞ്ചീല്‍ ഇടും. അപ്പോ എനിക്ക് മഴവെള്ളത്തീ കൂടി ഓടി നടക്കാന്‍ പറ്റും. പിന്നെ തോട്ടിലെ വെള്ളം ഒരു കാല്‍ കൊണ്ട് തെറിപ്പിച്ച് മറ്റേ കാലുകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കും. ചിലപ്പോള്‍ ചേച്ചിയുടെ സാരിയിലേക്ക് ഒക്കെ ചളിവെള്ളം ഞാന്‍ തെറിപ്പിക്കും. അതിന്നും എനിക്ക് അടി കിട്ടും. വീട്ടില്‍ നിന്ന് സ്കൂളെത്തുമ്പോളെക്കും എന്നെ തല്ലി തല്ലി ചേച്ചി ക്ഷീണിച്ചിട്ടുണ്ടാകും.

അങ്ങിനെ തോട്ടിലുള്ള സവാരി കൂളിയാട്ടയിലെ മുഹമ്മദ് സായ്‌വിന്റെ വീട്ടിനടുത്ത് എത്തുമ്പോല്‍ നില്‍ക്കും.
പിന്നെ പാടത്തെ വല്ല്യവരമ്പിലൂടെ.അങ്ങിനെ നടക്കുമ്പോള്‍ ഞാന്‍ ഒരു ദിവസം ഞണ്ടിനെ പിടിക്കാന്‍ ഒരു പാടത്തെ വരമ്പില്‍ ഒരു പൊത്തില്‍ കയ്യിട്ടു. ആ പ്രാവശ്യം എന്നെ ഞണ്ട് ഇറുക്കിയില്ല. പകരം ഒരു എന്റെ വിരലില്‍ ഒരു കടി തന്നു. കയ്യ് മുറിഞ്ഞാലും ഞാന്‍ പിടി വിട്ടില്ല. പൊത്തില്‍ നിന്ന് കയ്യെടുത്തപ്പോളാ മനസ്സിലായത് എന്നെ കടിച്ചത് നീര്‍ക്കോലിയാണെന്ന്.


ഞാന്‍ നീര്‍ക്കോലിയേയും പിടിച്ച് ചേച്ചിയുടെ പിന്നാലെ ഓടി.
"ചേച്ച്യേ........... എന്നെ നീര്‍ക്കോലി കടിച്ചു..............
ചേച്ചി പുറകോട്ട് നോക്കാണ്ട്........
‘പിന്നേ........ നീര്‍ക്കോലി അന്നെ കടിക്ക്യാ വെറുതെ..........‘
‘അപ്പോ ഞാന്‍ നീര്‍ക്കോലിയെ ചേച്ചിക്ക് കാണിച്ച് കൊടുത്തു.........’
ചേച്ചി നീര്‍ക്കോലിയെ കണ്ടതും പേടിച്ച് വിരണ്ടു.. കണ്ടത്തിലെ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. സാരിയും ബ്ലൌസും എല്ലാം നനഞ്ഞു. പക്ഷെ എന്റെ കൈയില്‍ നീര്‍ക്കോലി ഉള്ളതിനാല്‍ എനിക്ക് അടി കിട്ടിയില്ല.


എനിക്ക് ചിരി വന്നു.
പാവം ചേച്ചി....... കണ്ടത്തില്‍ വീണത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ചേച്ചിക്ക് എന്നെ കടിച്ച് തിന്നണമെന്ന് തോന്നി. അത്രക്കും ദ്വേഷ്യം വന്നു.
എന്നിട്ട് പറഞ്ഞു........
"വീട്ടില്‍ എത്തട്ടെ നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍............"


അങ്ങിനെ ഞങ്ങള്‍ വെള്ളത്തില്‍ കൂടി ഓടി സ്കൂളിലെത്തി.........
മഴക്കാലം കഴിയുന്ന വരെയുള്ള അങ്കമാണിത്.


സ്കൂളിലെത്തുമ്പോളെക്കും എന്റെ ട്രൌസറെല്ലാം നനഞ്ഞ് കുതിര്‍ന്നിരിക്കും. ചേച്ചി എനിക്ക് വേറെ ട്രൌസര്‍ കരുതിയിരിക്കും. എനിക്ക് അത് ഇട്ട് തരും, എന്നിട്ട് നനഞ്ഞത് ക്ലാസ്സിലെ ഇഷ്ടികത്തറയില്‍ ഉണക്കാനിടും.
എന്തൊക്കെ ചെയ്താലും പെറ്റ തള്ളയല്ലേ..


ഉച്ച ഭക്ഷണത്തിന്‍ ബെല്ലടിച്ചാല്‍ എനിക്ക് ചോറ് വാരിത്തരും. ഞാന്‍ ചോറുണ്ണുന്നതിന്‍ മുന്‍പ് കുട്ട്യോളുടെ കൂടെ കളിക്കാനോടും. ചിലപ്പോള്‍ എന്നെ കളിക്കാന്‍ വിടില്ല. ചേച്ചി ഊണ്‍ കഴിഞ്ഞ് ഒരു ബെഞ്ചില്‍ കിടന്ന് അല്പം വിശ്രമിക്കും. അപ്പോള്‍ ഞാന്‍ എണീറ്റ് ഓടും.

മഴപെയ്യുന്നത് കണ്ടാല്‍ ഞാന് മഴയത്ത് ഓടി കളിക്കും....
ചില ദിവസം സ്കൂള്‍ വിടുമ്പോള്‍ മഴ കൂടുതലാണെങ്കില്‍ ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ താമസിക്കും. അപ്പോള്‍ എനിക്ക് വലിയ ഇഷ്ടമാ. ചേച്ചിയുടെ വീട് സ്കൂളില്‍ നിന്ന് നോക്കിയാ കാണാം. അത്ര അടുത്താ. പിന്നെ നല്ല റോട്ടില്‍ കൂടി നടന്ന് പോകാം. വെളളവും ചളിയൊന്നുമില്ലാ. സംഗതി ടാറിടാത്തെ റോഡാണെങ്കിലും പ്രശ്നമില്ല നടക്കാന്‍.


സ്കൂളിന്റെ അടുത്ത എരുകുളമുണ്ട്. ഞാന്‍ അതില്‍ കുളിക്കാന്‍ പോകും. ആ കുളത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും, പിന്നെ പോത്തും എരുമയും ഒക്കെ കുളിക്കാന്‍ വരും.
മഴക്കാലത്ത് കുളം നിറഞ്ഞ് പാടവും കുളവും ഏതാണെന്ന് അറിയാത്ത വിധം വെള്ളം ഉണ്ടാകും. ഞാന്‍ പോത്തുങ്ങളുടെ മുകളില്‍ കയറി ഇരിക്കും. എന്നിട്ട് പോത്തിനെ നീന്തിച്ച് സവാരി നടത്തും. ചില പോത്തുങ്ങള്‍ സൂത്രക്കാരാണ്. അവര്‍ വെള്ളത്തില്‍ താഴ്ന്ന് പോകും. ഞാനും ചിലപ്പോള്‍ അടിയിലേക്ക് പോകും.
അപ്പോള്‍ ഞാന്‍ ഊളയിട്ട് അകലെ പോയി പൊന്തും....


ഒരു ദിവസം ഊളയിട്ട് പൊന്തിയത് കൈതക്കൂട്ടില്‍. അന്നും എന്റെ മുതുകൊക്കെ മുറിഞ്ഞു. വീട്ടിലെത്തിയപ്പോ മുതുക് മുറിഞ്ഞ വേദനയും അതിന്റെ കൂടെ ചേച്ചിയുടെ ചൂരല്‍ കഷായവും.. എന്റെമ്മോ......... ആ മഴക്കാലം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

ചേച്ചിയുടെ വീട്ടില്‍ ചിലപ്പോ സ്ഥിരതാമസം ഉണ്ടാകും. അപ്പോള്‍ ഞാന്‍ പുഞ്ചപ്പാടത്ത വഞ്ചികുത്തിക്കളിക്കാന്‍ പോകും. വല്ലവരും തിരുത്തിന്മേലില്‍ നിന്ന് കരയിലേക്ക് പീടികയിലേക്കും മറ്റും വന്നതാകും വഞ്ചിയില്.ഞാനത് അവരോട് ചോദിക്കാണ്ട് തുഴഞ്ഞ് കളിക്കും. ചിലപ്പോള്‍ വഞ്ചി മറിയും. അപ്പോള്‍ അത് മറിഞ്ഞ സ്ഥലത്തിട്ട് ഞാന്‍ നീന്തി രക്ഷപ്പെടും.

എന്നിട്ട് വഞ്ചിയുടെ ഉടമസ്ഥന്‍ ചിലപ്പോല്‍ എന്നെ പിടിച്ച് തെങ്ങിന്മേല്‍ കെട്ടിയിടും. അപ്പോളും എനിക്ക് ചേച്ചിയുടെ കയ്യില്‍ നിന്ന് നല്ല അടി കിട്ടും.

മഴക്കാലമായാ‍ല്‍ മിക്ക ദിവസവും പുഞ്ചപ്പാടത്ത് പോകും. പുഴ പോലെ നിറഞ്ഞ് കാണുന്ന പാടത്തെക്ക് നോക്കിയിരിക്കാന്‍ എന്തൊരു സുഖമായിരുന്നെന്നോ.

പിന്നെ തോട്ടിലെ കുളിയും..........
ഇന്ന് ഇവിടെ മഴ പെയ്യുന്നുണ്ടെങ്കിലും പണ്ടത്തെ പോലെ എനിക്ക് ഒന്നും തോന്നുന്നില്ല.


കണ്ടങ്ങളും, വരമ്പുകളും, പൊത്തുകളും, ഞണ്ടുകളും, നീര്‍ക്കോലികളും ഒന്നും കാണാനേയില്ല....

ബാല്യകാലം എത്ര സുന്ദരമായിരുന്നു. പ്രത്യേകിച്ച് മഴക്കാലം. പുഞ്ചപ്പാടത്തെ ആമ്പല്‍ പൂ പറിക്കാന്‍ ചിലപ്പോള്‍ വഞ്ചിയില്‍ പോകും. കൊച്ച് വഞ്ചിയാകുമ്പോള്‍ വഞ്ചി മറിയാനേ നേരമുണ്ടാകൂ. നിലയില്ലാ സ്ഥലത്താകുമ്പോല്‍ വഞ്ചിയില്‍ കെട്ടിത്തൂങ്ങിക്കിടക്കും ചിലപ്പോള്‍........

ആ ബാല്യവും ആ മഴയും ഇനിയും എന്നെത്തേടിയെത്തിയിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്............


Sunday, June 28, 2009

ദ്രവ്യകലശം



തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശം 24-06-2009 മുതല്‍ 29-06-2009 വരെ.
എനിക്ക് ഇന്നാണ് പോകാന്‍ സാധിച്ചത്. [28-06-09]. വൈകിട്ട് 6.30 ന് കേളി അവതരണം ഉണ്ടായിരുന്നു. ശ്രീ ചെര്‍പ്പുളശ്ശേരി ശിവന്‍ & പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും ആയിരുന്നു.
ഞാന്‍ അത് കഴിയുന്നതിന് മുന്‍പ് പോന്നു.
തല്‍ക്കാലം ഞാന്‍ കണ്ട ചില ദൃശ്യങ്ങള്‍ നിങ്ങളെ കാണിക്കാം.




മട്ടന്നൂരും സംഘവും അവതരിപ്പിച്ച കേളിയുടെ ചില ഭാഗങ്ങള്‍ >>

Friday, June 19, 2009

എന്റെ പാറുകുട്ടീ........ മലയാളം ബ്ലോഗ് നോവല്‍

Wednesday, April 8, 2009

എന്റെ പാറുകുട്ടീ....[നോവല്‍] .... ഭാഗം 28
ഇരുപത്തിയേഴാം ഭാഗത്തിന്റെ തുടര്‍ച്ച...>>>

പാര്‍വ്വതി വളരെ നേരത്തെ എഴുന്നേറ്റു കുളിച്ച് തിരികെ മുറിയിലെത്തി. ഉണ്ണിയെ വിളിച്ചുണര്‍ത്തി. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് രണ്ട് പേരും കൂടി പാടത്തേക്ക് യാത്രയായി. യാത്രാ മദ്ധ്യേ ആരും ഒന്നും ഉരിയാടില്ല. പാടത്ത് എത്തിയപ്പോഴാണ് ഉണ്ണിക്ക് മനസ്സിലായത് പാര്‍വ്വതിയുടെ വസ്ത്രധാരണം ഇന്നെലെ ഉണ്ണി പറഞ്ഞതനുസരിച്ചയിരുന്നെന്ന്. എല്ലാം തികഞ്ഞ ഒരു പണിക്കാരിയെപോലെ മുണ്ട് കയറ്റിക്കുത്തി, തലേല് തോര്‍ത്ത് കെട്ടി ഉണ്ണിയോടൊന്നും പറയാതെ കണ്ടത്തിലിറങ്ങി ഞാറ് നടാന്‍ തുടങ്ങി.ഉണ്ണിക്ക് ആശ്ചര്യമായി പാര്‍വ്വതിയുടെ മട്ട് കണ്ടിട്ട്.++
വളരെ കാര്യപ്രാപ്തിയായി മുന്നേറുന്നു. ഇടം വലം തിരിയാതെ പാര്‍വ്വതി ഞാറ് നട്ടുംകൊണ്ട് കണ്ടത്തിന്റെ മറ്റേ അറ്റം എത്താറായി. എന്തൊരു കൈവിരുത്. കൂടെയുള്ള പെണ്ണുങ്ങള്‍ക്കോ ഉണ്ണിക്കോ പാര്‍വ്വതിയുടെ അടുത്തെത്താനായില്ല.കൃത്യം ഒരു മണിക്ക് പാര്‍വ്വതി കഞ്ഞികുടിക്കാന്‍ കേറി. കൊളത്തില്‍ പോയി കാലും മുഖവും കഴുകി ചേലമരത്തണലില്‍ ഭക്ഷണം കഴിക്കാനിരുന്നു. ഉണ്ണ്യേട്ടാ........ പാര്‍വ്വതി ഉച്ചത്തില്‍ നീട്ടി വിളിച്ചു...ആ വിളി പ്രതീഷിച്ചുകൊണ്ടിരിക്കയായിരുന്നു ഉണ്ണി.ക്ഷണ നേരം കൊണ്ട് ഉണ്ണി മരത്തണലില്‍ എത്തി. പാര്‍വ്വതി ഉണ്ണിക്കുള്ള വാഴയിലയില്‍ പൊതിഞ്ഞ ചോറ് നിവര്‍ത്തിക്കൊടുത്തു.

1 മുതല്‍ 28 അദ്ധ്യായം വരെ ഇവിടെ വായിക്കാം.......
http://jp-smriti.blogspot.com/
കുറച്ച് നാളായി അനാരോഗ്യം കാരണം മുടങ്ങിക്കിടക്കുകയായിരുന്നു. അടുത്ത് തന്നെ ബാക്കി ഭാഗങ്ങള്‍ എഴുതി തുടങ്ങും. കേരളത്തിലെ പ്രശസ്തമായ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ ഇത് ബുക്ക് രൂപത്തില്‍ പബ്ലീഷ് ചെയ്യാന്‍ എന്നെ സമീപിച്ചിട്ടുണ്ട്.

Monday, June 15, 2009

അഭിരാമിയുടെ കാപ്പിക്കട >>>

എന്റെ voiceoftrichur എന്ന ബ്ലോഗില്‍ സുകന്യ എന്ന ബ്ലോഗര്‍ അടിച്ച കമന്റിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ ഒരു പോസ്റ്റാണിത്.

ഹലോ സുകന്യക്കുട്ടീ
പറഞ്ഞ പോലെ തിരിച്ചെത്തിയില്ല. നമ്മുടെ ദുബായിലുള്ള രാഗേഷ് കുറുമാന്‍ എന്ന മഹാനായ ബ്ലോഗര്‍ എന്നെ കാണാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കൂടെ കറങ്ങാന്‍ പോയി. ട്രിച്ചൂര്‍ ടവേഴ്സില്‍ പോയി 6 ഫോസ്റ്റര്‍ അകത്താക്കി. നമ്മുടെ പ്രസിദ്ധനായ കുട്ടന്‍ മേനോന്‍ എന്ന ബ്ലൊഗറും ഉണ്ടായിരുന്നു.ഭക്ഷണവും കഴിഞ്ഞ് ഇതാ ഇപ്പോ എത്തിയതേ ഉള്ളൂ. സമയം 4.35 [ഉച്ച കഴിഞ്ഞ്] ഇനി ഒന്നുറങ്ങണം. അതും കഴിഞ്ഞ് ആരംഭിക്കാം ബാക്കി ഭാഗം.അങ്കിളിനെ കളിയാക്കുകയാണ് കുട്ട്യോളല്ലാം അല്ലേ. ഒരു ചൂരലുമായി വരുന്നുണ്ട് പാലക്കാട്ടേക്ക്.ഞാന്‍ കഴിഞ്ഞ 4 ദിവസമായി എന്റെ ഗ്രാമത്തിലായിരുന്നു. അവിടെയാണ് എന്റെ കളിക്കൂട്ടുകാര്‍. അവരുടെ വിഡിയോ കണ്ടല്ലോ. കൂടുതല്‍ ഇടാം.


കാലത്ത് ഗീതയുണ്ടാക്കിത്തന്ന കഞ്ഞിയും മോരു കാച്ചിയതും കുടിച്ച് ഇങ്ങിനെ ഇരിക്കുമ്പോള്‍ അടുത്ത വീട്ടിലെ കുട്ടിപ്പട്ടാളങ്ങള്‍ ഓരൊ ബെറ്റാലിയനായി എന്റെ വീട്ടുമുറ്റത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.
ഞാന്‍ ആലിന്റെ ചോട്ടില്‍ ഇരുപ്പുറപ്പിച്ചു. അപ്പോഴെക്കും കുട്ടിപ്പട്ടാളങ്ങളെല്ലാം എന്റെ ചുറ്റും വന്ന് നിലയുറപ്പിച്ചു.
അവര്‍ക്ക് പലതും അറിയണം. ഇന്ന്............

പറയൂ മുത്തശ്ശാ എന്താ ഈ മൂക്കിന്‍മേല്‍... ആരാ കടിച്ചേ.........?
പറാ മുത്തശ്ശാ.............
പറഞ്ഞില്ലെങ്കില്‍ ഞങ്ങള് മിണ്ടില്ല....
ശരി.. എല്ലാവരും അവിടെ ഇരിക്ക്...........
അതിന് മുന്‍പ് അഭിരാമി എന്ന പല്ലില്ലാത്ത കുട്ടി മുത്തഛന് ഒരു സ്ട്രോങ്ങ് ചായ ഇട്ട് താ.........
എടീ അഭീ നിന്റ്റെ പല്ല് എവിടെ പോയി...........”
“അത് കീരി കടിച്ചതാ മുത്തശ്ശാ.............”
അപ്പോള്‍ നമുക്ക് അഭിരാമിയുടെ കാപ്പിക്കടയിലേക്ക് നീങ്ങാം അല്ലേ കുട്ട്യോളെ.........
അഭിരാമിയുടെ കാപ്പിക്കടയിലെ ചായകുടിക്കാം അല്ലേ മകളേ സുകന്യേ.....



മുത്തശ്ശാ പറയീ....... മൂക്കിന്മേല്‍ കടി കൊണ്ട കഥ......
ന്റെ കുട്ട്യോളേ അത് കടി കൊണ്ടതൊന്നുമല്ല...........
പിന്നെ...?
അതേയ് അതൊക്കെ കുട്ട്യോള്‍ക്ക് പറഞ്ഞാ മനസ്സിലാവാത്ത കഥകളാ........
പിന്നെ ആര്‍ക്കാ മനസ്സിലാകുക...........
അതാ വരുന്നു മിനിക്കുട്ടി ഒരു ബക്കറ്റില്‍ തുണിയുമായി കണ്ടോ കുട്ട്യോളേ..........
ആ മിനിച്ചേച്ചിയെ ഞങ്ങള്‍ക്കറിയാം...
ന്നാ മിനിച്ചേച്ചിയോട് പറഞ്ഞാ മതി...
മിനിച്ചേച്ചിയെ വിളിക്കട്ടേ ഞങ്ങള്........
വിളിച്ചോളൂ.............
മിനിച്ചേച്ചിയേ........ ഇതാ ഉണ്ണി വല്യഛന്‍ വിളിക്കുന്നു........ എന്ന് അഭിരാമി ഓളിയിട്ടു...........
“ഇതെന്താ മിനിക്കുട്ടീ......... കസവു കരയുള്ള സെറ്റുമുണ്ടെടുത്തിട്ടാണോ കുളത്തില്‍ അലക്കാന്‍ പോണത്..........?
ഒരു ബക്കറ്റ് നിറയെ തുണിയുണ്ടല്ലോ...............
“അതേ ഉണ്ണ്യേട്ടാ ഞാന്‍ അമ്പലത്തീ പോയി വന്ന ഉടനേയാ അലക്കാനുള്ള കാര്യം ഓര്‍ത്തത്.............”
“അപ്പോ പിന്നെ മുണ്ട് മാറിയിടാനൊന്നും തരപ്പെട്ടില്ല........ പിന്നെ കുളത്തില്‍ അലക്കാന്‍ വന്നാല്‍ പിന്നെ വെള്ളം കോരുന്ന പണി ലാഭിക്കാമല്ലോ........”
“എന്താ എന്നെ വിളിച്ചേ...............
“ഞാന്‍ വിളിച്ചില്ലല്ലോ....... ഈ പിള്ളേരല്ലേ വിളിച്ചത്...........”
“എന്താച്ചാ പറേയ് വേഗം.... കുളത്തില് നല്ല തിരക്കാ...........മഴ വരുമ്പോളെക്കും എനിക്ക് അലക്കി മടങ്ങണം............”
ഈ പിള്ളേര് ചോദിക്കാ എന്റ് മൂക്കിന്മേ ആരാ കടിച്ചെന്ന്............
“ഇതാ ഇപ്പോ ഇത്ര ചേനക്കാര്യം................?
“നിനക്കതൊക്കെ പറയാം എന്റെ മിനിക്കുട്ടീ............”
“പിള്ളേരോട് പറയാന്‍ പറ്റുന്നതല്ലേ അവരോട് പറയാന്‍ പറ്റുള്ളൂ.............”
“ അവര് പറയുണൂ...മിനിച്ചേച്ചിയോട് പറഞ്ഞാല്‍ മതിയെന്ന്........ പിന്നെ നിന്റെ അടുത്തൂന്ന് അവര് കേട്ടോളാം എന്ന്..............”
“ന്നാ പറാ ഉണ്ണ്യേട്ടാ വേഗം........... എനിക്ക് പോണം അലക്കാന്‍.............”
“അതേയ് മൂക്കിന്മേല്‍ ആരും കടിച്ചതല്ല............”
പിന്നെ............?
അതെയ് പണ്ട്................
“ആ പറാ വേഗം....................?
“ഞാന്‍ പണ്ട് കൊളത്തില് വീണതാ..............”
ഹൂം.......... ഹൂം..........ഹൂം..................
“ഞാന്‍ പണ്ട് കേട്ടിട്ടുള്ള കഥയാ ഇത്..............”
“നീയെന്താ കേട്ടത്..............”
“എരുകുളത്തില്‍ പോത്തിന്റെ പുറത്ത് കയറി നീന്തുമ്പോള്‍ പോത്ത് ഓടി കരയില്‍ കയറിയപ്പോള്‍ ഉണ്ണ്യേട്ടന്‍ റോഡില്‍ വീണ കഥ..........”
“ ആ കഥയൊക്കെ ശരിയാ.........അപ്പോ എനിക്ക് മൂക്കിന്മേലൊന്നും പറ്റിയിരുന്നില്ല.... കാലിന്മേല്‍ ഒരു മുറി........ അത്ര തന്നെ..............”
“ഇന്നാ ഈ കഥ പിന്നെ വേഗം പറാ എന്റെ ഉണ്ണ്യേട്ടാ............?
“അതേയ് ഈ പിള്ളേരോട് നീങ്ങി നിക്കാന്‍ പറാ‍............?
മിനിക്കുട്ടി പിള്ളേരെ പ്ലാവിന്റെ ചുവട്ടിലേക്ക് ഓടിച്ചു. ഇനി തുണിയെല്ലാം പിന്നെ അലക്കാം എന്ന മട്ടില്‍ കഥ കേള്‍ക്കാനിരുന്നു.....
“ന്റെ മിനിക്കുട്ട്യേ........ യ്യ് എന്റെ ഞമനേങ്ങാട്ടുള്ള തറവാട്ടില്‍ പോയിട്ടുണ്ടോ.....”
‘ഞാനെങ്ങിനാ അവിടെ പോകുക... ന്നെ കല്യാണം കഴിച്ച് കൊണ്ട് ഇവിടെ കൊണ്ടന്നപ്പോ എനിക്ക് ഈ പരിസരമല്ലാതെ മറ്റൊരിടവും അറിയില്ലല്ലോ...”
ന്നാ കേട്ടോ...............
“എന്റെ ചെറുപ്പത്തിലെ ഞാന്‍ സാധാരണ കുളത്തിന്റെ മറുകരയിലെ മുളം കൂട്ടില്‍ പോയി ഇരിക്കുക പതിവാണ്.........”
“മുളം കൂട്ടിലോ....... അവിടെ പാമ്പും മറ്റു ജീവികളും വിഹരിക്കുന്ന സ്ഥലമല്ലേ..... അവിടെ പോയി ഇരിക്കാന്‍ പേടിയാവില്ലേ ഉണ്ണ്യേട്ടന്.........”
“നിക്ക് പേടി തോന്നാറില്ല..............”
“ന്നാ പറാ ഉണ്ണ്യേട്ടാ വേഗം....... നിക്ക് കേക്കാന്‍ തിരക്കായി............”
“ന്റെ ചെറുപ്പത്തിലേ............ ഞാന്‍ ഒരു കുറുമ്പനായിരുന്നുവെന്നാ അച്ചമ്മ പറയാറ്...........”
“അതിലത്ഭുതമൊന്നുമില്ലാ........ ഞങ്ങള്‍ക്കറിയാവുന്ന കാര്യമല്ലേ അതൊക്കെ.. ഇപ്പോ എന്താ മോശം... ഈ വയസ്സുകാലത്തും..............”
“കഥ വേഗം പറാ ഉണ്ണ്യേട്ടാ..............?
ഞാന്‍ കൊളത്തില് ലക്ഷ്മിക്കുട്ടി കുളിക്കാന്‍ വരുമ്പോള്... ആ മുളം കാട്ടിലിരുന്ന് നോക്കും...............
“അമ്പട കള്ളാ..................”
“ന്നിട്ട് പറാ വേഗം.................”
നീ പോയി തുണി അലക്കീട്ട് വാ..........
“ഏയ് ഞാന്‍ ഇനി തുണി അലക്കിണില്ല......... എനിക്ക് കഥ കേക്കാന്‍ തിരക്കായി.........”
“ഒളിഞ്ഞ് നോക്കലും ഈ മൂക്കിലേ പരിക്കും തമ്മിലെന്താ ബന്ധം..........?
“ശരിക്ക് തെളിച്ച് പറാ എന്റെ ഉണ്ണ്യേട്ടാ................? ഉച്ചയാകുമ്പോളെക്കും എനിക്ക് തിരിച്ച് പോകണം.......... വിട്ടില്‍ ചെന്നാല്‍ എന്റെ കെട്ട്യോന്റെ ചീത്തയും കേള്‍ക്കണം.... “
“ന്നാ ഈ കഥയൊട്ട് കേട്ടില്ലാന്നും വെച്ചാ‍ മോശമില്ലേ>>>>>>>
“ന്റെ ഉണ്ണ്യേട്ടനല്ലേ........വേഗം പറാ................”
“ഞാനങ്ങിനെ ലക്ഷ്മിക്കുട്ടി കുളിച്ചും കൊണ്ടിരിക്കുന്നത് നോക്കി നോക്കി....... മുളം കാട്ടീന്ന്...അരിച്ച് അരിച്ച് മുന്നോട്ട് നിരങ്ങി നിരങ്ങി..............”
“എന്നിട്ട് ..........?
“നിര്‍ത്താതെ വേഗം പറാ ഉണ്ണ്യേട്ടാ.......... നിക്ക് തിരക്കായി കേള്‍ക്കാന്‍..........”
“നിരങ്ങി നിരങ്ങീട്ട് എന്തുണ്ടായി ന്റെ ഉണ്ണ്യേട്ടാ.... പാമ്പിനെ കണ്ടോ...........?
“ഏയ് പാമ്പിനെയൊന്നും എനിക്ക് അന്നും ഇന്നും പേടിയില്ലാ................
“പിന്നെ എന്തുണ്ടായിന്ന് പറാ വേഗം ന്റെ ഉണ്ണ്യേട്ടാ.......... എന്നെ ഇങ്ങനെ ധര്‍മ്മ സങ്കടത്തിലാക്കിയാലുണ്ടല്ലോ........ഞാന്‍ ഈ സോപ്പും വെള്ളം ഉണ്ണ്യേട്ടന്റെ തലയിലേക്കൊഴിക്കും..............”
അത്ര ധൈര്യം ഉണ്ടോ നിനക്ക്..... ന്നാ ഒന്ന് കാണട്ടെ..........? ഇനി അത് കഴിഞ്ഞിട്ട് മതി കഥ പറച്ചില്‍..........
“ഉണ്ണ്യേട്ടാ.........വിട്......... എന്നെ തല്ലല്ലേ.......... “
ഉണ്ണി മിനിക്കുട്ടിയെ പറമ്പ് മുഴുവന്‍ ഓടിച്ചുപിടിച്ചു... കയ്യില്‍ കിട്ടിയ മുളം കമ്പെടുത്തു രണ്ട് നല്ല അടി കൊടുത്തു. മിനിക്കുട്ടിയുടെ വെളുത്തു തുടുത്ത കവിള്‍ ചുവന്നു.. കണ്ണുകള്‍ കലങ്ങി....... വിതുമ്പാന്‍ തുടങ്ങി............
“മിനിക്കുട്ടീ.................?
മിനിക്കുട്ടി വിളി കേട്ടില്ലാ........
മിനിക്കുട്ടി വാകമരത്തണലില്‍ നിന്ന് കരയാന്‍ തുടങ്ങി.. കുട്ടിപ്പട്ടാളം ഓടിക്കൂടി.......... കരയുന്ന മിനിക്കുട്ടിയെ കൂകി വിളിച്ചു.....
“ഉണ്ണി വല്യച്ചാ എന്താ മിനിച്ചേച്ചി കരേണ്...?
എനിക്കൊന്നുമറിയില്ലാ മക്കളെ...........
മിനിക്കുട്ടി സാവധാനം മുഖമൊക്കെ തുടച്ച് ഉണ്ണിയുടെ അടുത്ത് വന്നിരുന്നു.
“ഞാന്‍ തമാശക്ക് പറഞ്ഞതല്ലേ ഉണ്ണ്യേട്ടാ സോപ്പും വെള്ളം തലയിലൊഴിക്കുമെന്നൊക്കെ..........?.. അതിനെന്നെ എന്താ കാണിച്ചേ വാക മരത്തണലില്‍ വെച്ച്...........”
“രണ്ടടി തന്നൂച്ച് അന്റെ മേല് നീരൊന്നും വന്നില്ലല്ലോ.....?
“ന്നെ അടിക്ക മാത്രെ ചെയ്തുള്ളൂ..............?!
“നിക്ക് ന്റെ ഉണ്ണ്യേട്ടനെ ദ്വേഷ്യമൊന്നുമില്ലാ.............
“കഥയുടെ ബാക്കി പറാ ഉണ്ണ്യേട്ടാ....... എങ്ങിനെയാ മൂക്കിന്മേല്‍ പരിക്ക് പറ്റിയേ..”
ഞാന്‍ നിരങ്ങി നിരങ്ങി.....ലക്ഷ്മിക്കുട്ടിയെ നോക്കി നോക്കി ആ പൊന്തക്കാട്ടീന്ന് കൊളത്തിലേക്ക് പ്ടൂം ന്നൊരൊച്ചയോടെ അങ്ങ്ട്ട് വീണു...........
“ന്നിട്ട് എന്തുണ്ടായീ.......... ഉണ്ണ്യേട്ടാ.......... പറാ വേഗം............”
{ശേഷം ഭാഗങ്ങള്‍ താമസിയാതെ വരും}